17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
August 22, 2024
August 14, 2024
August 12, 2024
June 29, 2024
June 29, 2024
June 28, 2024
June 9, 2024
June 9, 2024

നെടുമ്പാശേരിക്ക് ചിറകുമുളച്ചിട്ട് കാൽ നൂറ്റാണ്ട്

സ്വന്തം ലേഖകൻ
കൊച്ചി
May 10, 2024 10:17 pm

നെടുമ്പാശേരിയിൽ നിന്ന് വിമാനങ്ങൾ പറന്നുയരാൻ തുടങ്ങിയിട്ട് 25 വർഷം തികയുന്നു. 1999 ജൂൺ 10നാണ് റൺവേയിലൂടെ വിമാനം ആദ്യ പറക്കൽ നടത്തിയത്. ഇപ്പോൾ പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർ ഉപയോഗിക്കുന്ന നിലയിലേക്ക് വിമാനത്താവളം ഉയർന്നു. ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ഉൾപ്പെടെ മൂന്ന് ടെർമിനലുകൾ വിമാനത്താവളത്തിലുണ്ട്. ഒരു എക്‌സ്‌ക്ലൂസീവ് ബിസിനസ് ജെറ്റ് ടെർമിനലും സ്വന്തം. 28 രാജ്യങ്ങളിൽ നിന്നുള്ള 19,000 നിക്ഷേപകരാണ് കമ്പനിയുടെ ശക്തി. ആഭ്യന്തരയാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചിയിൽ നിന്ന് ഇപ്പോൾ റാഞ്ചി, ചണ്ഡീഗഢ്, വാരാണസി, റായ്പൂർ, ലഖ്നൗ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. എയർ ഇന്ത്യ കൊൽക്കത്തയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ നടത്തുമെന്നറിയിച്ചിട്ടുണ്ട്. റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേക്ക് എയർ ഏഷ്യയും സർവീസുകൾ പ്രഖ്യാപിച്ചു. 

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കുള്ള സർവീസുകളും സിയാൽ വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിലേക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്. ഡൽഹി 13, മുംബെെ 10 എന്നിങ്ങനെയാണ് സർവീസുകൾ. ലക്ഷദ്വീപിലേക്കും ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു. ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്കും സർവീസുകളുണ്ട്. ബാങ്കോക്ക്, ക്വലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളും വർധിപ്പിച്ചു. ലണ്ടനിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കാനും തീരുമാനിച്ചു.
സംസ്ഥാനത്തു നിന്നുള്ള വിമാനയാത്രക്കാരിൽ 60 ശതമാനത്തിലധികവും കാർഗോ കയറ്റുമതിയിൽ 45 ശതമാനത്തിലധികവും കൊച്ചി വഴിയാണ്. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഏഴ് മെഗാ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവല്‍ക്കരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഒക്ടോബറിൽ മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. 

1,000 കോടിയുടെ വികസന പദ്ധതികളാണ് ഇരുപത്തിയഞ്ചാം വർഷത്തിൽ ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിനായി ഏറ്റെടുത്തതിൽ അധിക സ്ഥലത്തു നൂറുകണക്കിന് സോളർ പാനലുകൾ സ്ഥാപിച്ച് സൗരോർജം ഉല്പാദിപ്പിച്ചത് നിർണായകമായ മാറ്റമായിരുന്നു. രണ്ടുലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവുകയാണ് കൊച്ചി. 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി സിയാൽ കരാർ ഒപ്പിട്ടു. സൗരോർജം ഉപയോഗിച്ചാണ് ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തിക്കുക. 2025ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിന് വേണ്ട വാഹനങ്ങളിലാകും ആദ്യം ഹൈഡ്രജൻ ഉപയോഗിക്കുക.
പയ്യന്നൂരിൽ 50 മെഗാവാട്ട് സോളാർ യൂണിറ്റ്, കോഴിക്കോട് അരിപ്പാറയിൽ ചെറുകിട ജലവൈദ്യുതി പദ്ധതി എന്നിവയ്ക്കും സിയാൽ മുൻകയ്യെടുത്തു. കൊച്ചി വിമാനത്താവള കവാടത്തിൽ 100 കോടിയിലധികം മുതൽമുടക്കുള്ള പഞ്ചനക്ഷത്രഹോട്ടലും ഉടൻ സജ്ജമാക്കും. താജ് ഗ്രൂപ്പുമായി ചേർന്നാണ് ഹോട്ടൽ പദ്ധതി. ഡ്യൂട്ടി ഫ്രീ ബിസിനസ്, കൺവെൻഷൻ സെന്റർ, ബിസിനസ് ജെറ്റ് ടെർമിനൽ, ഗോൾഫ് കോഴ്‌സ് എന്നിവയിലൂടെ സിയാൽ അധികവരുമാനവും നേടുന്നു.

Eng­lish Summary:A quar­ter of a cen­tu­ry since Nedum­bassery has grown its wings

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.