19 December 2024, Thursday
KSFE Galaxy Chits Banner 2

ചരിത്രം മറന്നു വച്ച നവോത്ഥാന വിപ്ലവകാരി

ശാന്താ തുളസീധരന്‍
വായന
July 30, 2023 3:27 am

ചരിത്രം എന്നത്‌ ജീവനുള്ള ഇന്നലെകളാണ്‌. കാലഗതിയില്‍ പലപ്പോഴും ചരിത്രം ആകേണ്ട ഇന്നലെകള്‍, മൃതാവസ്ഥയിലോ വിസ്‌മൃതിയിലോ പെട്ടുപോയേക്കാം. അവിടെ കാലം നിര്‍ണായകമായ ഒരു ഘടകമാകുന്നു.
സമീപകാല സംഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്നോ, സമകാലികരുടെ വാക്കുകളില്‍ നിന്നോ അതുമല്ലെങ്കില്‍ പ്രസ്‌തുത സംഭവങ്ങളെക്കുറിച്ചുള്ള ലിഖിത രേഖകളില്‍ നിന്നോ ലഭ്യമാകും. എന്നാല്‍, പതിറ്റാണ്ടുകള്‍ക്കിപ്പുറം, പ്രത്യേകിച്ച്‌ അക്കാല സംഭവങ്ങളുടെ ദൃക്‌സാക്ഷികളോ, രേഖകളുടെ ലഭ്യതയോ, ഓര്‍മ്മക്കുറിപ്പുകളോ, എന്തിനു, ഭാവിയില്‍ വന്നേക്കാവുന്ന ആവശ്യം മുന്നില്‍ക്കണ്ട്‌ കരുതിവച്ച ശേഷിപ്പുകളോ ഡയറികളോ ലഭ്യമാകാതിരിക്കെ അങ്ങനെയൊരു വിദൂരഭൂതകാലത്തെ പുനഃസൃഷ്ടിക്കുക അതീവ സാഹസികവും ശ്രമകരവുമായ ഉദ്യമമാണ്.‌ അത്തരം ഒരു ചരിത്രപുരുഷന്റെ ജീവചരിത്രം നീതിയുക്തമായും ശില്‌പഭദ്രമായും തയ്യാറാക്കുക എന്ന ക്ലേശകരമായ യത്‌നമാണ്‌ ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌ ‘സിഎസ്‌ നവോത്ഥാന വിപ്ലവകാരി’ എന്ന ബൃഹത്‌ ഗ്രന്ഥത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്‌. ചരിത്രം സംഭവിക്കുകയോ നിര്‍മ്മിക്കപ്പെടുകയോ ചെയ്യാറുണ്ട്‌. 

സാധാരണയായി നിര്‍മ്മിക്കപ്പെടുന്ന ചരിത്രം വ്യക്തിയധിഷ്‌ഠിത താല്‌പര്യങ്ങള്‍, നിലപാടുകള്‍, വിശ്വാസങ്ങള്‍, കാഴ്‌ചപ്പാടുകള്‍, സമീപനങ്ങള്‍, സാഹചര്യങ്ങള്‍ എന്നീ കാരണങ്ങളാല്‍ വസ്‌തുതകളില്‍ നിന്ന്‌ തെന്നിമാറുകയോ തെറ്റി സഞ്ചരിക്കുകയോ ചെയ്യാറുണ്ട്‌. അത്തരം സാഹചര്യങ്ങളില്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ രചനയിലിടം പിടിക്കാറുമുണ്ട്‌. ചരിത്രകാരന്‍ കണ്ടിട്ടില്ലാത്ത, നേരിട്ടറിയാത്ത, ഒരാളുടെ ജീവചരിത്രം, അദ്ദേഹത്തിന്റെ മരണശേഷം ജനിച്ച ഒരാള്‍ എഴുതേണ്ടിവരുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ നിരവധിയാണ്‌. വിവരശേഖരണം, ശ്രേണീകരണം, വിശകലനം, സമഗ്രപരിശോധന, ലഭ്യരേഖകളുമായി ഒത്തുനോക്കല്‍, ഗതകാലത്തിലൂടെ സഞ്ചരിക്കല്‍ തുടങ്ങി മറവിയുടെ മണ്ണടരുകള്‍ക്കുള്ളില്‍ നിന്നും പെറുക്കിക്കൂട്ടിയ പിഞ്ഞിയ തൂവലുകളെ യഥാവിധി ചേര്‍ത്തുവച്ചു അതിലേക്ക്‌ ജീവശ്വാസം ഊതിനിറച്ചുയിര്‍ത്തെടുക്കുകയാണിവിടെ.സി എസ്‌ സുബ്രഹ്മണ്യന്‍ പോറ്റി, ജന്മം കൊണ്ട്‌ ബ്രാഹ്മണന്‍ ആയിരിക്കുകയും കര്‍മ്മം കൊണ്ട്‌ വിപ്ലവകാരിയും മനുഷ്യസ്‌നേഹിയുമായിരിക്കുകയും ചെയ്യുന്ന വിസ്‌മയം നമുക്ക് ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാം. നാലാം ക്ലാസുവരെ പഠിച്ചതല്ലേ, എന്നാല്‍ ശാന്തിപ്പണി ചെയ്‌തുകൊള്ളൂ എന്ന ആക്ഷേപശരമേറ്റ്‌, അധ്യാപകവൃത്തി ഉപേക്ഷിച്ചു ഉപരിപഠനത്തിന്‌ മുതിരുന്ന യുവാവ്‌ സ്വേച്ഛയുടെ പൂര്‍ത്തീകരണം വഴി ആക്ഷേപിച്ചവര്‍ക്കു മുന്നില്‍ ഉന്നത പദവിയിലെത്തുന്നത്‌ കാലം കരുതിവച്ചതുപോലെ തോന്നിയേക്കാം. സ്വസമുദായത്തിലെ ആദ്യ കോളജധ്യാപകനായി, അതിലുപരി കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ പ്രിയപ്പെട്ടവനും ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ട്യൂട്ടറുമായി വളര്‍ന്നത്‌ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും നിശ്ചയ ദാര്‍ഢ്യവും കൊണ്ടായിരുന്നു. വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നല്‍കിയ സിഎസ്‌ സാമൂഹ്യ നവോത്ഥാനം മുന്നില്‍ക്കണ്ടാണ്‌ ധാരാളം സ്‌കൂളുകള്‍ ആരംഭിച്ചത്‌. വിദ്യകൊണ്ട്‌ പ്രബുദ്ധരാകൂ എന്ന ശ്രീനാരായണ ഗുരുദേവ വാക്യം ഒരു പക്ഷേ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം.

