13 December 2025, Saturday

ഭയപ്പെടുത്തിയ നൂറു വര്‍ഷങ്ങള്‍; ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനം

Janayugom Webdesk
August 30, 2025 5:00 am

ർഎസ്എസിന്റെ നൂറുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മേധാവി മോഹൻ ഭാഗവതിന്റെ മാധ്യമസമ്മേളനത്തിലെ പ്രസ്താവന അപ്രതീക്ഷിതമല്ല; പുതിയതുമല്ല. ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സന്നദ്ധ സംഘടന (എൻജിഒ) എന്ന് വിശേഷിപ്പിച്ചാണ്, രാജ്യത്തിനായുള്ള സമർപ്പിത സേവനത്തിനെന്നുപറഞ്ഞ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആർഎസ്എസിനെ പ്രശംസിച്ചത്. എന്നാൽ നൂറു വർഷത്തെ തങ്ങളുടെ പ്രവർത്തന കാലയളവിൽ എന്തായിരുന്നുവെന്നും എന്തല്ലായിരുന്നുവെന്നും വ്യക്തമാക്കുന്നതിനുപകരം തങ്ങളുടെ പിന്തിരിപ്പൻ ആശയങ്ങൾ ആവർത്തിക്കുകയാണ് ഭാഗവത് ചെയ്തത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാലയളവിലും അതിന് പിന്നീട് രാഷ്ട്ര നിര്‍മ്മിതിയിലും തങ്ങളുടെ പങ്ക് എന്തായിരുന്നുവെന്ന് വിശദീകരിക്കുന്നതിന് പകരം തങ്ങളുടെ രാഷ്ട്രീയ ഘടകമായ ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യേണ്ടതെന്ന് ധ്വനിപ്പിക്കുന്ന ചില കാര്യങ്ങൾ അദ്ദേഹം മുന്നോട്ടുവയ്ക്കുകയാണ്. അവയെല്ലാം രാജ്യത്ത് നിലവിലുള്ള മതേതരത്വം, ജനാധിപത്യം, പുരോഗമന നടപടികൾ എന്നീ അടിസ്ഥാനഘടകങ്ങളെ നിരാകരിക്കുന്നതും ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണ് എന്നിടത്ത് ഭാഗവതിന്റെ വാക്കുകൾ ആശങ്ക മാത്രമല്ല ഭയവുമുണ്ടാക്കുന്നു. 

കാശി, മഥുര വിഷയങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞ ഭാഗവത് പക്ഷേ സ്വയം സേവകര്‍ക്ക് അത് ചെയ്യാമെന്ന നിര്‍ദേശം നല്‍കിക്കൊണ്ട് സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന സൂചനയും നല്‍കുന്നുണ്ട്. മറ്റ് മൂന്ന് വിഷയങ്ങളാണ് അദ്ദേഹം മാധ്യമങ്ങളോടുള്ള തന്റെ സംഭാഷണത്തിൽ എടുത്തുപറയുന്നത്. ജനസംഖ്യ, നുഴഞ്ഞുകയറ്റം, വിദ്യാഭ്യാസരംഗത്ത് പിന്തുടരേണ്ട പാരമ്പര്യങ്ങൾ എന്നിവ. ജനസംഖ്യാവർധനയ്ക്ക് കാരണം ചില പ്രത്യേക മതങ്ങളാണെന്ന ധ്വനി നിലനിർത്തിക്കൊണ്ട് ഒരു കുടുംബത്തില്‍ മൂന്നിൽ താഴെ ജനനനിരക്കുള്ള സമൂഹങ്ങൾ വംശനാശം സംഭവിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നതായി ഭഗവത് സൂചിപ്പിക്കുന്നു. അതിനാൽ, മൂന്നിൽ കൂടുതൽ ജനനനിരക്ക് നിലനിർത്തണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്യുന്നു. അത് എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ളതല്ലെന്നും ഹിന്ദുകുടുംബങ്ങള്‍ക്കുള്ള ഉപദേശമാണെന്നും വ്യക്തമാണ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ നേരത്തെയും ആർഎസ്എസിൽ നിന്നുണ്ടായിരുന്നതും വാസ്തവവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടിരുന്നതുമാണ്. ബിജെപി സർക്കാരിന്റെ കേന്ദ്ര ഏജൻസികളുടെ കണക്കുകളെ ആശ്രയിച്ചായിരുന്നു അത്. 2019–21ലെ ദേശീയ കുടുംബാരോഗ്യ സർവേയാണ് ഇതിന് അവലംബമായി സ്വീകരിച്ചിട്ടുള്ളത്. ഭാഗവത് പറയുന്നതുപോലെ മുസ്ലിങ്ങളിൽ മൂന്നിലധികം കുട്ടികളില്ലെന്നും ഹിന്ദു-മുസ്ലിം ജനന നിരക്കിലെ (ടിഎഫ്ആർ) വ്യത്യാസം 0.42 മാത്രമാണെന്നുമാണ് പ്രസ്തുത റിപ്പോർട്ടിലുള്ളത്. ഹിന്ദു 1.94, മുസ്ലിമിന് 2.36 എന്നാണ് നിരക്ക്. ഇതേ നിരക്കിൽ പോകുകയാണെങ്കിൽ 2030ഓടെ ഏകീകരിക്കപ്പെടാമെന്നും പഠനങ്ങൾ വരികയുണ്ടായി. എന്നിട്ടും ഒരുസമുദായത്തെ അപരവൽക്കരിക്കുന്നതിനുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ കാരണങ്ങളിൽ പ്രധാനം മതപരിവർത്തനമാണെന്നും അത് ഇന്ത്യൻ പാരമ്പര്യങ്ങളുടെ ഭാഗമല്ലെന്നും അദ്ദേഹം പറയുന്നു. നുഴഞ്ഞുകയറ്റം മറ്റൊരു പ്രശ്നമാണെന്ന് പറഞ്ഞും അദ്ദേഹം മുസ്ലിങ്ങളെയാണ് പ്രതിസ്ഥാനത്തുനിർത്തുന്നത്. അത് തടയാൻ സർക്കാരിന് കഴിയും. നുഴഞ്ഞുകയറ്റക്കാർക്ക് തൊഴിൽ നൽകാതെ പൗരന്മാര്‍ക്കും സഹായിക്കാനാകണം. നമ്മുടെ രാജ്യത്ത് നിന്നുള്ള ആളുകളെ നാം നിയമിക്കണം. നമ്മുടെ രാജ്യത്തും മുസ്ലിങ്ങളുണ്ട്, മുസ്ലിങ്ങളെ ജോലിക്കെടുക്കണമെങ്കിൽ അവരെ എടുക്കണം, എന്തിനാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അത് നല്‍കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് നുഴഞ്ഞുകയറ്റക്കാർ മുഴുവൻ മുസ്ലിങ്ങളാണെന്ന് സ്ഥാപിക്കുവാൻ അദ്ദേഹം ശ്രമിക്കുന്നത്. 

