25 June 2024, Tuesday
KSFE Galaxy Chits

Related news

June 11, 2024
May 30, 2024
May 18, 2024
May 16, 2024
May 13, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024

ഉറക്കത്തിലും ഉണർവിലും കൊല നടത്തുന്ന സമൂഹം

അജിത് കൊളാടി
വാക്ക്
May 18, 2024 4:45 am

ഗാന്ധിജി സ്വഭാവശുദ്ധി പ്രകടിപ്പിക്കുന്ന കാര്യത്തിൽ വളരെ നിർദയനാണ്. സത്യത്തെ അന്വേഷിച്ചുള്ള നടത്തം ഗാന്ധിജിയെ ജയിലിൽ എത്തിച്ചു. വായനയിലൂടെയും സ്വാതന്ത്ര്യം കിട്ടും എന്ന് ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്. നമ്മൾ വായിക്കേണ്ട പുസ്തകങ്ങളൊക്കെ സൂചിപ്പിച്ചു തന്നിട്ടുണ്ട്. ആത്മകഥ എഴുതിയപ്പോൾ വരുംതലമുറ വായിക്കും എന്നു കരുതിയിട്ടുണ്ടാകും. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ് അതിന്റെ പേര്. നിങ്ങളുടെ പരീക്ഷകളെന്ത് എന്നൊരു ചോദ്യമുണ്ട് അതിൽ. വായിച്ചു കഴിഞ്ഞാലും ഈ ചോദ്യം ചോദിക്കും ആ പുസ്തകം. അപ്പോൾ ഉത്തരം പറയാൻ സാധിക്കണം. ഇന്ന് രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ‑സാമൂഹ്യ‑മത നേതാക്കളോടും ആ ചോദ്യം ചോദിക്കാൻ പറ്റില്ല. അവർ പുസ്തകം വായിച്ചാലല്ലെ ചോദിക്കാൻ പറ്റൂ. ചിലര്‍ പറയുന്നത് അവർ ആത്മകഥ എഴുതും എന്നാണ്. പുസ്തകമെഴുത്തിലൂടെയും ഞങ്ങൾ നിങ്ങളെ കൊല്ലും എന്ന്. കാരണം അവ അസത്യാന്വേഷണ പരീക്ഷണങ്ങൾ ആയിരിക്കും.
ഇന്ന് എന്തു നടന്നാലും നാം സോഫ്റ്റ് (മൃദുലർ) ആണ്. ദുരാചാരം, അധർമ്മം, അനീതി, പട്ടാപ്പകൽ പച്ചനുണ പറയൽ (ഭരണാധിപർ ഉൾപ്പെടെ), പ്രത്യക്ഷമായ വർഗീയ പ്രീണനം, വംശഹത്യകൾ, സ്ത്രീപീഡനങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, ചരിത്രദുർവ്യാഖ്യാനം, ഭരണാധിപൻ പൂജാരിയാകല്‍, ആൾക്കൂട്ട കൊലപാതകങ്ങൾ ഇവയോടൊക്കെ നാം മൃദുലത പുലർത്തുന്നു. ഗാന്ധിജിയാണെങ്കിൽ അനീതിക്കെതിരെ കഠിന ഹൃദയനാണ്. അനീതിയുടെ യുഗത്തിൽ ഒരിക്കലും മൃദുലനാകരുത് എന്ന് ഗാന്ധിജി പറഞ്ഞു. അത് ഒരു മൗലികസത്യമാണ്. രാജ്യത്ത് ഇന്ന് നടക്കുന്നത് അനീതിയടക്കമുള്ള സകലമാന വൃത്തികളോടുമുള്ള മൃദുലതയാണ്. നാം മൃദുലത എന്നു പറയുന്നതിനെ പൊതുവേ ബന്ധിപ്പിക്കുന്നത് പാവങ്ങളോടുള്ള കാരുണ്യത്തോടാണ്. അത്തരത്തിലുള്ള അലിവ് ഇന്നില്ല; അലിവുള്ളത് ക്രിമിനലുകളോടാണ്. ഇന്ന് പലരുടെയും കണ്ണുനീർ കുറ്റവാളികൾക്കും സ്തുതിപാഠകർക്കും വേണ്ടി ഒഴുകുന്നു. ഇത്തരം കണ്ണുനീർ ഉണ്ടാക്കുന്നവരാണ് സമൂഹം നിയന്ത്രിക്കുന്നത്. അങ്ങനെ ഇന്ന് നാം രാജ്യത്ത് ഒരു പുതിയ കണ്ണനീരിന്റെ പ്രവാഹം സൃഷ്ടിച്ചിരിക്കുന്നു. ഗാന്ധിജി സ്വാതന്ത്ര്യ സമരം നടത്തുമ്പോൾ അഭിലഷിച്ചത് ഇത്തരം കണ്ണീരിന്റെ മഹാനദികൾ വറ്റിക്കാനാണ്.

