23 December 2024, Monday
KSFE Galaxy Chits Banner 2

കൊച്ചി മെട്രോയ്ക്ക് അഭിമാന നേട്ടം; വാട്ടർ മെട്രോ യാത്രികർ 20 ലക്ഷം പിന്നിട്ടു

Janayugom Webdesk
കൊച്ചി
April 28, 2024 8:37 pm

ജലഗതാഗത രംഗത്ത് നാഴികക്കല്ലായി മാറിയ കൊച്ചി മെട്രോ റെയിലിന്റെ അനുബന്ധ സ്ഥാപനമായ വാട്ടർമെട്രോ പുതിയ ഉയരങ്ങൾ കീഴടക്കി കുതിക്കുന്നു. സർവീസ് ആരംഭിച്ച് ഒന്നാം വാർഷികം പിന്നിടുമ്പോഴേയ്ക്കും വാട്ടർമെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷം കടന്നു. 

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം പിന്നിട്ടു. 14 ബോട്ടുകളുമായി 5 റൂട്ടുകളിലാണ് നിലവിൽ സർവ്വീസ് ഉള്ളത്. ഹൈക്കോർട്ട് ജംഗ്ഷൻ — ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് ജംഗ്ഷൻ — വൈപ്പിൻ, ഹൈക്കോർട്ട് ജംഗ്ഷൻ — ബോൾഗാട്ടി വഴി — സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ , വൈറ്റില — കാക്കനാട് എന്നിവയാണ് റൂട്ടുകൾ. കുമ്പളം, പാലിയംതുരുത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്റ്റംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്. തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടർ മെട്രോയുടെ ശീതികരിച്ച ബോട്ടുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി നിരക്കിൽ ഇളവുകളോടെ പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. 

കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചിയിലെ ദ്വീപുകളെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്ന ഈ പദ്ധതി ലോക ടൂറിസം ഭൂപടത്തിൽ കൊച്ചിയ്ക്ക് മറ്റൊരു തിലകക്കുറി കൂടി നൽകി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.

Eng­lish Sum­ma­ry: A proud achieve­ment for Kochi Metro; Water metro pas­sen­gers crossed 20 lakh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.