
സംസ്ഥാനത്തെ തൊഴിൽ‑നൈപുണ്യ മേഖലയിൽ ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കി ജർമ്മൻ നിക്ഷേപം എത്തുന്നു. ജർമ്മനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്മയായ ‘നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി’ കേരളത്തിൽ 9,000 കോടി രൂപയുടെ (ഒരു ബില്യൺ യൂറോ) നിക്ഷേപം നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും കേരള സ്റ്റാർട്ടപ്പ് മിഷനും ജർമനിയിലെ നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയും ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാനത്ത് 300 പുതിയ ‘ഡീപ് ടെക്’ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ഈ പദ്ധതി സഹായകമാകും.
ആറാഴ്ച മുൻപ് ജർമ്മനിയിൽ നിന്നെത്തിയ 27 അംഗ നിക്ഷേപക സംഘവുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ വിജയമാണിത്. തൊഴിൽ മന്ത്രിയും ധനകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും പൂർണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ആ ചർച്ചകളുടെ തുടർച്ചയായാണ് ഇപ്പോൾ വൻ നിക്ഷേപം കേരളത്തിലേക്ക് എത്തുന്നത്.
നൈപുണ്യ പരിശീലനം എല്ലാവരിലേക്കും എത്തിക്കാനും അതുവഴി നാട്ടിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യത്തിനുള്ള അംഗീകാരമാണിതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നൂതന സാങ്കേതികവിദ്യയിലൂന്നിയ ഡീപ് ടെക് കമ്പനികൾ വരുന്നതോടെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് തൊഴിലിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ, സ്വന്തം നാട്ടിൽ തന്നെ മികച്ച അവസരങ്ങൾ ലഭിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.