വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തീർത്തും ദുർബലയായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ വയനാട്ടിൽ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചെങ്കിലും കെട്ടിവച്ച കാശ് കിട്ടിയില്ല. ആ നാണക്കേടില്‍ നിന്ന് കരകയറാന്‍ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ നിയോഗിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് പ്രവർത്തകർ പറയുന്നു. എന്നാൽ പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരുടെ പിടിവാശിയാണ് നവ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് കെ സുരേന്ദ്രൻ അനുകൂലികളുടെ പ്രചാരണം. പാർട്ടിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സ്ഥാനാർത്ഥിക്കെതിരെ ശക്തമായ പ്രചാരണമാണ് ഉയരുന്നത്. വയനാട്ടിലെ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം ശക്തിപ്പെടുന്നത്.
വലിയ പാർട്ടി പാരമ്പര്യമൊന്നുമില്ലാതെ കടന്നുവന്ന് കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ബലത്തിലാണ് നവ്യ ഹരിദാസിനെ അമിതപ്രാധാന്യം നൽകി വളർത്താൻ ഒരു വിഭാഗം നീക്കം നടത്തിയത്. ബിജെപി ദേശീയനിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ എന്നിവരുടെ നീക്കമാണ് ഇവരുടെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചത്.
പാലക്കാട് തന്നോടൊപ്പം നിൽക്കുന്ന സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനിടെ വയനാട്ടിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൗനം പാലിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ജനശ്രദ്ധയാകർഷിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ നവ്യയെ ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് നീക്കമെന്നാണ് വിമർശനം.
തീർത്തും അപ്രതീക്ഷിതമായി നവ്യ ഹരിദാസ് സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നത് വയനാട്ടിലെയും കോഴിക്കോട്ടെയും ഭൂരിഭാഗം പ്രവർത്തകർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. സത്യൻ മൊകേരിയും പ്രിയങ്ക ഗാന്ധിയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വെറും കാഴ്ചക്കാരായി നിൽക്കേണ്ട സാഹചര്യമാണ് നവ്യയുടെ വരവോടെ ഉണ്ടായിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് മുന്നിൽ മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ഉണ്ടാവുന്ന തിരിച്ചടിയെ ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാൻ ശക്തനായ ഒരു നേതാവിനെ നിയോഗിക്കേണ്ടതായിരുന്നു. വയനാട്ടിൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ തന്നെ പ്രവർത്തകർ പ്രയാസപ്പെടുകയാണെന്നും വയനാട്ടിലെ പ്രവർത്തകർ പറയുന്നു.
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപങ്ങളും നവ്യക്കെതിരെ പാർട്ടി ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്. പാർട്ടിയുടെ മെമ്പർഷിപ്പ് ചേർക്കേണ്ട സെപ്റ്റംബർ മാസത്തിൽ സിംഗപ്പൂരിൽ സുഖവാസയാത്ര നടത്തുകയായിരുന്നു നവ്യ ഹരിദാസ് ചെയ്തതെന്നും ഇവരെങ്ങനെ സ്ഥാനാർത്ഥിയായെത്തിയെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. കോർപറേഷനിലേക്ക് മത്സരിച്ച് ജയിച്ച നവ്യയുടെ വളർച്ചയും വളരെ വേഗമായിരുന്നു.
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലെത്തിയ ഇവർ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്. നവ്യയുടെ പ്രചാരണ പരിപാടികൾക്ക് പി കെ കൃഷ്ണദാസും എം ടി രമേശും തന്നെയാണ് നേതൃത്വം നൽകുന്നത്. കെ സുരേന്ദ്രൻ അനുകൂലികൾ ഇപ്പോഴും സ്ഥാനാർത്ഥിയോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനം തുടരുകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.