
ന്യൂയോർക്ക് മേയറായി സൊഹ്റാന്‍ മംദാനി വിജയിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ട്രംപിന്റെയും ഇസ്രയേൽ പ്രാധനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെ ശ്രദ്ധേയനാണ് മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ “കമ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. വാടക മരവിപ്പിക്കൽ, സൗജന്യ സിറ്റി ബസ് യാത്ര, ധനികർക്ക് അധിക നികുതി തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് 35കാരനായ സൊഹ്റാൻ. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ ‘അമ്മ മീര നായര്‍.

റാപ്പറും എഴുത്തുകാരനുമെല്ലാമായ സൊഹ്റാൻ ജപ്തി ഭീഷണി നേരിട്ടിരുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ നടത്തിയാണ് പൊതുശ്രദ്ധയിലേക്ക് വരുന്നത്. 2020ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഏതാനം നാളുകൾക്ക് മുൻപ് ഫെഡറല്‍ ഏജന്‍സികള്‍ അമേരിക്കൻ നഗരങ്ങളില്‍ റെയ്ഡുകളും കൂട്ട അറസ്റ്റും നടത്തിയിരുന്നു. വലിയ പ്രതിഷേധമാണ് ഈ നീക്കത്തിനെതിരെ ഉയർന്നത്. ലോസ് ആഞ്ജലീസും ന്യൂയോര്‍ക്കും പോലുള്ള വന്‍നഗരങ്ങളില്‍ ജനം തെരുവിലിറങ്ങി. ഒട്ടേറെ പേരെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ന്യൂയോര്‍ക്കില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നൽകിയത് മുപ്പത്തിമൂന്നുകാരനായ ഒരു ജനപ്രതിനിധി ആയിരുന്നു. ട്രംപ് അമേരിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്ന് പറഞ്ഞ ആ യുവാവിന് പിന്നിൽ ആയിരങ്ങൾ അണിനിരന്നു. സൊഹ്റാൻ മംദാനി എന്ന് പേരുള്ള ആ യുവാവ് ഇന്ന് അമേരിക്കയുടെയാകെ ശ്രദ്ധാകേന്ദ്രമാണ്.

ന്യൂയോർക്ക് തെരഞ്ഞെടുപ്പിന്റെ തലേന്ന് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി സോഹ്റാൻ മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്ക് ഏറ്റവും കുറഞ്ഞ ഫെഡറൽ ഫണ്ടേ അനുവദിക്കൂ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വിജയസാധ്യത കുറവായതിനാൽ, ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനിയോട് പരാജയപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ആൻഡ്രൂ കുമോയ്ക്കുവേണ്ടിയാണ് ട്രംപ് പരസ്യമായി വാദിച്ചത്. ഈ എതിർപ്പുകളെല്ലാം തള്ളിക്കളഞ്ഞാണ് മംദാനി ചരിത്രവിജയം നേടിയത്.

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്‌റാൻ ജനിച്ചതും തന്റെ കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. 2018ൽ അമേരിക്കന്‍ പൗരത്വം ലഭിച്ചു. ഈ വര്‍ഷം തുടക്കത്തിലായിരുന്നു സിറിയന്‍ കലാകാരിയായ റാമ ദുവാജിയുമായിട്ടുള്ള അദ്ദേഹത്തിന്റെ വിവാഹം. പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിന്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളാണ് സൊഹ്‌റാനെതിരെ പ്രവർത്തിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രേരിപ്പിച്ചത് . ഗാസയിലെ വംശഹത്യക്ക് സഹായം നൽകുന്നതിനെ സൊഹ്‌റാൻ എതിർത്തിരുന്നു. ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് സൊഹ്‌റാൻ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.