23 December 2024, Monday
KSFE Galaxy Chits Banner 2

കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്

യെസ്‍കെ
May 16, 2023 4:10 am

കർണാടകയിലെ ബിജെപിയുടെ പരാജയം മതേതര മനസുള്ളവര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ദക്ഷിണേന്ത്യയില്‍ സംഘ്പരിവാര്‍ ഭരണത്തിലുണ്ടായിരുന്ന ഏക സംസ്ഥാനത്ത് നടമാടിയ നഗ്നമായ അഴിമതിക്കും വർഗീയതയ്ക്കും എതിരായിരുന്നു ജനവിധി എന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിനെ സാമുദായിക വിഭജനവേദിയാക്കാനുള്ള മോഡി-ഷാ-യോഗി ത്രയത്തിന്റെ ഒരു ശ്രമവും ഫലവത്തായില്ല. ഗത്യന്തരമില്ലാതെ ‘ബജ്റംഗ് ബലി‘യെ വിളിച്ചുകൊണ്ടുള്ള അവസാന അടവും പരാജയപ്പെട്ടു. ദയാവാനും ക്ഷമാശീലനുമായി ഹിന്ദുവിശ്വാസികള്‍ കരുതുന്ന ബജ്റംഗ് ബലി സംഘ്പരിവാറിന് ശക്തമായ പ്രഹരം ഏല്പിച്ചു. എത്ര കടുത്ത ഹിന്ദുത്വം വിളമ്പിയാലും അത് മൂന്നിലാെന്ന് വോട്ടർമാരിൽ കൂടുതൽ പേരെ ബാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപിക്ക് ലഭിച്ച 36 ശതമാനം വോട്ടിനപ്പുറമുള്ള 64 ശതമാനം ‘മതേതര’ മനസുള്ളവരാണെന്ന് ഉറപ്പിക്കാനായി. ബിജെപിയെ അധികാരത്തിലെത്തിക്കുന്ന ഭിന്നിച്ച പ്രതിപക്ഷത്തിന് ഇ തൊരു പാഠമാണ്.

