23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ഇനി വിട്ടുവീഴ്ചയില്ല; വി ഡി സതീശനെതിരെ എ‑ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്

പരാതികള്‍ ഹൈക്കമാന്‍ഡിലേക്ക്
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
June 9, 2023 9:28 pm

സംസ്ഥാനത്ത് കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി എ‑ഐ ഗ്രൂപ്പുകള്‍ രംഗത്ത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങളാണ് മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങളിലൂടെ ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്. പാര്‍ട്ടി പിടിച്ചടക്കാനുള്ള വി ഡി സതീശന്റെ നീക്കങ്ങള്‍ കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണെന്നാണ് നേതാക്കളുടെ ആരോപണം. കെപിസിസി പ്രസിഡന്റിനെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ ഗ്രൂപ്പുകളെയെല്ലാം ഒതുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നും നേതാക്കള്‍ പറയുന്നു.

പ്രതിപക്ഷ നേതാവായി സ്ഥാനം ലഭിച്ചത് മുതലുള്ള വി ഡി സതീശന്റെ ഇടപെടലുകളെല്ലാം മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിന് കാരണമായിരുന്നു. മറ്റെല്ലാ നേതാക്കളെയും അപ്രസക്തരാക്കിക്കൊണ്ട്, ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന വി ഡി സതീശനെതിരെ ഇനി വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചാണ് ഭിന്നതകളെല്ലാം മറന്ന് എ‑ഐ ഗ്രൂപ്പുകൾ കൈകോർത്തത്. രമേശ് ചെന്നിത്തല, എം എം ഹസൻ, കെ സി ജോസഫ്, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എം കെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കള്‍ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മാസ്കറ്റ് ഹോട്ടലിലായിരുന്നു യോഗം. അടുത്തയാഴ്ച നേതാക്കൾ ഒരുമിച്ച് ഡല്‍ഹിയിലെത്തി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നൽകാനാണ് തീരുമാനം.
172 ബ്ലോക്ക് പ്രസിഡന്റുമാരെ ചർച്ചയിലൂടെ തീരുമാനിച്ചപ്പോൾ തർക്കം വന്ന ബാക്കി സ്ഥാനങ്ങളിൽ ഏകപക്ഷീയ തീരുമാനമെടുത്തെന്നാണ് ആക്ഷേപം. ഉപസമിതി നേതൃത്വത്തിന് വിട്ട പേരുകളിൽ സുധാകരൻ ചർച്ചക്ക് ഒരുക്കമായിട്ടും പിടിവാശി സതീശനായിരുന്നു എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സുധാകരന്റെ ആരോഗ്യ പ്രശ്നങ്ങൾ മുതലാക്കി ഇഷ്ടക്കാരെ വയ്ക്കുന്നുവെന്നും, ഗ്രൂപ്പുകളില്‍ നിന്നും ആളുകളെ പുറത്തെത്തിച്ച് ഒപ്പം നിർത്തുന്നുവെന്നുമുള്‍പ്പെടെയാണ് സതീശനെതിരെയുള്ള ആരോപണങ്ങള്‍. എന്നാല്‍ തീരുമാനങ്ങളെല്ലാം കെപിസിസി പ്രസിഡന്റിന്റേതാണെന്നാണ് വി ഡി സതീശന്‍ അനുകൂലികളുടെ വാദം.

എ‑ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിന് പിന്നാലെ ഐ ഗ്രൂപ്പ് തലവനായ രമേശ് ചെന്നിത്തലയുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൈക്കമാൻഡ് ഇടപെടണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് രമേശ് ചെന്നിത്തല. തുടര്‍ന്ന്, എ ഗ്രൂപ്പിന്റെ ഭാഗമായ എം എം ഹസനോടും കെ സുധാകരൻ സംസാരിച്ചു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതികളിൽ ഹൈക്കമാൻഡിൽ നിന്നും മറുപടി ലഭിക്കട്ടെയെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ വിളിക്കുമ്പോൾ വരേണ്ടത് പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കടമയാണെന്നാണ് ചർച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. വിളിച്ചതിൽ സന്തോഷമുണ്ടെന്നും പരിഹാരമുണ്ടാകുമോ എന്ന് നോക്കാമെന്നും ചെന്നിത്തല പറഞ്ഞു. വിഷയങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തുടര്‍ന്നുള്ള കാര്യങ്ങള്‍ അതിനുശേഷം നോക്കാമെന്നും ചെന്നിത്തല പറഞ്ഞു.

സതീശനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡിസിസി പ്രസിഡന്റ് പാലോട് രവിക്കുമെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. കോൺഗ്രസ് പാർട്ടി പദവികൾ ലേലം വിളിച്ച് വിറ്റ പാലോടൻ ആന്റ് പറവൂരാൻ കമ്പനി തുലയട്ടെയെന്നാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലുള്ള പോസ്റ്ററിലുള്ളത്. ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിലെ എതിർപ്പ് പരസ്യമാക്കി ഉള്ളൂർ ബ്ലോക്കിൽ നേതാക്കൾ ഉൾപ്പെടെ 800 പേർ രാജിവച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കൾക്കെതിരെ പോസ്റ്ററുകൾ കൂടി തലസ്ഥാന നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്.

Eng­lish Sum­ma­ry: AI Groups against VD Satheesan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.