അതേസമയം യുഎസിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയവരിൽ കൂടുതല്‍ ഗുജറാത്തികളാണെന്നും അതിൽത്തന്നെ ഭൂരിപക്ഷം ഹിന്ദുക്കളാണെന്നുമുള്ള വസ്തുത അദ്ദേഹം വിസ്മരിക്കുന്നു. 2019നും 23നുമിടയിൽ ഏകദേശം 1.49 ലക്ഷം ഇന്ത്യക്കാരെ യുഎസില്‍ അനധികൃത നുഴഞ്ഞുകയറ്റത്തിനിടെ പിടികൂടി എന്നത് ഔദ്യോഗിക കണക്കാണ്. അതിന്റെ പേരിൽ ഇന്ത്യക്കാർ മുഴുവൻ നുഴഞ്ഞുകയറ്റക്കാരാണെന്ന് ആരോപിച്ചാൽ അത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. എന്നുമാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും അധികൃതമായോ അല്ലാതെയോ എത്തിയ ദശലക്ഷക്കണക്കിന് പേര്‍ ജോലിയെടുത്ത് ജീവിക്കുന്നുണ്ട്. ലോകം പരസ്പരാശ്രിതമാണെന്ന അനിവാര്യത കൊണ്ട് സംഭവിക്കുന്നതാണിത്. എന്നാല്‍ തങ്ങളുടെ സങ്കുചിതമായ ദേശീയബോധത്തിന്റെ അടിസ്ഥാനത്തില്‍ ആ യാഥാര്‍ത്ഥ്യത്തെ മാത്രമല്ല, വസുധൈവ കുടുംബകം എന്ന ഉപനിഷത് സങ്കല്പത്തെയും ഭാഗവത് റദ്ദ് ചെയ്യുകയാണ്. അതിലാകട്ടെ അധികാരാർത്തി എന്നതിനപ്പുറം ആത്മീയതയുടെ അംശമേതുമില്ല. അതുപോലെ തന്നെ മതേതരത്വവും ജനാധിപത്യവും പുരോഗമനചിന്തയും അടിത്തറയായ വിദ്യാഭ്യാസസംവിധാനത്തെ പുരാതനരീതികളിലേയ്ക്ക് തിരികെക്കൊണ്ടുപോകണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. ഗുരുകുല പഠനരീതി, സംസ്കൃതത്തിന് പ്രാമുഖ്യം തുടങ്ങിയവയാണ് മുന്നോട്ടുവച്ചിരിക്കുന്ന പഠനരീതി. അത് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെ പിറകോട്ട് നയിക്കുമെന്നതില്‍ സംശയമില്ല. ഈ വിധം നൂറുവര്‍ഷമായി തുടരുന്ന വിഭാഗീയതയുടെയും പിന്തിരിപ്പന്‍ ആശയങ്ങളുടെയും തനിയാവര്‍ത്തനം തന്നെയായിരിക്കും തങ്ങളുടെ ഭാവി പ്രവര്‍ത്തനവും എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി ബിജെപിയാണ് അധികാരത്തിലുള്ളത് എന്നതിനാല്‍ ഇത് കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.