ഓരോ അദ്ധ്യായവും ഓരോരോ മേഖലകളില്‍ സിഎസ്‌ എന്ന അതുല്യ പ്രതിഭയുടെ കൈമുദ്ര പതിഞ്ഞിരിക്കുന്നത്‌ എങ്ങനെയെന്നും അതില്‍ ആരൊക്കെ ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ കൂടെയുണ്ടായിരുന്നുവെന്നും അതതു കാലം അവരിലൂടെ എങ്ങനെ രേഖപ്പെട്ടുവെന്നും ഈ കൃതിയിലൂടെ മനസിലാക്കാം. സമകാലികരായ നവോത്ഥാനനായകര്‍ അവരുടെ പ്രവര്‍ത്തന മേഖലകള്‍, സംഭാവനകള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍ എന്നിവയാല്‍ സമ്പന്നം. ക്ഷേത്ര പ്രവേശനാനുമതിക്കായി നടത്തിയ സമരങ്ങളില്‍ കഴുത്തോളം പൊങ്ങിയ പ്രളയജലത്തില്‍ മുങ്ങിനിന്നുകൊണ്ടു സമരം നയിച്ച സന്ദര്‍ഭങ്ങള്‍ ആധുനിക സാമൂഹ്യ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കോ ചിന്തിക്കാന്‍ പോലുമാവില്ല. കീഴാളരെ തൊട്ടതിന്റെ, അവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്വന്തം മാതാവിന്റെ മരണാനന്തര കര്‍മ്മങ്ങളില്‍ നിന്ന്‌ വിട്ടുനിന്ന ബ്രാഹ്മണസമൂഹം പിന്നീട്‌ സിഎസിനെ യോഗക്ഷേമസഭയുടെ അധ്യക്ഷനാക്കി. ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചപ്പോള്‍ വിപ്ലവകാരിയായ നവോത്ഥാന നായകന്‍ ജ്വലിപ്പിച്ച ആശയാഗ്നിയില്‍ വി ടി ഭട്ടതിരിപ്പാട്, ഇഎംഎസ്‌ എന്നിവര്‍ ആകൃഷ്ടരാവുകയും വിപ്ലവാഗ്നി ഏറ്റുവാങ്ങുകയും ചെയ്‌തത്‌ ചരിത്രം. പലപ്പോഴും ചരിത്രം സിഎസിനൊപ്പം സഞ്ചരിക്കുന്നതായി കാണാം. ബഹുലമായ ഉദ്യോഗപര്‍വത്തില്‍ പ്രൈമറി സ്‌കൂളധ്യാപകനില്‍ നിന്ന്‌ കോളജ്‌ അധ്യാപകനിലേക്കുള്ള വളര്‍ച്ചക്കൊപ്പം തന്റെ നാട്ടില്‍ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്ന ഉദ്യോഗസ്ഥനെയും തിരുവിതാംകൂര്‍ ദിവാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയെയും കാണാം. സ്വന്തം ഉയര്‍ച്ചക്കപ്പുറം ജന്മനാടിന്റെ സാംസ്‌കാരിക വളര്‍ച്ചയ്‌ക്കും സമന്വയത്തിനും കീഴാളജനതയുടെ ഉന്നമനത്തിനും വേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുന്ന, പന്തിഭോജനമെന്ന വിപ്ലവകരമായ നടപടിയിലൂടെ സാമൂഹ്യസമത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയെ നേരില്‍ കാണാം. അവിടെയെങ്ങും ജാതി അദ്ദേഹത്തിന്‌ വിലങ്ങായില്ല. ബ്രാഹ്മണപര്‍വ്വത്തിലൂടെ നമ്പൂതിരി സമൂഹം അനുഭവിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ എന്ന നാടകരചനയിലേക്ക്‌ വി ടി ഭട്ടതിരിപ്പാടിനെ കൈപിടിച്ചുയര്‍ത്തുകയും ചെയ്‌ത സമുദായോദ്ധാരകന്‍, ബ്രാഹ്മണ സമുദായചരിത്രം കൂടി വരച്ചുകാട്ടുന്നു. നമ്പൂതിരി സ്‌ത്രീകള്‍ അനുഭവിച്ചിരുന്ന ദുരവസ്ഥകളെ അനാവരണം ചെയ്യുന്നുണ്ട്‌ ഈ കൃതി. അവിടെയെല്ലാം തികഞ്ഞ യുക്തിയും വിവേകവും പക്ഷപാതരഹിതത്വവും രചനയില്‍ പുലര്‍ത്താന്‍ ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസിലെ ചരിത്രകുതുകിയായ എഴുത്തുകാരന്‌ കഴിഞ്ഞു എന്നത്‌ ശ്ലാഘനീയം.