എങ്ങനെയാണ് ക്രിമിനലുകളെ രക്ഷിക്കുക എന്നതാണ് ഭരണകൂടങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും ഗവേഷണം ചെയ്യുന്നത്. ഇത് ഗാന്ധിജിയുടെ ഉപദേശത്തിന് എതിരാണ്. അദ്ദേഹം പറഞ്ഞതെല്ലാം എന്നോ കീഴ്മേൽ മറഞ്ഞുപോയി.
ഇന്ത്യ ആദർശങ്ങൾ തലകുത്തനെ നിൽക്കുന്നൊരു രാഷ്ട്രമായിത്തീർന്നു. തലകീഴായി നിൽക്കുന്നതിൽ വികസന പുരോഗതി കാണുന്ന ഭരണാധികാരി. ഇത്രമാത്രം ചരിത്ര ദുർവ്യാഖ്യാനം നടത്തിയ, നുണകൾ പറഞ്ഞ ഒരു പ്രധാനമന്ത്രി ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. അപരനെ സൃഷ്ടിക്കുക എന്ന സംഘ്പരിവാറിന്റെ ജോലി സ്വയം ഏറ്റെടുത്ത പ്രധാനമന്ത്രി. മുസ്ലിങ്ങളെ നുഴഞ്ഞു കയറ്റക്കാർ എന്നു വിളിച്ച, മുഗൾ രാജവംശ ചരിത്രം വികൃതമാക്കി വ്യാഖ്യാനിക്കുന്ന ഭരണകർത്താവ്. ഒരു വിഭാഗത്തെ കുട്ടികൾ കൂടുതൽ ഉണ്ടാക്കുന്നവർ എന്നു വിളിച്ച് ആക്ഷേപിക്കുന്നു. നുണകളാൽ നിർമ്മിച്ച മോഡി ഗ്യാരന്റികൾ.
ഓർക്കുക, 1935ൽ ഹിറ്റ്ലർ പറഞ്ഞു “രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാരായ ജൂതന്മാർ അനുഭവിച്ചു തീർക്കുന്നു.” 2024ൽ നരേന്ദ്ര മോഡി പറഞ്ഞു “രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാരായ മുസ്ലിങ്ങൾ അനുഭവിച്ചു തീർക്കുന്നു.” ഫാസിസ്റ്റുകളുടെ ചരിത്രങ്ങൾക്ക് വളരെയധികം സാമ്യതകളുണ്ട്. കഴിഞ്ഞ ഒരു മാസം പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകൾ തികച്ചും ജനാധിപത്യവിരുദ്ധവും ചരിത്രവിരുദ്ധവും ആണ്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും കാറ്റ് തങ്ങൾക്ക് പ്രതികൂലമാകുന്നു എന്ന് ബോധ്യപ്പെടുന്നതിന്റെ സൂചനകളാണ് അവ. അപ്പോൾ സംഘ്പരിവാറിന്റെ യഥാർത്ഥ മുഖമായ മുസ്ലിം വെറുപ്പിനെ സർവശക്തിയോടെ സാർവത്രികമായി പുനരുല്പാദിപ്പിക്കുന്നു അവർ. 2006ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് സമൂഹത്തിലെ പാർശ്വവല്‍ക്കരിക്കപ്പെട്ടവരായ ആദിവാസികൾക്കും ദളിതർക്കും പിന്നാക്കക്കാർക്കുമൊപ്പം മുസ്ലിം ന്യൂനപക്ഷങ്ങളെയും വിഭവവിതരണത്തിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞതിനെ വളച്ചൊടിച്ചുകൊണ്ടാണ് മോഡി, വംശീയ ആക്രമണത്തിന് തീ കൊളുത്തിയത്. യഥാർത്ഥത്തിൽ മൻമോഹൻ സിങ് മാത്രമല്ല, വിവിധ സർക്കാരുകൾ നിയോഗിച്ച അന്വേഷണ കമ്മിഷനുകളും, ദേശീയ പിന്നാക്ക സമുദായ കമ്മിഷനും, സച്ചാർ കമ്മിഷൻ റിപ്പോർട്ടും മുസ്ലിങ്ങളുടെ സാമൂഹികമായ പിന്നാക്കാവസ്ഥയെ വെളിപ്പെടുത്തിയിട്ടുണ്ട്. അവരെയാണ് നുഴഞ്ഞുകയറ്റക്കാരും ദേശത്തിന്റെ അധികപ്പറ്റുകളുമായി മോഡി ചിത്രീകരിക്കുന്നത്. ഇത് ഒരു നാസി പ്രചരണ തന്ത്രമാണ്.
രാജ്യത്തിന്റെ ഭരണാധികാരികള്‍ പാവങ്ങളുടെ തലയിലാണ് കാൽവച്ചിരിക്കുന്നത്. പാവങ്ങളുടെ തലയാകരുത് പാദപീഠങ്ങൾ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആരും പാദപീഠങ്ങളായി ഇരിക്കാൻ പാടില്ല. ഭരണാധികാരികൾക്ക് പാദപീഠങ്ങൾ വേണമെങ്കിൽ വീട്ടിലുള്ളവരെ ഇരുത്തണം. ഇന്ത്യയുടെ ചരിത്രത്തിൽ പാദപീഠങ്ങളായി ഇരുന്നവരിൽ പലരും പിൽക്കാലത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും, കേന്ദ്രമന്ത്രിമാരും ആയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അത്തരത്തിലുള്ള ചരിത്രം ആവർത്തിക്കരുത്.

