
ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ ക്ഷേത്രദർശനത്തിന് പോയ ഒമ്പതാം ക്ലാസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ സുമന്ത് ആണ് മരിച്ചത്. കുവെട്ടു ഗ്രാമത്തിലെ സുബ്രഹ്മണ്യ നായിക്കിന്റെ മകനാണ് സുമന്ത്. കുട്ടിയുടെ തലയിൽ ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ഏറുകയാണ്. പുലികൾ സ്ഥിരമായി ഇറങ്ങുന്ന മേഖലയായതിനാൽ പുലിയുടെ ആക്രമണമാണോ മരണകാരണമെന്ന സംശയം നാട്ടുകാർ ഉയർത്തുന്നുണ്ട്.
ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ നള ക്ഷേത്രത്തിലെ ധനുപൂജയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു സുമന്ത്. വഴിയിൽ കാത്തുനിൽക്കാമെന്ന് പറഞ്ഞ സ്ഥലത്ത് സുമന്തിനെ കാണാതായതോടെ സുഹൃത്തുക്കൾ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിലെ കുളത്തിന് സമീപം രക്തക്കറ കണ്ടെത്തിയത്. തുടർന്ന് പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ നടത്തിയ തെരച്ചിലിനൊടുവിൽ പകൽ 11.30ഓടെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ അരുൺ കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.