
ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ മെഡിക്കൽ കോളജില്‍ മലയാളി യുവ ഡോക്‌ടറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാറശാല ഇടിച്ചക്കപ്ലാമൂട് വാർഡിൽ ശിവജി ഐടിസിക്ക് സമീപം പാമ്പാടുംകുഴി വീട്ടിൽ ഡേവിഡിന്റെയും ജൂലിയറ്റിന്റെയും മകൻ അഭിഷോ ഡേവിഡി (32) നെയാണ് വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്തെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ (ബിആർഡി) മൂന്നാംവര്‍ഷ പിജി അനസ്തേഷ്യ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10ന് ആശുപത്രിയില്‍ ജോലിക്കെത്തേണ്ടതായിരുന്നു. സമയമായിട്ടും എത്താതായതോടെ സുഹൃത്തുക്കള്‍ നിരവധി തവണ അഭിഷോയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ അവര്‍ കോളജ് ഹോസ്റ്റലിലെ താമസസ്ഥലത്തെ 25-ാം നമ്പര്‍ മുറിയിലെത്തി. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിനോക്കുമ്പോള്‍ കട്ടിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് സൂചിയും സിറിഞ്ചും കണ്ടെത്തി.
ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തേഷ്യക്ക് നല്‍കുന്ന വെക്കുറോണിയം ബ്രോമൈഡ് അമിത അളവില്‍ കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം ഇതാണെന്ന് ഉറപ്പിക്കാനാകൂ എന്ന് പൊലീസും ഡോക്ടര്‍മാരും പറഞ്ഞു. ഈ മരുന്ന് അമിതമായ അളവില്‍ ശരീരത്തിലെത്തിയാല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ മൂന്ന് മിനിറ്റിനകം മരണം സംഭവിക്കും. സെപ്റ്റംബറില്‍ ഫൈനല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അഭിഷോ ഡേവിഡ്. മുറിയില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി 11ന് ഭക്ഷണം കഴിച്ചശേഷം പുലര്‍ച്ചെ രണ്ടുമണിവരെ സഹവിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഠനത്തിലായിരുന്നു. പിന്നീടാണ് ഉറങ്ങാനായി സ്വന്തം മുറിയിലേക്ക് പോയത്. അതുവരെ യാതൊരു തരത്തിലുമുള്ള അസ്വസ്ഥതയും അഭിഷോ പ്രകടിപ്പിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അഭിഷോയുടെ ലാപ്‍ടോപ്പും മൊബൈല്‍ ഫോണുമൊക്കെ പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷം മുമ്പായിരുന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ എംഡി വിദ്യാര്‍ത്ഥിയായ ഡോ. നിമിഷയുമായുള്ള വിവാഹം. നിമിഷ ഗർഭിണിയാണ്. 19ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു. അഭിഷോയുടെ ബന്ധുക്കൾ ഗോരഖ്‌പൂരില്‍ എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.