
രാജ്യത്ത് വിവാദമായ അതിതീവ്ര പ്രത്യേക വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആര്‍) പുരോഗമിക്കവെ, തെരഞ്ഞെടുപ്പ് കമ്മിഷൻ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾ പകുതി പിന്നിട്ട ഘട്ടത്തിൽ, നിയമപരമായ മാർഗനിർദേശങ്ങളില്ലാതെ വോട്ടർ പട്ടികയുടെ ക്രിയാക്രമത്തിൽ (അൽഗോരിതം) മാറ്റം വരുത്തിയെന്നാണ് ആക്ഷേപം. പൗരന്മാർക്കോ ഉദ്യോഗസ്ഥർക്കോ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ നൽകാതെയാണ് കമ്മിഷന്‍ ഇക്കാര്യം നടപ്പിലാക്കിയതെന്നും ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
തങ്ങളുടെ ഡീ-ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വേർ തകരാറിലാണെന്ന് സുപ്രീം കോടതിയെ അറിയിച്ച കമ്മിഷൻ, എട്ട് ദിവസത്തിനുള്ളിൽ 12 സംസ്ഥാനങ്ങൾക്കായി പുതിയ അൽഗോരിതം സജീവമാക്കി. വ്യാജ വോട്ടർമാരെ കണ്ടെത്താനെന്ന പേരിൽ കൊണ്ടുവന്ന ഈ മാറ്റം വോട്ടർമാരുടെ മൗലികാവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രേഖാമൂലമുള്ള നിർദേശങ്ങളോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളോ (എസ്ഒപി) പാലിക്കാതെയാണ് രഹസ്യനീക്കം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ഐആർ നടപടികൾ പാതിവഴിയിൽ എത്തിനിൽക്കെയാണ് ഈ അപ്രതീക്ഷിത മാറ്റം.
1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലെ റൂൾ 21എ പ്രകാരം ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കണ്ടെത്തിയാൽ വിലാസത്തിൽ ഔദ്യോഗിക അറിയിപ്പ് നൽകണം. മറുപടി നൽകാൻ വോട്ടർക്ക് 15 ദിവസത്തെ സമയം അനുവദിക്കണം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇആര്‍ഒ) നേരിട്ട് നടത്തുന്ന പരിശോധനകൾക്കും ഹിയറിങ്ങിനും ശേഷം മാത്രമേ പേര് നീക്കം ചെയ്യാവൂ. എന്നാൽ പുതിയ അൽഗോരിതം നടപ്പിലാക്കിയതോടെ ഈ സുപ്രധാന നിയമങ്ങൾ അവഗണിക്കപ്പെട്ടു.
2018 മുതല്‍ നിലവിലുണ്ടായിരുന്ന ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ജനസംഖ്യപരമായ വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും പൊരുത്തപ്പെടുത്തി രണ്ടോ അതിലധികമോ വോട്ടര്‍ ഐഡി കൈവശം വയ്ക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുന്നു. തുടര്‍ന്ന് ഒന്നോ അതിലധികമോ വോട്ടര്‍ ഐഡികള്‍ കൈവശം വച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും വോട്ടര്‍ക്ക് ഒരു ക്വാസി- ജുഡിഷ്യല്‍ ഹിയറിങ് നടത്തി ഡ്യൂപ്ലിക്കേറ്റ് ഐഡികള്‍ ഇല്ലാതാക്കാനും കഴിയുമായിരുന്നു. എന്നാൽ ബിഹാര്‍ എസ്ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർണായകമായ നടപടി രഹസ്യമായി ഉപേക്ഷിച്ചു. തൽഫലമായി സംസ്ഥാനത്തെ അന്തിമ വോട്ടർമാരുടെ പട്ടികയിൽ 14.35 ലക്ഷത്തിലധികം സംശയാസ്പദമായ എൻട്രികളോ തനിപ്പകർപ്പുകളോ ഉണ്ടെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് കണ്ടെത്തി.
12 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികകളുടെ പരിഷ്കരണത്തിന്റെ മധ്യത്തിൽ കമ്മിഷന്‍ രണ്ടാമത്തെ അൽഗോരിതം സജീവമാക്കുകയായിരുന്നു. മുൻകൂട്ടി അറിയിപ്പില്ലാതെ അൽഗോരിതം മാറ്റിയത് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫിസർമാരും (ബിഎല്‍ഒ) ജില്ലാതല ഉദ്യോഗസ്ഥരും തുടർനടപടികൾ എങ്ങനെ വേണമെന്നറിയാതെ വലയുകയാണ്. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് നിയമവിരുദ്ധമായി പുറത്താക്കാൻ ഈ അശാസ്ത്രീയമായ നീക്കം കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.