15 November 2024, Friday
KSFE Galaxy Chits Banner 2

ആയുസ് പകുത്ത് നല്‍കാം; എംടിയെ തേടിയൊരു കത്ത്

നിഖില്‍ എസ് ബാലകൃഷ്ണന്‍
കൊച്ചി
July 18, 2023 11:42 am

ലോകമെമ്പാടും ആരാധകരുള്ള എഴുത്തുകാരനാണ് മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍. ലക്ഷോപലക്ഷം ആരാധകരില്‍ നിന്ന് പക്ഷെ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയിലെ ആര്‍ സജീവന്‍ അല്‍പ്പം വേറിട്ട് നില്‍ക്കും. എംടിക്ക് വേണ്ടി ആയുസിന്റെ പകുതിവരെ പകുത്ത് നല്‍കാന്‍ തയറായി നില്‍ക്കുന്ന സജീവന്‍ ആ വിവരം കാണിച്ച് സാക്ഷാല്‍ എംടിക്ക് തന്നെ ഒരു കത്തും എഴുതിയിരിക്കുകയാണ്. ജന്മദിനാഘോഷങ്ങളുടെ തിരക്കിലായിരിക്കാം മഹാനായ എഴുത്തുകാരനെന്ന് സജീവന് അറിയാം. എങ്കിലും സജീവന്‍ കാത്തിരിക്കുകയാണ് ഒരു മറുപടിക്ക് വേണ്ടി. സ്‌നേഹം മുഴുവന്‍ നിറഞ്ഞുതുളുമ്പിയ ആ ഒരു പേജ് കത്തില്‍ സജീവന്‍ എംടിക്കായി ഇങ്ങനെ എഴുതി. ഹൈന്ദവ വിശ്വാസ പ്രകാരം ഭൂമിയില്‍ മനുഷ്യന്റെ ആയുസ് തിരുമാനിക്കുന്നത് ബ്രഹ്മാവാണ്. ആ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിച്ചാല്‍ തന്റെ ആയുസിന്റെ പകുതി മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടിക്കായി നല്‍കും. മനസ് നിറഞ്ഞു സജീവന്‍ എഴുതിയ കത്ത് എംടിയെ തേടിയുള്ള യാത്ര തുടങ്ങി കഴിഞ്ഞു. മലയാളമാസപ്രകാരം എംടിയുടെ ജന്മദിനം കര്‍ക്കിടകത്തിലാണ്. മലയാളവും സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേര്‍ന്ന് ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാംകൊണ്ടും മലയാളം ഒരു വര്‍ഷക്കാലം എംടിക്ക് ചുറ്റും കറങ്ങും. അതിനിടയില്‍ ഒരുആരാധകന്റെ ഒരു വരി കത്തിന് എംടി മറുപടി നല്‍കുമോ എന്ന നെറ്റി ചുളിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണ്. ഇത് എംടിയെ സ്‌നേഹക്കുന്ന ഒരു ആരാധകന്റെ മനസാണ്. അത് കഥാകാരന്‍ കണ്ടാലും ഇല്ലെങ്കിലും സ്‌നേഹത്തിന് തെല്ലും മങ്ങലേല്‍ക്കില്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട. ഇത്രയൊക്കെ ആണെങ്കിലും എംടിയെ ഒന്ന് അടുത്ത് കാണാനുള്ള ഭാഗ്യം ഇതുവരെ സജീവനെ തേടി എത്തിയിട്ടില്ല. ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് എംടി കാണുന്നതിന് വേണ്ടി മാത്രം കോഴിക്കോടെയ്ക്ക് വണ്ടി കയറിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല. പതിയെ പതിയെ എംടി പൊതുമണ്ഡലത്തില്‍ നിന്ന് അകലം പാലിച്ചതോടെ നേരിട്ട കാണുക എന്നത് ഇന്നും സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. കര്‍ക്കിടകമാസത്തില്‍ ജന്മദിനം ആഘോഷിക്കുമ്പോള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി എംടിക്കായി പാല്‍പ്പായസം തന്നെ വാങ്ങി എത്തിക്കണമെന്ന് ആലോചിച്ചിരുന്നു. എന്നാല്‍ കോഴിക്കോട്‌വരെ എത്തുന്നതിന് മുമ്പ് പായസം കേടാകാനുള്ള സാധ്യത ക്ഷേത്രകമ്മറ്റിക്കാര്‍ ചൂണ്ടിക്കാട്ടിയയേതാടെ ആ ശ്രമം ഉപേക്ഷിച്ചു. ആ വലിയ എഴുത്തുകാരന്റെ ആയുരാരോഗ്യത്തിനായുള്ള പ്രാര്‍ഥനകള്‍ തന്നെയാണ് ഏറ്റവും വലിയ ജന്മിദന സമ്മാനമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ സജീവനുള്ളത്. നാലുകെട്ട എന്ന നോവലാണ് സജീവനെ എംടിയുടെ ആരാധകനാക്കിയത്. എംടിയുടെ ഏറ്റവും മികച്ച സൃഷ്ടിയായി സജീവന്‍ കാണുന്നതും നാല് കെട്ടിനെ തന്നെ. തിരക്കഥകളില്‍ വടക്കന്‍വീരഗാഥയെ വെല്ലാന്‍ മറ്റൊന്നുമില്ലെന്നുമാണ് ആരാധകന്റെ ഭാഷ്യം. വടക്കന്‍ വീരഗാഥിലെ നെടുനീളന്‍ സംഭാഷണങ്ങള്‍ ഇന്നും സജീവന് കാണാപാഠമാണ്. എംടിയുടെ തിരക്കഥയില്‍ പിറന്ന സിനിമകള്‍ ഒന്നൊഴിയാതെ കണ്ടിട്ടുള്ള സജീവന്‍ ഇന്നും കാത്തിരിക്കുകയാണ്. എംടിയെ ഒരു നോക്ക് കാണാന്‍. ഒരുനോക്ക് കാണാന്‍ മാത്രം.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.