ഗൾഫിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 141.58ഗ്രാം MDMAയുമായി മൂന്നു പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരൂർ പോലീസും തിരൂർ, പെരിന്തൽമണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നഗരത്തിൽ ഉടനീളം നടത്തിയ പരിശോധനയിലാണ് പ്രതികൾ മയക്കുമരുന്നുമായി പിടിയിലായത്.
ഹൈദരലി ദിവസങ്ങൾക്കു മുൻപ് വിസിറ്റിംഗിനായി ഒമാനിൽ പോയതായിരുന്നു. മൂന്ന് ദിവസം മുമ്പ് മുംബൈയിലെത്തി മറ്റു രണ്ടു പ്രതികളെയും കൂട്ടി അവിടെ നിന്നും ട്രെയിൻ വഴിയാണ് തിരൂരിൽ എത്തിയത്. റെയിൽവേ സ്റ്റേഷൻ സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മയക്കുമരുന്നുമായി കടന്നു കളയാൻ ശ്രമിക്കവെയാണ് പോലീസിന്റെ വലയിലായത്. ഒമാനിൽ വെച്ച് പാക്കിസ്ഥാനിയായ വില്പനക്കാരനിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്നും 360 റിയാൽ നൽകിയതായും പിടിയിലായ ഹൈദരലി പോലീസിനോട് പറഞ്ഞു. കേരള വിപണിയിൽ 5 ലക്ഷത്തോളം രൂപയ്ക്ക് വിൽക്കാനാണ് തയ്യാറെടുത്തിരുന്നത്. ഒമാനിൽ നിന്നും ലഭിക്കുന്ന എം ഡി എം എ ഏറ്റവും വീര്യം കൂടിയ ഇനമാണ് എന്നും ആയതിനു വളരെ അധികം ഡിമാൻഡ് ആണെന്നുമാണ് പിടി കൂടിയ പ്രതികൾ പറയുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവജനങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനും ആയി സർക്കാറിന്റെ നിർദ്ദേശപ്രകാരം കേരള പോലീസിന്റെ ഡി.ഹണ്ട് ഓപ്പറേഷൻറെ ഭാഗമായി ഒരു മാസത്തോളമായി ജില്ലയിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ഓപ്പറേഷന്റെ ഭാഗമായി തീരദേശ മേഖല ഉൾപ്പെടുന്ന പ്രദേശത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിനേഷ് കെ.ജെ, എസ്.ഐ സുജിത്ത് ആർ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, രാജേഷ് കെ ആർ, ബിനു,ധനീഷ് കുമാർ, വിവേക്, സതീഷ് കുമാർ, ദിൽജിത്, സുജിത്, ജവഹർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.