
അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമായി സർ സിപിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി നാടിന്റെ വിമോചന പോരാട്ടത്തെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച രക്ത നക്ഷത്രങ്ങളുടെ സ്‌മൃതി മണ്ഡപം ഒരുങ്ങി വിപ്ലവ സൂര്യനെ ഏറ്റുവാങ്ങാൻ. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാരം നാളെ ആലപ്പുഴ വലിയ ചുടുകാട്ടിൽ നടക്കും. വയലാർ രക്തസാക്ഷി ദിനത്തിൽ മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ റിലേ ആരംഭിക്കുന്നത് വലിയ ചുടുകാട്ടിൽ നിന്നാണ്. നാല് വർഷം മുമ്പ് രോഗാവസ്ഥയിൽ ആകുന്നത് വരെ വിഎസ് ആയിരുന്നു ദീപശിഖ തെളിയിച്ച് അത്‌ലറ്റുകൾക്ക് കൈമാറിയിരുന്നത്. അമേരിക്കന്‍ മോഡലിനെതിരെയും സ്വതന്ത്ര തിരുവിതാംകൂറിനും വേണ്ടി ജീവന്‍നല്‍കി പൊരുതിയ പുന്നപ്രയിലെ ധീരന്മാർ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് ഊടും പാവും നെയ്‌ത ജനനേതാക്കള്‍ എന്നിവർക്കൊപ്പം ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ഇനി വിഎസ് എന്ന സമരേതിഹാസത്തിന്റെ സ്മരണകളും അലകടല്‍ പോലെ ആര്‍ത്തിരമ്പും. പുന്നപ്ര രക്തസാക്ഷികളും പി കൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്തിയുറങ്ങുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം കമ്മ്യൂണിസ്റ്റുകാരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഇത്രയധികം രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും ഓര്‍മ്മകള്‍ പങ്കിടുന്ന മറ്റൊരു ചരിത്രസ്മാരകവുമില്ലെന്നത് വലിയ ചുടുകാടിനെ വേറിട്ട് നിര്‍ത്തുന്നു.
പുന്നപ്ര സമരത്തിൽ പങ്കെടുത്ത് വെടിയേറ്റ് മരിച്ചവരെയും ഭാഗികമായി ജീവന്‍നഷ്ടപ്പെട്ടവരെയും വലിയചുടുകാടില്‍ എത്തിച്ചശേഷം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. സര്‍ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് ചിതറിത്തെറിച്ച രക്തസാക്ഷികളുടെ പച്ചമാംസത്തിന്റെ ഗന്ധം ഇപ്പോഴും അലയടിക്കുന്നുണ്ട് ഈ വിപ്ലവഭൂമിയില്‍. സിപിഐ സംസ്ഥാന സെക്രട്ടറിമാരായിരുന്ന പി കൃഷ്‌ണപിള്ള, എം എന്‍ ഗോവിന്ദന്‍നായര്‍, എസ് കുമാരന്‍, സി കെ ചന്ദ്രപ്പന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ആര്‍ സുഗതന്‍, ടി വി തോമസ്, പി ടി പുന്നൂസ്, ജോര്‍ജ്ജ് ചടയംമുറി, പി കെ ചന്ദ്രാനന്ദന്‍, കെ ആർ ഗൗരിയമ്മ, പി കെ പത്മനാഭന്‍, ടി വി രമേശ് ചന്ദ്രന്‍, എം കെ സുകുമാരന്‍, സി ജി സദാശിവന്‍, എന്‍ ശ്രീധരന്‍, വി എ സൈമണ്‍ ആശാന്‍, കെ സി ജോര്‍ജ്, വി കെ വിശ്വനാഥന്‍, പി കെ കുഞ്ഞച്ചന്‍, കെ കെ കുഞ്ഞന്‍, സി കെ കേശവന്‍, എം ടി ചന്ദ്രസേനന്‍, എസ് ദാമോദരന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഓർമ്മകളും ഈ ചരിത്ര ഭൂമിയെ സമ്പന്നമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.