പുതുവര്‍ഷത്തില്‍ ലോകത്ത് ഗുരുതരമായ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മുന്നറിയിപ്പ്. സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നും ഈ വര്‍ഷം സാമ്പത്തിക മാന്ദ്യത്തിലൂടെയായിരിക്കും കടന്നുപോകുകയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നത്.
സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച സ്തംഭിക്കുകയും ചുരുങ്ങാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് മാന്ദ്യം. മൊത്ത ആഭ്യന്തര ഉല്പാദനം തുടർച്ചയായി രണ്ട് ത്രിമാസ പാദങ്ങളിലോ പകുതി വർഷത്തിലോ കുറയുമ്പോഴാണ് മാന്ദ്യം സ്ഥിരീകരിക്കുന്നത്. ഉക്രെയ്ന്‍ യുദ്ധം, കോവിഡ് മഹാമാരി, വിലക്കയറ്റം എന്നീ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐഎംഎഫിന്റെ പ്രവചനം. കഴിഞ്ഞ ഒക്ടോബറില്‍ ഐഎംഎഫ് പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലും ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചിരുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചക്രങ്ങളായ യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവിടങ്ങളിലെ സമ്പദ്‌രംഗം ഒരേ സമയം ചുരുങ്ങുന്നത് ലോകത്തെ വെല്ലുവിളിയിലാക്കും. സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടില്ലെങ്കില്‍ പോലും കോടിക്കണക്കിന് ആളുകള്‍ സമാനമായ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും ക്രിസ്റ്റലീന പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയില്‍ ആകെ ഉലഞ്ഞിരിക്കുകയാണ്. പകുതിയോളം രാജ്യങ്ങളിലും സാമ്പത്തിക അരക്ഷിതാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ചൈന സീറോ-കോവിഡ് നയം ഒഴിവാക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സമ്പദ്‍വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. വരും മാസങ്ങള്‍ ചെെനയെ സംബന്ധിച്ചിടത്തോളം കഠിനമായിരിക്കും.
അതേസമയം യുഎസ് സമ്പദ് വ്യവസ്ഥ ഇതില്‍ നിന്നുമെല്ലാം വേറിട്ടുനില്‍ക്കുകയാണ്. തൊഴില്‍ വിപണി വളരെ ശക്തമായി തുടരുകയാണ്. ഡിസംബറില്‍ രണ്ട് ലക്ഷത്തോളം അധികജോലികള്‍ സൃഷ്ടിക്കാന്‍ യുഎസിന് കഴിഞ്ഞു. 3.7 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1960ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ ഇത് സമ്പദ്‌രംഗത്തിന്റെ ഇടിവിനെ എത്രത്തോളം തടയുമെന്നതിലും ഉറപ്പില്ല.
ഉക്രെയ്‍നിലെ സംഘര്‍ഷം, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവ യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നതിന് കാരണമായി. ഇതോടെ 2023ലെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഒക്ടോബറില്‍ ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു.
English Summary: A recession is coming; International Monetary Fund with warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.