1952 മുതൽ നടന്ന 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒമ്പതെണ്ണത്തില്‍ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയ സംസ്ഥാനത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയായ ജനതാദളിന് രണ്ട് തവണ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ബാക്കിയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 2008ൽ ഒരു എംഎൽഎയുടെ കുറവുണ്ടായിരുന്നെങ്കിലും സ്വതന്ത്രർക്കൊപ്പം ബിജെപി സർക്കാർ രൂപീകരിച്ചു. 2018ൽ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി ബിജെപി സർക്കാർ രൂപീകരിച്ചത് നെറികെട്ട രാഷ്ട്രീയക്കളിയിലൂടെയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം കര്‍ണാടകയില്‍ ഒരിക്കലും വ്യക്തമായ മേല്‍ക്കെെ നേടിയിട്ടില്ല എന്നര്‍ത്ഥം. 113 എന്ന ലക്ഷ്മണരേഖ അവരിതുവരെ നേരെ കടന്നിട്ടില്ല. കഴിഞ്ഞതവണ ജനങ്ങൾ പൊതുവെ ബിജെപിക്കല്ല, യെദ്യൂരപ്പയ്ക്കാണ് വോട്ട് ചെയ്തത്. ‘ലിംഗായത്ത് മണ്ഡലം’ ‘ഹിന്ദുത്വ മണ്ഡല’ത്തെക്കാൾ ശക്തമാണ്. ലിംഗായത്ത് വോട്ട് ബാങ്കിനപ്പുറം മറ്റ് ജാതികളെയും മതവിഭാഗങ്ങളെയും പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് അദ്ദേഹം പിന്തുടർന്നത്. അതിനാൽ, മറ്റ് സമുദായങ്ങളെ ഭീഷണിപ്പെടുത്തുന്നതോ സമൂഹത്തെ ധ്രുവീകരിക്കുന്നതോ ആയ തീവ്രവാദ നിലപാട് അദ്ദേഹം ഒഴിവാക്കിയിരുന്നു. ഹലാൽ, ഹിജാബ്, അസാൻ, ലൗജിഹാദ് വിഷയങ്ങൾ താന്‍ മുഖ്യമന്ത്രിയായിരിക്കേ ആരും ഉന്നയിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. പക്ഷേ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഗുജറാത്ത് മോഡലും യുപി മോഡലും അടിച്ചേൽപ്പിക്കുകയായിരുന്നു ബിജെപിയുടെ ദേശീയ നേതൃത്വം. എന്നിട്ടും 2018ൽ ലഭിച്ച അതേ വോട്ട് വിഹിതം (36 ശതമാനം) ബിജെപി നേടിയെന്നത് ശ്രദ്ധേയമാണ്. 36 സീറ്റുകൾ നഷ്ടപ്പെട്ടിട്ടും വോട്ട് വിഹിതം കുറഞ്ഞില്ല. ചില പ്രദേശങ്ങളിൽ വോട്ട് കുറഞ്ഞപ്പോള്‍ മറ്റുചിലയിടത്ത് വര്‍ധിച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ബംഗളൂരുവിലും (41.4–46.4 ശതമാനം), പഴയ മൈസൂരിലും (18- 22.1 ശതമാനം) ആണ് വർധിച്ചത്. ഈ മേഖലകളിലായി 85 സീറ്റുകളാണുള്ളത്. പക്ഷേ പഴയ മൈസൂർ മേഖലയിൽ കോൺഗ്രസ് ബിജെപിയെക്കാള്‍ നേട്ടമുണ്ടാക്കി. ബംഗളൂരുവില്‍ 15 സീറ്റുകൾ നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞു. ഈ രണ്ട് മേഖലകളിലും ജെഡിഎസിനാണ് വോട്ട് കുറഞ്ഞത്. 2018ൽ 18.6 ശതമാനമായിരുന്ന ജെഡിഎസ് വോട്ടു വിഹിതം ഇത്തവണ 13.3 ശതമാനമായി. ജനതാദൾ ജെ ഡി (എസ്), ജനതാദൾ (യുണൈറ്റഡ്) എന്നിങ്ങനെ പിളർന്നതിനെത്തുടർന്ന് 1999ൽ 10.42 ശതമാനം വോട്ടുകൾ നേടിയതായിരുന്നു ജെഡിഎസിന്റെ എക്കാലത്തെയും മോശം പ്രകടനം.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അടിത്തറ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ബിജെപിക്ക് ആശ്വസിക്കാം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് കണക്കിലെടുക്കുകയും ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങള്‍ പ്രതിപക്ഷം ഒരുക്കുകയും വേണം. കർണാടകയ്ക്ക് രാഷ്ട്രീയത്തിന്റെ തനത് ചരിത്രവും പാരമ്പര്യവും ഉണ്ട്. അത് പൊതുവെ ദരിദ്രർക്ക് അനുകൂലവും സോഷ്യലിസ്റ്റ് ചിന്തയുമായി ബന്ധപ്പെട്ടതുമാണ്. മഹാത്മാഗാന്ധിക്കും മാർക്സിനും മുൻകാലങ്ങളിൽ സ്വാധീനമുണ്ടായിരുന്നു. ജവഹർലാൽ നെഹ്രു, അംബേദ്കര്‍, റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ തുടങ്ങിയ സോഷ്യലിസ്റ്റുകളെയും കര്‍ണാടക സ്വീകരിച്ചിരുന്നു. ഇന്ദിരാഗാന്ധിയെയും പലതവണ വിജയിപ്പിച്ചത് കന്നടനാടാണ്. ശാന്തവേരി ഗോപാല ഗൗഡ, കെ എച്ച് രംഗനാഥ്, ജെ എച്ച് പട്ടേൽ, രാമകൃഷ്ണ ഹെഗ്ഡെ, എച്ച് ഡി ദേവഗൗഡ ഏറ്റവും പ്രധാനപ്പെട്ട ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ ദേവരാജ് അർസ് എന്നിവരെല്ലാം സോഷ്യലിസത്തോടും മതേതരത്വത്തോടും പ്രതിജ്ഞാബദ്ധരായിരുന്നു. 1956ൽ രൂപീകൃതമായതിന് ശേഷം കർണാടകയിലെ സര്‍ക്കാരുകള്‍ നയങ്ങളിലൂടെയും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയും പൊലീസ് സേനയുടെ ഉപയോഗത്തിലൂടെയും ന്യൂനപക്ഷ സമുദായത്തോട് ഇതുവരെ കാണിച്ചിട്ടില്ലാത്ത വിവേചനമാണ് ബൊമ്മെെ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ബജ്റംഗ്‍ദൾ, രാമസേന തുടങ്ങിയ തീവ്രഹിന്ദുത്വ സംഘങ്ങളാണ് മംഗളൂരുവിലുള്‍പ്പെടെ ന്യൂനപക്ഷങ്ങളെ പതിവായി ആക്രമിച്ചത്. രാമസേനയുടെ സദാചാര പൊലീസിങ്ങിനെ ബൊമ്മൈ സർക്കാർ ന്യായീകരിച്ചു. മതേതര വോട്ടർമാരിൽ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ എന്നിവരിൽ പ്രതീക്ഷയും ആത്മവിശ്വാസവും വളർത്തുക എന്നതാണ് കോൺഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കടമ. 2014 മുതൽ, ഹിന്ദുത്വത്തിന്റെ ഭൂതം ന്യൂനപക്ഷങ്ങളെ പലതരത്തിൽ വേട്ടയാടിയിട്ടുണ്ട്. കർണാടകയിൽ നിന്ന് ബജ്റംഗ്‍ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ കോൺഗ്രസിന് കഴിയുമോ എന്ന് കണ്ടറിയണം. ഹിന്ദുത്വയെ എതിർക്കുന്നതിൽ കോണ്‍ഗ്രസിന്റെ നിലപാട് വളരെ മൃദുവാണെന്ന് ചരിത്രം നമ്മോട് പറയുന്നു.

Eng­lish Sam­mury: janayu­gom arti­cle; Kar­nata­ka; A les­son for the opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.