14 December 2025, Sunday

Related news

December 3, 2025
November 22, 2025
November 10, 2025
November 7, 2025
October 30, 2025
October 15, 2025
September 27, 2025
September 25, 2025
September 25, 2025
September 24, 2025

മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതി അറസ്റ്റില്‍; തെളിവായത് സ്‌ക്രീന്‍ഷോട്ട്; വലയിലായത് വമ്പന്‍സ്രാവ്

Janayugom Webdesk
കാസര്‍കോട്
May 17, 2023 9:31 pm

ബംഗളുരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മാരക മയക്കുമരുന്നായ എംഡിഎംഎയുടെ മൊത്തവിതരണം നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതി അറസ്റ്റില്‍. നൈജീരിയ ലോഗോസ് സ്വദേശിനി ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ എന്ന ബ്ലെസിംഗ് ജോയി(23)യെയാണ് ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളുരുവിലെത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 22നു ഉദുമ പള്ളത്ത് വെച്ച് നടന്ന വാഹനപരിശോധനയില്‍ കാറില്‍ നിന്നും 150 ഗ്രാം എംഡിഎംഎയുമായി ചെമ്മനാട് തെക്കില്‍ സ്വദേശി അബൂബക്കര്‍ (35), ഭാര്യ അമീന അസ്ര (23), ബംഗളുരു സ്വദേശികളായ എ.കെ.വസീം(32), സൂരജ് (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്ന നൈജീരിയന്‍ യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബംഗളുരു യെലഹങ്കയിലെ ഫ്‌ളാറ്റില്‍ നിന്നും ചൊവ്വാഴ്ച രാത്രി 9.30ഓടെ ഹഫ്‌സയെ അറസ്റ്റ് ചെയ്യുന്നത്. ഡിവൈഎസ്പിക്കൊപ്പം
സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.പ്രദീപ്, കെ.എം.ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, ശ്രീജിത്ത്, സീമ, ദീപക് എന്നിവരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ നികേഷ്, ഹരീഷ്, സരീഷ്, രേഷ്മ പടോളി എന്നിവരും ഉണ്ടായിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

പിടികൂടുമ്പോള്‍ യുവതിയുടെ പക്കല്‍ പാസ്‌പോര്‍ട്ടോ വീസയോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്ത വിവരം നൈജീരിയന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന വിതരണത്തിനിടെ ഏതുസമയത്തും പിടിക്കപ്പെടാമെന്നതുകൊണ്ട് ഇവര്‍ രേഖകളെല്ലാം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ ജില്ലയില്‍ 57 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയതും മയക്കുമരുന്ന് ഇടപാടും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

തെളിവായത് സ്‌ക്രീന്‍ഷോട്ട്; വലയിലായത് വമ്പന്‍സ്രാവ്

കാസര്‍കോട്: കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കാസകോട് ജില്ലയില്‍ പത്തു ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ ഉള്‍പ്പെടുന്ന നാലംഗ നൈജീരിയന്‍ ഗ്യാങ് ആണ് വിതരണം ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന പറഞ്ഞു. കാസര്‍കോട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഹഫ്‌സയാണ് ആവശ്യക്കാരെ കണ്ടെത്തി മയക്കുമരുന്ന് ഓര്‍ഡര്‍ എടുക്കുകയും പണം വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. 2022 ജനുവരിയിലാണ് സ്റ്റുഡന്റ് വീസയില്‍ ഹഫ്‌സ ബംഗളുരുവില്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ കോളജിലും അഡിമിഷനെടുത്തിട്ടില്ല. ഒരു വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് പുതുക്കിയില്ല. പൊലീസ് ചോദിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് കളഞ്ഞുപോയെന്നാണ് ഇവര്‍ മറുപടി പറഞ്ഞത്.

കഴിഞ്ഞമാസം അറസ്റ്റിലായ ചെമ്മനാട് തെക്കില്‍ സ്വദേശി അബൂബക്കറിന്റെ ഫോണില്‍ നിന്നും ലഭിച്ച ഒരു സ്‌ക്രീന്‍ ഷോട്ടാണ് ഈ ലഹരി മാഫിയയിലേക്കുള്ള വഴി തുറന്നത്. മയക്കുമരുന്ന് കിട്ടാനായി ഒരു ലക്ഷം രൂപ പേടിഎം വഴി അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അബൂബക്കര്‍ ഹഫ്‌സയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തിരുന്നു. പൊലീസ് ഈ നമ്പര്‍ പരിശോധിച്ചപ്പോള്‍ സിം കാര്‍ഡ് ബിഹാറിലുള്ള റൂബി ദേവിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. എന്നാല്‍ ആ വിലാസം വ്യാജമായിരുന്നു. പിന്നീട് സൈബര്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഹഫ്‌സയെ തിരിച്ചറിയുന്നത്. മൂന്നുമാസത്തെ ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഈ ഒരു അക്കൗണ്ടില്‍ മാത്രം പ്രതിമാസം 68–70 ലക്ഷം രൂപ എത്തുന്നതായി കണ്ടെത്തി. മുംബൈ, ഗോവ, ബംഗളുരു എന്നിവിടങ്ങളില്‍ തയാറാക്കുന്ന മയക്കുമരുന്നാണ് സംഘം കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ എത്തിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടുന്നത്.

Eng­lish Sum­ma­ry: A Niger­ian woman who is the main link in the drug rack­et has been arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.