14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 17, 2024
August 10, 2024
August 3, 2024
July 8, 2024
March 10, 2024
March 8, 2024
March 7, 2024
February 20, 2024
January 28, 2024

അഗസ്ത്യയെന്ന സ്വപ്നത്തിന്റെ നെറുകയിലേറി ഒരമ്മയും മകളും

അരുണിമ എസ് 
March 8, 2024 8:49 am

‘അഗസ്ത്യ കേറിയിട്ടുണ്ടോ ?.… ‘. സഹ്യാദ്രിയുടെ മടിത്തട്ടിലുള്ള തെക്കേ ഇന്ത്യയിലെ സ്വര്‍ഗം തേടിപോകുന്നവര്‍ക്ക് ഇതൊരു നിസാര ചോദ്യമായിരിക്കാം. പക്ഷേ അഗസ്ത്യാര്‍കൂടത്തിന്റെ ഉയരങ്ങള്‍ സ്വപ്നം കാണുന്നവര്‍ക്ക് അതങ്ങനെയല്ല, പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക്. അഗസ്ത്യ എന്ന സ്വപ്നത്തിന്റെ കൊടുമുടിയില്‍ നിന്ന് കൈകള്‍ വിരിച്ച് ‘സമയം തീരും മുന്നേ പറ്റുന്ന കാടൊക്കെ കേറിയിറങ്ങണമെന്ന്’ ഒരമ്മയും മകളും പറയുന്നത് അതുകൊണ്ടാണ്. 

2023 ജനുവരിയില്‍ ആദ്യമായി അഗസ്ത്യയിലേക്കുള്ള ടിക്കറ്റ് കയ്യില്‍ കിട്ടുമ്പോള്‍ 47 കാരി സിത്താരയ്ക്കുണ്ടായിരുന്ന സന്തോഷം പറഞ്ഞറിയിക്കാനാകുന്നതിലും അപ്പുറമായിരുന്നു. അപൂർവ ജൈവസമ്പത്തുകളുടെ കലവറയും അതിമനോഹരമായ പ്രകൃതിഭംഗിയും നിറഞ്ഞ അഗസ്ത്യാർകൂടത്തെക്കുറിച്ച് പഠനകാലം മുതലേ സിത്താര കേട്ടിട്ടുണ്ട്. 13 വയസില്‍ കേട്ടറിഞ്ഞ് ഉള്ളില്‍ കയറിക്കൂടിയ ആ സ്വപ്നം വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിസന്ധികളെയും പ്രായത്തെയും കടന്നെത്തിയിരിക്കുന്നു. അന്നുമുതലേ ജീവിതത്തിൽ ഒരിക്കലെങ്കിലും അഗസ്ത്യയിലെത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും 2018 ലെ സ്ത്രീപ്രവേശന വിധിയും കടന്ന് 2023 വരെ സിത്താരയ്ക്ക് കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പിനൊടുവില്‍ മകള്‍ നിസിയെയും കൊണ്ട് അവര്‍ യാത്ര തുടങ്ങുന്നതങ്ങനെയാണ്. . 

പശ്ചിമഘട്ട മലനിരകളില്‍ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന ഔഷധക്കലവറയാണ് അഗസ്ത്യാര്‍കൂടം. മഴയും വെയിലും മഞ്ഞും കാറ്റുമൊക്കെയായി പ്രകൃതിയെന്ന അത്ഭുതത്തിന്റെ ഉള്ളറകളിലേക്ക് കൈപിടിച്ചുകൊണ്ടു പോകുന്ന ഇടം. യാത്രയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പലരും പറഞ്ഞിരുന്നത് വിചാരിക്കുന്ന അത്ര എളുപ്പമല്ലെന്നാണ്. പക്ഷേ ആദ്യവട്ടം അഗസ്ത്യന്റെ മുന്നിലെത്തിയപ്പോള്‍ മനസിലായി ആത്മവിശ്വാസവും ആഗ്രഹവും ഉണ്ടെങ്കില്‍ വഴിയിലെ തടസങ്ങളൊക്കെ നമുക്കുള്ള സഹായങ്ങളാകുമെന്ന്. ബോണക്കാട് നിന്ന് നിന്നാരംഭിക്കുന്ന യാത്ര 18 കിലോമീറ്റര്‍ താണ്ടി അതിരുമല ബേസ് ക്യാമ്പിലാണ് അവസാനിക്കുന്നത്. അടുത്ത ആറ് കിലോമീറ്റര്‍ യാത്രയാണ് അഗസ്ത്യമലയെ സ്വപ്നത്തിലെത്തിക്കുന്നത്. നിസിക്ക് യാത്ര എളുപ്പമായിരുന്നു എങ്കിലും സിത്താരയ്ക്ക് അതങ്ങനെയായിരുന്നില്ല. നിരപ്പായ സ്ഥലങ്ങളും ഏഴുമടക്കിപ്പാറയും മുട്ടിടിച്ചാന്‍ പാറയും കടന്നുള്ള യാത്രയില്‍ ക്ഷീണമനുഭവപ്പെട്ടെങ്കിലും ഗൈഡുമാര്‍ കൈത്താങ്ങായി. 

