
സംസ്ഥാനത്തെ ഒരു ഭൂമി പ്രശ്നത്തിനുകൂടി ശാശ്വത പരിഹാരം. റവന്യു രേഖകളിൽ ‘നി കെ’ (നികുതി കെട്ടാത്ത) എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസീജർ (എസ്ഒപി) സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
കേരള ലാന്റ് ടാക്സ് ആക്ട്, 1961 പ്രകാരം ‘നി കെ’ ഭൂമികളുടെ രജിസ്റ്റേഡ് കൈവശക്കാർക്കും അവരുടെ നിയമാനുസൃത പ്രതിനിധികൾക്കും നികുതി നിർണയിച്ച് അടയ്ക്കാൻ അനുവദിച്ച 2025ലെ സർക്കാർ ഉത്തരവിന്റെ തുടർച്ചയായാണ് വിശദമായ നടപടിക്രമങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
നികുതി നിർണയ നടപടികൾ തഹസിൽദാർ ആണ് ആരംഭിക്കുക. അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം പ്രാഥമിക ഡിമാൻഡ് നോട്ടീസ് (ഫോം ബി) നൽകണം. തുടർന്ന് ഭൂവുടമയ്ക്ക് 15 മുതൽ 30 ദിവസത്തിനകം ആക്ഷേപം ഉന്നയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് അന്തിമ ഡിമാൻഡ് നോട്ടീസ് (ഫോം സി) നൽകും.
എസ്ഒപി പ്രകാരം പാറ, കാവ്, ക്ഷേത്രം, പള്ളി, ശ്മശാനം തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട ഭൂമികൾ ‘ ഡ്രൈ ലാന്‍ഡ് ’ ആയും കുളം, ചിറ, തോട് തുടങ്ങിയവ ‘വെറ്റ് ലാന്‍ഡ് ’ ആയും ബേസിക് ടാക്സ് രജിസ്റ്ററിൽ (ബിടിആര്‍) പുനർവർഗീകരിക്കും.
അപ്പീൽ അവകാശവും ഉറപ്പാക്കി തഹസിൽദാറുടെ അന്തിമ ഉത്തരവിനെതിരെ 30 ദിവസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. ഭൂവുടമകൾക്ക് വലിയ ആശ്വാസമായിരിക്കും ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. മലബാർ മേഖലയിൽ ഉൾപ്പെടെ ‘നി കെ’ ഭൂമികളെക്കുറിച്ച് വർഷങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കും വ്യത്യസ്ത വ്യാഖ്യാനങ്ങൾക്കും ഇതോടെ വിരാമമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ വഴികാട്ടിയാകുന്നതാണ് പുതിയ എസ്ഒപി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.