22 January 2026, Thursday

സ്നേഹത്തിന്റെ സന്ദേശ വാഹകൻ

ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ 
കൊച്ചി
April 21, 2025 11:31 pm

ആഗോള കത്തോലിക്ക സഭയുടെ തലവനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ക്രൈസ്തവ സഭകൾക്കും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകനായിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യനായിരുന്നു. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിന്നുകൊണ്ട് മനുഷ്യഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

12 വർഷക്കാലം കത്തോലിക്ക സഭയുടെ മാർപാപ്പയായിരുന്നുകൊണ്ട് ശുശ്രൂഷയുടെ പുതിയ ശൈലി തുറന്ന്, ഹൃദയം കൊണ്ട് അദ്ദേഹം ലോകത്തെ കീഴടക്കി. തന്റെ ശുശ്രൂഷാ കാലഘട്ടം യുദ്ധക്കെടുതിയിൽപ്പെട്ടവരോടും, അഗതികളോടും അഭയാർത്ഥികളോടും പാവപ്പെട്ടവരോടും ദൈവസ്നേഹത്തിൽ ചേർന്നുനിന്നുകൊണ്ട് മനുഷ്യത്വത്തിന്റെയും മാനവികതയുടെയും പ്രവാചക ദൗത്യം അദ്ദേഹം പകർന്നു നൽകി. ആഗോള സമാധാനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും മാർപാപ്പ എടുത്ത നിലപാടുകൾ ലോകശ്രദ്ധ ആകർഷിച്ചു. 

സുറിയാനി ഓർത്തഡോക്സ് സഭയെ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന അദ്ദേഹം 2015ൽ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായോടൊരുമിച്ചുള്ള സന്ദർശന വേളയിൽ നൽകിയ ആതിഥേയത്വവും സ്നേഹവും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു.
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ ആഗോള കത്തോലിക്ക സഭയ്ക്കും, ലോകജനതയ്ക്കും ഉണ്ടായിട്ടുളള വലിയ ദുഃഖത്തിൽ യാക്കോബായ സുറിയാനി സഭ പങ്ക് ചേരുന്നു. കത്തോലിക്ക സഭയോട് വിനയപൂർവം അനുശോചനം അറിയിക്കുന്നതിനോടൊപ്പം പരിശുദ്ധന്മാരുടെ സവിധം ചേർന്ന് തുടർന്നും സഭയ്ക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും അദ്ദേഹം മധ്യസ്ഥത വഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.