പണ്ട് ക്വിറ്റ് ഇന്ത്യാ സമരത്തിനു അറസ്റ്റ് ചെയ്യപ്പെട്ട്, അലഹബാദിലെ ജയിലിൽ കിടന്ന് തിരിച്ചു വരുമ്പോൾ നെഹ്രുവിന്റെ കയ്യിലുണ്ടായിരുന്നത് ലോകത്തിലെ ഏറ്റവും മഹത്തായ ഇന്ത്യയെ കുറിച്ചുള്ള ഒരു കൃതിയാണ്; ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എന്നതിന്റെ കയ്യെഴുത്ത് പ്രതി. ഏതാണ്ട് നാലു കൊല്ലം കൊണ്ട് ഒരു വിശ്വപ്രസിദ്ധ പുസ്തകമെഴുതി. ഇന്നാണെങ്കിൽ ജയിലിലും പുറത്തും പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയാണ് പലരുടെയും ജീവിതം. പലരും ജയിലിൽ പോകുന്നതുതന്നെ വൻകിട അഴിമതിയും കുറ്റകൃത്യങ്ങളും നടത്തിയിട്ടാണ് താനും. ജനാധിപത്യത്തിന്റെ കോവിലായ പാർലമെന്റിലേക്ക് “ഞാൻ രാജാവാണ്” എന്നു പറയാതെ പറഞ്ഞുകൊണ്ട് ചെങ്കോല്‍ പിടിച്ചു കടന്നുവന്ന പ്രധാനമന്ത്രിയെ നാം കണ്ടു. ജനാധിപത്യത്തെ ഫാസിസ്റ്റുകൾ ഇത്തരം പ്രവൃത്തികളിലൂടെ കശക്കിയെറിയുമ്പോഴും ജനം മൃദുല സമീപനം പുലർത്തുന്നു. ഗാന്ധി ഏറ്റവും കൂടുതൽ പേടിച്ചത് സ്വന്തം അധൈര്യത്തെയാണ്. സത്യത്തോടല്ല, അസാമാന്യ ധൈര്യത്തോടായിരുന്നു ഗാന്ധിയുടെ നിശബ്ദ പ്രണയം. താനൊരു അധീരനാണെന്ന തിരിച്ചറിവിനോടാണ് ഗാന്ധി തന്റെ സഹനങ്ങൾ കൊണ്ട് പൊരുതിയത്. അസാമാന്യ ധൈര്യത്തോടെ അനീതിയെ, അധർമ്മത്തെ, അധികാരികളുടെ ദുരധികാരപ്രവണതകളെ പ്രതിരോധിക്കാൻ, അതിനെ ചോദ്യം ചെയ്യാനാണ് ഗാന്ധി പഠിപ്പിച്ചത്. സമകാലീന ഇന്ത്യയിൽ ചോദ്യം ചെയ്യണമോ വേണ്ടയോ എന്നതാണ് പ്രധാന ചോദ്യം.

