
2026 ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ വിധി നിർണ്ണയിക്കുന്ന നിർണായക മത്സരം നാളെ നടക്കും. കൊളംബോയിലെ സിൻഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ നമീബിയയാണ് പാകിസ്ഥാന്റെ എതിരാളികൾ. ടൂർണമെന്റിൽ നിലനിൽക്കാൻ പാകിസ്ഥാന് നാളെ വിജയം അനിവാര്യമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയോടേറ്റ 61 റൺസിന്റെ കനത്ത തോൽവിയാണ് പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. ഇന്ത്യ ഉയർത്തിയ 175 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്തായിരുന്നു. ഈ പരാജയത്തോടെ പാകിസ്ഥാന്റെ നെറ്റ് റൺറേറ്റ് +0.932ൽ നിന്നും-0.403ലേക്ക് കൂപ്പുകുത്തി. നിലവിൽ നാല് പോയിന്റുള്ള യുഎസ്എയാണ് പാകിസ്ഥാന് ഭീഷണിയായി നിൽക്കുന്നത്.
നമീബിയയെ പരാജയപ്പെടുത്തിയാൽ പാകിസ്ഥാന് 6 പോയിന്റോടെ സൂപ്പർ 8 ഉറപ്പിക്കാം. ഒരുപക്ഷേ മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതോടെ പാകിസ്ഥാൻ 5 പോയിന്റിലെത്തുകയും യുഎസ്എയെ മറികടന്ന് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഇന്ത്യക്കെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ച സീനിയർ താരങ്ങൾക്കെതിരെ ടീം മാനേജ്‌മെന്റ് കർശന നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഏഴ് പന്തിൽ അഞ്ച് റൺസ് മാത്രം നേടിയ ബാബർ അസമും, രണ്ട് ഓവറിൽ 31 റൺസ് വഴങ്ങിയ ഷഹീൻ അഫ്രീദിയും ഇന്നത്തെ അന്തിമ ഇലവനിൽ ഉണ്ടായേക്കില്ല. സീനിയർ താരങ്ങൾക്ക് പകരം യുവതാരങ്ങളായ സൽമാൻ മിർസ, നസീം ഷാ, ഫഖർ സമാൻ, ഖവാജ നഫായി എന്നിവരെ പരീക്ഷിക്കാനാണ് മാനേജ്‌മെന്റ് നീക്കം. ഈ മാറ്റങ്ങൾ വിജയിക്കുകയാണെങ്കിൽ പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളായ ബാബറിന്റെയും ഷഹീന്റെയും ഈ ലോകകപ്പിലെ യാത്ര ഇതോടെ അവസാനിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.