22 January 2026, Thursday

Related news

January 1, 2026
December 30, 2025
December 28, 2025
December 26, 2025
December 23, 2025
December 23, 2025
December 19, 2025
December 11, 2025
December 4, 2025
December 2, 2025

ലോകം ഉറ്റുനോക്കുന്ന ശ്രീലങ്കയിലെ രാഷ്ട്രീയ പരീക്ഷണം

Janayugom Webdesk
November 18, 2024 5:00 am

നവംബർ 14ന് ശ്രീലങ്കയുടെ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരുമുനയുടെ (ജെവിപി) നേതൃത്വത്തിലുള്ള ഇടതുപക്ഷ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണി കൈവരിച്ച വിജയം ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷ വഴിത്തിരിവിനെയാണ് അടയാളപ്പെടുത്തുന്നത്. ശ്രീലങ്കയിലെ ജനങ്ങൾ പരമ്പരാഗത രാഷ്ട്രീയ മുന്നണി സങ്കല്പങ്ങളെ മറികടന്ന് ജെവിപിയും പൗരസമൂഹ സംഘടനകളും ട്രേഡ് യൂണിയനുകളും ഉൾപ്പെട്ട എൻപിപിയിൽ വിശ്വാസമർപ്പിക്കാൻ സന്നദ്ധമായി എന്നിടത്തുനിന്നാണ് ദ്വീപുരാഷ്ട്രത്തിന്റെ ചരിത്രത്തിൽ നിർണായകമായേക്കാവുന്ന മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അത് നാളിതുവരെ ജനങ്ങളെ വംശത്തിന്റെയും മതത്തിന്റെയും ഭാഷകളുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത പാളയങ്ങളിലായി ഭിന്നിപ്പിച്ചിരുന്ന വിനാശകരമായ തലത്തിൽനിന്നും, പരീക്ഷണാർത്ഥമെങ്കിലും, യോജിച്ച് മുന്നേറുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നത് ശ്രദ്ധേയമാണ്. പാർലമെന്റിലെ മുഖ്യ പ്രതിപക്ഷം, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകെയുടെ മുഖ്യ പ്രതിയോഗിയായിരുന്ന സജിത് പ്രേമദാസയുടെ സമാജി ജന ബാലവേഗയ(എസ്ജെബി)യെ വിദൂര രണ്ടാംസ്ഥാനത്തേക്ക് തള്ളിനീക്കിയാണ് എൻപിപി 159 സീറ്റുകളുമായി മൂന്നിൽരണ്ട് ഭൂരിപക്ഷം കരസ്ഥമാക്കിയത്. എസ്ജെബിയ്ക്ക് കേവലം 40 സീറ്റുകൾ മാത്രമാണ് നേടാനായത്. പിരിച്ചുവിട്ട പാർലമെന്റിൽ മൂന്ന് സീറ്റുകൾ മാത്രമുണ്ടായിരുന്ന എൻപിപിയ്ക്ക് പുതുതായി നേടാനായത് 156 സീറ്റുകളാണ്. ചുരുങ്ങിയ കാലയളവുകൊണ്ട് പരമ്പരാഗത പാർട്ടികളെയും പ്രബല രാഷ്ട്രീയ കുടുംബങ്ങളെയും ശ്രീലങ്കയുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് ഏതാണ്ട് പൂർണമായും തുടച്ചുനീക്കാൻ എൻപിപിക്ക് കഴിഞ്ഞുവെന്നത് അസാധാരണ നേട്ടംതന്നെയാണ്. ജിവിപിയുടെ കഴിഞ്ഞ അമ്പതുവർഷങ്ങളുടെ വികാസപരിണാമങ്ങൾ വിലയിരുത്തുമ്പോഴാണ് എൻപിപിയുടെ അസാധാരണ തെരഞ്ഞെടുപ്പുവിജയം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ശ്രദ്ധേയ പാഠമാകുന്നത്. സ്വയം മാർക്സിസ്റ്റ് പാർട്ടിയെന്ന് അവകാശപ്പെടുമ്പോഴും ജെവിപിക്ക് സങ്കുചിതവും ഹിംസാത്മകവുമായ ഒരു കളങ്കിത പൂർവകാലമുണ്ട്. അതിനെ മറികടന്ന് ഏതാണ്ട് എല്ലാവിഭാഗം ശ്രീലങ്കൻജനതയുടെയും പിന്തുണ ആർജിക്കാൻ എ­ൻപിപി എന്ന മുന്നണി സംവിധാനത്തിലൂടെ ക­ഴിഞ്ഞുവെന്നത് ശ്രദ്ധേയവും പഠനാർഹവുമാണ്. തമിഴരും സിംഹളരും, ബുദ്ധമതവും ഇസ്ലാമും തമ്മിലുള്ള ഹിംസാത്മക സംഘർഷങ്ങൾകൊണ്ട് കലുഷിതമായ ചരിത്രമാണ് ശ്രീലങ്കയുടേത്. തികച്ചും സമാധാനപരമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രക്രിയയിലൂടെ ശ്രീലങ്കൻ സമൂഹത്തിൽ നിലനിന്നിരുന്ന ആഴമേറിയ ഭിന്നിപ്പിനെ മറികടക്കാനുള്ള അവസരമാണ് ഈ നിർണായക തെരഞ്ഞെടുപ്പുവിജയം ദ്വീപുരാഷ്ട്രത്തിന് നൽകിയിരിക്കുന്നത്. ബാട്ടിക്കലോവ ഒഴികെ ശ്രീലങ്കയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ തമിഴ്ജനതയുടെ വിശ്വാസവും പിന്തുണയും ആർജിക്കാൻ എൻപിപിക്ക് കഴിഞ്ഞു. സമാന രീതിയിൽ മുസ്ലിം ജനത ഏറെയുള്ള ദ്വീപിന്റെ പടിഞ്ഞാറൻ മേഖലകളിലും തോട്ടംതൊഴിലാളികളടക്കം തമിഴ്ജനത അധിവസിക്കുന്ന മധ്യ പർവ്വത പ്രദേശങ്ങളിലും എൻപിപി ഗണ്യമായ നേട്ടമുണ്ടാക്കി. മധ്യപർവ്വത പ്രവിശ്യകളിലെ തമിഴ് തോട്ടംതൊഴിലാളികളെ കേവലം വോട്ട്ബാങ്കായി കണ്ടിരുന്ന പതിവുരീതിയ്ക്ക് പകരം അവരെ ശ്രീലങ്കയുടെ മുഖ്യധാരാ ജനജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കാൻ എൻപിപി സന്നദ്ധമായി എന്നത് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന പുതിയ രാഷ്ട്രീയ കാഴ്ചപ്പാടായി വിലയിരുത്തപ്പെടുന്നു. ജാഫ്നയിലെയും ഉത്തര പ്രവിശ്യകളിലെയും തമിഴരുടെ ഭൂമി അത് കൈവശപ്പെടുത്തിയ പുരാവസ്തുവകുപ്പ്, സൈനിക സംവിധാനങ്ങൾ എന്നിവയിൽനിന്നും തിരിച്ചെടുത്ത് യഥാർത്ഥ ഉടമകൾക്ക് നൽകുമെന്ന ദിസനായകെ സർക്കാരിന്റെ വാഗ്‌ദാനം ദേശീയ പുനരൈക്യത്തിന്റെ സൂചനയായാണ് ആ മേഖലയിലെ തമിഴ്ജനത കാണുന്നത്. പരമ്പരാഗത തമിഴ് പാർട്ടികൾ സ്വന്തം ജനതയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിടത്താണ് എൻപിപിയെ പരീക്ഷിച്ചറിയാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്താൻ തമിഴർക്ക് പ്രേരകമായത്. ആഭ്യന്തര യുദ്ധങ്ങളുടെയും വ്യത്യസ്ത തമിഴ് പാർട്ടികൾ തമ്മിലുള്ള ഹിംസാത്മകമായ ചേരിപ്പോരിന്റെയും അക്രമാസക്ത സങ്കുചിത സിംഹള ദേശീയതയുടെയും ഇരകളായ തമിഴ് ജനത ഏറെ പ്രതീക്ഷയോടെയാണ് ദിസനായകെയുടെയും എൻപിപിയുടെയും പുതിയ രാഷ്ട്രീയ പരീക്ഷണത്തെ നോക്കിക്കാണുന്നത്. ശ്രീലങ്കയുടെ 2022ലെ സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ജനകീയ പ്രതിഷേധവും പരമ്പരാഗത പാർട്ടികൾക്ക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലല്ല അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിലും അഴിമതിയിലും ധനസമ്പാദനത്തിലുമാണ് താല്പര്യവുമെന്ന ജനങ്ങളുടെ തിരിച്ചറിവുമാണ് ഇടതുപക്ഷ എൻപിപി മുന്നണിയുടെ രാഷ്ട്രീയമുന്നേറ്റത്തിന് വഴിതുറന്നത്. ജെവിപിയാകട്ടെ സ്വന്തം രാഷ്ട്രീയാനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് പ്രത്യയശാസ്ത്ര യാഥാസ്ഥിതിക പിടിവാശികൾ കയ്യൊഴിഞ്ഞ് എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു വിശാല രാഷ്ട്രീയ മുന്നണിക്ക് രൂപംനൽകാനും എല്ലാവർക്കും ആശയപരവും സംഘടനാപരവുമായ പങ്കാളിത്തം നേതൃതലത്തിൽ ഉൾപ്പെടെ അംഗീകരിക്കാനും സന്നദ്ധമായി. പ്രത്യയശാസ്ത്രപരമോ വർഗപരമോ വംശീയമോ മതപരമോ ഭാഷാപരമോആയ മേൽക്കോയ്മയിലൂടെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ആർജിക്കാനും രാഷ്ട്രീയ അധികാരത്തിലേക്ക് മുന്നേറാനുമാവില്ലെന്ന തിരിച്ചറിവാണ് ജിവിപിയെ എൻപിപി രൂപീകരണത്തിലേക്കും അവർ നേരിട്ടിരുന്ന രാഷ്ട്രീയ പ്രാന്തവല്‍ക്കരണത്തിൽനിന്ന് മുഖ്യധാരയിലേക്കുള്ള മുന്നേറ്റത്തിനും സഹായകമായത്. ശ്രീലങ്കയെയും ദിസനായകെയെയും എൻപിപിയെയും കാത്തിരിക്കുന്നത് കടുത്ത രാഷ്ട്രീയ സാമ്പത്തിക വെല്ലുവിളികളാണ്. ജനതയുടെ ഐക്യം കാത്തുസൂക്ഷിച്ച് സാമ്പത്തിക വെല്ലുവിളികൾക്ക് ഉത്തരംകണ്ടെത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതാണ് അത്. ശ്രീലങ്കൻ ജനത മാത്രമല്ല ലോകമെമ്പാടുമുള്ള പുരോഗമന ജനാധിപത്യ ശക്തികളും ഈ രാഷ്ട്രീയ പരീക്ഷണത്തെ ആകാംക്ഷയോടും പ്രതീക്ഷയോടുമാണ് ഉറ്റുനോക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.