
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മേലധ്യക്ഷരിൽ പ്രഥമസ്ഥാനീയനായ മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗം വലിയ ആഘാതമാണ്. സഹജീവി സ്നേഹത്തിന്റെ മനുഷ്യ മാതൃകയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വഴികാട്ടിയുമായിരുന്നു, അപ്രേം തിരുമേനി. സഹോദര സഭകളുമായും ഇതര മതവിഭാഗങ്ങളുമായും കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനനേതാക്കളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം കാണിച്ച താല്പര്യം മതേതരത്വത്തോടുള്ള ആത്മാർത്ഥത തന്നെയാണ്. മാനവരാശിയുടെ നിലനില്പിന് ഉദാത്തമായ പുരോഗമന ചിന്തയും ആശയങ്ങളും മനസിൽ സൂക്ഷിച്ചുവയ്ക്കാനല്ല, അത് തുറന്നവതരിപ്പിക്കാനും പ്രാവർത്തികമാക്കുവാനുമാണ് അപ്രേം തിരുമേനി ശ്രമിച്ചുകൊണ്ടിരുന്നത്. പുരോഗമനാശയങ്ങൾക്കൊപ്പം ഇടതുചിന്തകൾ കൂടി പ്രചരിപ്പിക്കാൻ തന്റെ വേദികളെയാകെ ഉപയോഗപ്പെടുത്തി, എന്നും മനുഷ്യപക്ഷത്ത് തന്നെ നിലയുറപ്പിച്ച മാർ അപ്രേം മെത്രാപ്പൊലീത്ത. അദ്ദേഹം കൈവയ്ക്കാത്ത വിഷയങ്ങളില്ല. ദൈവശാസ്ത്രമായാലും സഭാശാസ്ത്രമായാലും തത്വശാസ്ത്രമായാലും രാഷ്ട്രീയമായാൽ പോലും, സാധാരണ മനുഷ്യർക്ക് മനസിലാവുന്ന തരത്തിൽ സ്വതസിദ്ധമായ നർമ്മ ശൈലിയിലൂടെ തന്റെ ചിന്തകൾ കെെമാറുന്നത് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നു.
കൽദായ സുറിയാനി സഭയുടെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ അവരോധിക്കപ്പെട്ട ഘട്ടത്തിൽ, സഭാ സംവിധാനങ്ങളെയാകെ ഒറ്റച്ചരടിൽ കോർത്ത മുത്തുമണികളെപ്പോലെ നയിച്ചു. സാഹോദര്യത്തിന്റെ പുതിയ സുവിശേഷം വിശ്വാസികളിൽ ഉറപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ക്രിസ്തുവിന്റെ സുവിശേഷത്തെ തന്റെ ജീവിതത്തിലൂടെ പകർന്നുനൽകി. സഭകൾ തമ്മിലുള്ള ഐക്യവും അവയെ സമന്വയിപ്പിച്ചു കൊണ്ടുള്ള പുരോഗതിയും ആഗ്രഹിച്ച്, ഒരുമിച്ചുള്ള പ്രവർത്തനത്തിനുവേണ്ടി മുന്നിട്ടിറങ്ങിയ മെത്രാപ്പൊലീത്ത നന്മയുടെ പ്രകാശം പരത്തി. വിശ്രമ ജീവിതത്തിന്റെ അവസാന കാലത്ത് ആരോഗ്യം പോലും വകവയ്ക്കാതെ, തൃശൂരിന്റെ ആഘോഷങ്ങളിലൊന്നായ ‘ബോണ്‍ നതാലെ‘യിൽ നഗരം മുഴുവൻ ക്രിസ്മസ് പാപ്പമാർക്കൊപ്പം നടന്നത് ആവേശകരമായിരുന്നു. പൂരമായാലും പുലിക്കളി ആയാലും സംഘാടകർക്ക് തിരുമേനിയുടെ ഐക്യവും പിൻബലവും ഉണ്ടാകും. സാംസ്കാരിക തലസ്ഥാന നഗരിയിൽ നടക്കുന്ന സാമൂഹിക, സാംസ്കാരിക പരിപാടികളുടെ സംഘാടകനായും ആതിഥേയനായും അതിഥിയായും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
സുറിയാനി സഭയുടെ പാരമ്പര്യത്തെയും അതിന്റെ ശ്രേഷ്ഠതയെയും ലോകത്തിനു പരിചയപ്പെടുത്തിയ ഒരു ചരിത്രകാരൻ എന്ന് അപ്രേം തിരുമേനിയെ വിശേഷിപ്പിക്കാം. അതിപുരാതനമായ സഭാ പാരമ്പര്യത്തിന്റെ ചരിത്ര രേഖകളും കൃതികളും സൂക്ഷിച്ച്, പുതിയ തലമുറയ്ക്ക് അദ്ദേഹം പകർന്ന് നൽകി.
കൽദായ സുറിയാനി സഭയുടെ കേന്ദ്രമാണ് തൃശൂർ. ആദ്യമായി തൃശൂരിൽ കുടിയേറിയ ക്രൈസ്തവരും കൽദായ സുറിയാനിക്കാരാണ്. 1814ൽ ശക്തൻ തമ്പുരാനാണ് കൽദായക്കാർക്കായി മാർത്ത് മറിയം വലിയ പള്ളി നിർമ്മിച്ചത്. 2010 ജനുവരി 13 മുതൽ 19 വരെ തൃശൂരിലെ മെത്രാപ്പൊലീത്തൻ അരമനയിൽ ചേർന്ന ആഗോള സുന്നഹദോസ് സഭാ ചരിത്രമാണ്. 1968ലാണ് മാർ അപ്രേം തിരുമേനി ഇന്ത്യയുടെ (പുരാതന കിഴക്കൻ സഭയുടെ) മെത്രാപ്പൊലീത്തയായി നിയമിക്കപ്പെടുന്നത്. സഭയിൽ നിരവധി പ്രതിസന്ധികൾ വന്നപ്പോഴും സ്ഥാനങ്ങളെക്കാൾ സാഹോദര്യത്തിനും സമുദായ ഐക്യത്തിനും വേണ്ടി നിലകൊണ്ടു. കണ്ടുമുട്ടുമ്പോഴെല്ലാം വാത്സല്യം തുളുമ്പുന്ന സ്നേഹവും അടുപ്പവും കാണിച്ചു. തൃശൂരിലെ അദ്ദേഹത്തിന്റെ അരമന സൗഹൃദത്തിന്റെ ആലയമായിരുന്നു. ഒരുപാട് അനുഭവങ്ങൾ വ്യക്തിപരമായും നാടിനാകെയും സമ്മാനിച്ചുകൊണ്ടാണ് വലിയ ഇടയശ്രേഷ്ഠൻ മറയുന്നത്. ശാരീരിക അസ്വസ്ഥതകളാൽ സ്ഥാനമൊഴിഞ്ഞ് വിശ്രമിക്കുന്ന ഘട്ടത്തിൽ പല തവണ കാണാൻ അരമനയിൽ ചെന്നത് ഓർക്കുന്നു. ആരോഗ്യാവസ്ഥ മോശമായി തുടർന്നിരുന്ന സമയത്ത് മാർ തിമോത്തിയോസ് സൊസൈറ്റിയുടെ സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഒല്ലൂക്കരയിലെ ആശുപത്രിയിൽ നേരിട്ടെത്തിയതും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും വലിയ ഇടയന്റെ മഹത്വമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.