ദുരധികാരത്തിനെതിരെ കടുത്ത ചെറുത്തുനില്പ് ഉയരണം. ആ പ്രതിരോധം ജനങ്ങളുടെ ജൈവാസ്തിത്വത്തിൽ നിലകൊള്ളുന്ന സഹജാധികാരമാണ്. അടിച്ചമർത്തുന്ന അധികാര ശക്തിക്കെതിരെ ഉപയോഗിക്കുന്ന പ്രതിശക്തി മാത്രമല്ല ചെറുത്ത് നില്പ്. ജൈവശക്തികളുടെ സ്വാച്ഛന്ദ്യത്തിന്റെ പ്രകാശനമാണ്. രാഷ്ട്രീയ സാമൂഹ്യ ജീവിതം ജൈവാധികാരത്തിന്റെ മനുഷ്യ സവിശേഷമായ രൂപമാണ്. ഈ സഹജാധികാരം നിരന്തരമായി പ്രകാശിപ്പിച്ചാലേ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയൂ. ഉറക്കത്തിലും ഉണർവിലും സമൂഹത്തെ കൊല്ലാൻ നാം അനുവദിക്കരുത്. അത് സാധ്യമാകണമെങ്കിൽ അനീതിക്കെതിരെ, മാനവികതയ്ക്കു വേണ്ടി പ്രതികരിക്കുന്ന ജനത വേണം. അത്തരം ജനതയെ വാർത്തെടുക്കലാണ് ഇടതുപക്ഷ മതേതര ശക്തികളുടെ പ്രഥമ കടമ.
ശത്രുവിനെ കണ്ടു പിടിക്കുക, അല്ലെങ്കിൽ സൃഷ്ടിക്കുക, ശത്രുവിനോടുള്ള വെറുപ്പിലും അവരെ നശിപ്പിക്കാനുമുള്ള ആവേശത്തിലും നിന്ന് അക്രമാസക്തമായ ഒരു ശക്തിയായി ജനതയെ രൂപപ്പെടുത്തുക എന്നതാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ രീതി. ഇതിനെതിരെ പോരാടുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം. ദുരധികാരത്തിനെതിരെ ഭരിക്കപ്പെടുന്നവരുടെ ബദൽ അധികാരത്തിന്റെ മുന്നേറ്റം ഉണ്ടായേ തീരൂ. ജനശക്തിയുടെ മുന്നേറ്റം. ഇടതുപക്ഷം അതിന്റെ നേതൃത്വം ഏറ്റെടുക്കണം. മനുഷ്യജീവിതത്തെ അടിച്ചമർത്തുകയും സങ്കോചിപ്പിക്കുകയും ചെയ്യുന്ന എല്ലാ ശക്തികൾക്കുമെതിരെ ചെറുത്തുനിൽക്കാനും മുന്നേറുവാനുമുള്ള പ്രകൃതിദത്തമായ സഹജാധികാരം ജനങ്ങൾക്കുണ്ട്. ഈ സഹജാധികാരത്തെ ഉയർത്തിക്കൊണ്ടുവരേണ്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. സാധാരണക്കാരായ ജനതയുടെ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, കീഴാളരുടെ ശക്തികളെ രാഷ്ട്രീയ കേന്ദ്രത്തിലേക്ക് ആവാഹിക്കേണ്ട നേതൃപരമായ ഉത്തരവാദിത്തം ഇടതുപക്ഷം നിർവഹിക്കണം എന്ന് കാലം ആവശ്യപ്പെടുന്നു. സംഘ്പരിവാർ ഭരണത്തിനെതിരെ കൃഷിക്കാരും, ദളിതരും, ആദിവാസികളും, തൊഴിലാളികളും, സ്ത്രീകളും, യുവാക്കളും സംഘടിക്കുന്ന കാഴ്ച നമ്മൾ കാണുന്നു. പലയിടത്തും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളിൽ നിന്ന് വേറിട്ട് അവർ ശക്തമായി സംഘടിക്കുന്നു. ഈ സാഹചര്യത്തിൽ ഇടതുപക്ഷം വളരെ ജാഗ്രതയോടെ പ്രവർത്തിക്കണം.

സ്വാതന്ത്ര്യമേ, നിന്റെ ഏഴര ദശകം കൊണ്ട് നീ മഹാത്മാവിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങളിൽ നിന്ന് എത്ര അകലെ. സദ്ബുദ്ധിയുള്ള ഭാരതം വളരണം. ചരിത്രത്തിന്റെ വൃത്തികേടുകൾ കളയുന്ന ദിവസങ്ങൾ അടുക്കുമ്പോൾ നീ ഈ പ്രേതഭൂമിയെ ചവിട്ടിമെതിച്ച് എഴുന്നേൽക്കും. ഫാസിസ്റ്റുകൾ രാഷ്ട്രത്തെ നാശത്തിന്റെ പാതാളത്തിൽ ഇറക്കി. അവർ ഒരുക്കിയത് അന്ധകാരത്തിന്റെ ശവപ്പറമ്പാണ്. അതിൽ നിന്ന് മോചനം നേടുവാൻ അശ്രാന്തപരിശ്രമം ആവശ്യമാണ്, അത് ജനത്തിന്റെ കടമയാണ്. ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണം സ്വാതന്ത്ര്യത്തിന്റെ പുനർജീവനത്തിലൂടെയാണ്. യഥാർത്ഥ സ്വാതന്ത്ര്യം മനുഷ്യത്വം വീണ്ടെടുക്കലാണ്. അതിന്റെ ചാലകശക്തിയായി ജനത പ്രവർത്തിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.