സാഹിത്യപര്‍വത്തില്‍ സിഎസെന്ന എഴുത്തുകാരനെ, സാഹിത്യകാരനെ അടുത്തറിയാം. കവിത, നിരൂപണം, നോവല്‍, വിവര്‍ത്തനം, ലേഖനങ്ങള്‍, ചരിത്രം തുടങ്ങിയ മേഖലകളില്‍ സിഎസിന്റെ സംഭാവന അതുല്യമാണ്‌. ഉയര്‍ന്ന ജാതിക്കാര്‍ക്ക്‌ പ്രത്യേകാധികാരങ്ങളും കീഴാളര്‍ക്ക്‌ അതികഠിനമായ ശിക്ഷകളും നല്‍കിയിരുന്ന ന്യായവൈരുദ്ധ്യത്തിനുള്ളില്‍ നിന്നുകൊണ്ട്‌ സാമൂഹ്യസമത്വത്തിനും സര്‍ക്കാര്‍ ജോലികള്‍ താഴ്‌ന്ന ജാതിക്കാര്‍ക്കും വേണമെന്ന അവകാശവാദം ഉയര്‍ത്തിയ നവോത്ഥാനനായകനെ കാലം വേണ്ടും വിധത്തില്‍ മനസ്സിലാക്കിയോ? ഒരു വ്യക്തിയുടെ ജീവചരിത്രത്തിനൊപ്പം നിരവധിയാളുകളുടെ ജീവിതം ചരിത്ര വസ്‌തുതയാകുന്നത്‌ ഏറെ അഭിമാനകരമാണ്‌. വ്യക്തിയില്‍ നിന്ന്‌ സമൂഹത്തിലൂടെ ദേശമായി മാറുന്ന വളരുന്ന ചരിത്രം വലിയ വായനയ്ക്ക്‌ അവസരമൊരുക്കുന്നു. നൂറുക്കണക്കിന്‌ നവോത്ഥാനനായകരെ, സാഹിത്യകുതുകികളെ, പത്രപ്രവര്‍ത്തകരെ, ഉദ്യോഗസ്ഥരെ, മഹാരാജാക്കന്മാരെ, ദിവാന്മാരെ, ഗുരുക്കന്മാരെ, കുമാരനാശാന്‍, വള്ളത്തോള്‍, ഇഎംഎസ്‌, ശ്രീനാരായണഗുരു, വി വി വേലുക്കുട്ടി അരയന്‍, കേളപ്പന്‍, വിവിധ മിഷനറിമാര്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങിയവരുടെ വലിയൊരു നിരതന്നെ ഈ ഗ്രന്ഥത്തില്‍ ജീവിക്കുന്നു. ജീവചരിത്രമെന്നതിലുപരി ബൃഹത്തായ ഒരു ചരിത്രപുസ്‌തകമായി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി ഹൃദയത്തോട്‌ ചേര്‍ത്തുവെക്കാവുന്ന ഒരു പുസ്‌തകമാണിത്.

സി എസ്‌ നവോത്ഥാന വിപ്ലവകാരി
(ജീവചരിത്രം)
ഡോ. വള്ളിക്കാവ് മോഹന്‍ദാസ്
കേരള സാഹിത്യ അക്കാദമി
വില: 800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.