നീണ്ട പോരാട്ടത്തിന് ഒടുവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വര്‍ഷം അഞ്ച് കഴിഞ്ഞെങ്കിലും വിരലിലെണ്ണാവുന്നയത്ര പെണ്ണുങ്ങളാണ് ഇപ്പോഴും അഗസ്ത്യയിലെത്തുന്നത്. മറ്റുള്ളവര്‍ക്ക് ഇതിപ്പോഴും ഒരു സ്വപ്നമായി തുടരുകയാണ്. ഇതുകൊണ്ട് കൂടിയാണ് അഗസ്ത്യ കയറുന്ന ഈ അമ്മയും മകളും ശ്രദ്ധേയരാകുന്നതും. മിക്ക യാത്രകളും കഴിഞ്ഞെത്തുമ്പോള്‍ ഈ അമ്മയ്ക്കും മോള്‍ക്കും വേറെ പണിയില്ലേ എന്ന് ചോദിക്കുന്ന മനുഷ്യന്‍മാരുണ്ട്. അവരെ നോക്കി സിത്താര ഒന്നു ചിരിക്കും.. ചോദിക്കുന്നവര്‍ ചോദിക്കട്ടെയെന്നെ .. നമുക്കിനിയും കണ്ടുതീര്‍ക്കാനേറെയുണ്ടല്ലോ എന്ന ചിന്തയോടെ അവര്‍ അടുത്ത സ്ഥലം തേടും. കൂട്ടത്തില്‍ യാത്രകള്‍ക്ക് സ്ഥലം കണ്ടെത്തുന്നതും അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതും സിത്താര തന്നെയാണ്. ബാക്കി നടപടികളൊക്കെ മകള്‍ ഏറ്റെടുക്കും. 

പെൺപിള്ളേരിങ്ങനെ കണ്ട കാടും മലയും കേറി നടക്കുമോ? എന്ന് ചോദിക്കുന്ന അമ്മമാരുള്ള നാട്ടില്‍ വനിതാ ദിനത്തില്‍ എന്താണ് അവരോട് പറയാനുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി സിത്താര മകളെ ചേര്‍ത്തുനിര്‍ത്തി. അമ്മയും മകളും എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കും. അപ്പോള്‍ വീട്ടില്‍ അവര്‍ക്ക് നല്ല അന്തരീക്ഷമൊരുക്കി കൊടുക്കുക എന്നതിലാണ് കാര്യം. യാത്രകള്‍ ചെയ്യാന്‍ അവര്‍ക്കൊപ്പം കൂടുക, അവരുടെ ഇഷ്ടങ്ങളോട് കൂട്ടുപിടിച്ച് ഒപ്പം നടക്കുക.… അവരെവിടെ പോകാന്‍.… കൂടെ തന്നെ കാണുമെന്നും സിത്താര പറഞ്ഞു.

യാത്രയെന്ന് കേള്‍ക്കുമ്പോള്‍ നിരവധി ചോദ്യങ്ങളുയരുന്ന നാട്ടില്‍ മകള്‍ക്കൊപ്പം ബാഗ് പാക്ക് ചെയ്യാനൊരുങ്ങുന്ന സിത്താരയെ പോലെയുള്ള മാതാപിതാക്കള്‍ കിട്ടാക്കനിയാണ്. കായംകുളത്ത് ബോധി കൗണ്‍സലിങ് സെന്റര്‍ നടത്തുന്ന കൊല്ലം പുനലൂര്‍ സ്വദേശിയായ സിത്താരയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയായ മകള്‍ നിസിയുടെയും യാത്ര ഇതിലൊതുങ്ങുന്നില്ല, ഇവിടെയവസാനിക്കുന്നുമില്ല… നീണ്ടുനിവര്‍ന്നു കിടക്കുന്ന കാടും മലയും കടലും താണ്ടി ഇനിയുമൊരുപാട് കാഴ്ചകള്‍ കാണാനുണ്ട് ഇരുവര്‍ക്കും. അഗസ്ത്യയിലേക്കുള്ള മൂന്നാമൂഴത്തിന് മുന്‍പ്.

Eng­lish Summary:A moth­er and daugh­ter rise to the top of Agastya’s dream
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.