10 December 2025, Wednesday

അട്ടിമറിക്കപ്പെടാവുന്ന നീതിന്യായ വ്യവസ്ഥ

ജയ്സണ്‍ ജോസഫ്
September 15, 2025 4:20 am

കോടതികൾ ശിക്ഷിക്കുന്ന എല്ലാവരും യഥാർത്ഥ കുറ്റവാളികളായിരിക്കണമെന്നില്ല. കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രോസിക്യൂഷനാണ്. നീതിയുടെ പിഴവുകൾക്ക് കാരണമാകുന്ന ചില ഘടകങ്ങൾ — അതായത്, ദൃക്സാക്ഷിയുടെ തെറ്റായ തിരിച്ചറിയൽ, മനുഷ്യന്റെ ഓർമ്മശക്തിക്കുണ്ടാകുന്ന പിഴവുകൾ, തെറ്റായ കുറ്റസമ്മതങ്ങൾ, ചോദ്യം ചെയ്യലിനിടെയുള്ള മാനസിക സമ്മർദത്താൽ ചെയ്യാത്ത കുറ്റങ്ങൾ ഏറ്റുപറയാൻ നിർബന്ധിതരാകുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്യുക, തെളിവുകൾ മറച്ചുവയ്ക്കുക, അനുചിതമായ നടപടിക്രമങ്ങൾ, നിയമവിരുദ്ധമായ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി കാരണങ്ങളിലൂടെ നീതിവ്യവസ്ഥ അട്ടിമറിക്കപ്പെടാം.
പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂട്ടർമാരുടെയും പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഫോറൻസിക് ശാസ്ത്രം ഒരു ശക്തമായ ഉപകരണമാണെങ്കിലും അവിടെയും പിഴവുകൾ സംഭവിക്കാം. വിശകലനത്തിലും തെറ്റുകൾ സംഭവിക്കാം. അഭിഭാഷകർക്ക് പലകാരണങ്ങളാൽ കേസുകൾ നേരായ രീതിയിൽ നടത്താനാവാതെ വന്നേക്കാം. ഇങ്ങനെ ഒട്ടനവധി കാര്യങ്ങളിലൂടെ നിരപരാധിയായ ഒരാൾ ശിക്ഷിക്കപ്പെട്ടേക്കാം.
ഒരു മജിസ്ട്രേറ്റ് കോടതിയിലാണ് കേസെന്ന് കരുതുക. അവിടെ ജാമ്യാപേക്ഷ തീരുമാനിക്കുന്നതിന് 30 ദിവസമെങ്കിലും എടുക്കും. അറസ്റ്റിന്റെ ആദ്യദിനം പൊലീസ് കസ്റ്റഡിയിൽ സ്വാഭാവികമായി വിട്ടുകൊടുക്കും. 14 ദിവസം വരെ കസ്റ്റഡി നീട്ടിക്കൊടുത്താൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നത് ജുഡീഷ്യൽ കസ്റ്റഡി വരെ നീളും. ജാമ്യത്തിനായുള്ള വാദം കേൾക്കുന്നത് പ്രോസിക്യൂഷന്റെ മറുപടി സമർപ്പിച്ച ശേഷമായിരിക്കും. വാദം കേട്ടാലും വിധി പിന്നെയും വൈകാം. ഒരു പൊലീസ് ഉദ്യോഗസ്ഥനോ മജിസ്ട്രേറ്റോ വിചാരിച്ചാൽ മന്ത്രിപദവി ഉൾപ്പെടെ ഇല്ലാതാക്കമെന്ന് സാരം.
ഹൈക്കോടതി വരെ എത്തി ജാമ്യം നേടുമ്പോഴേക്കും തടവുശിക്ഷ ഒരു വർഷം വരെ നീണ്ടു പോയേക്കാം. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക്, പ്രത്യേകിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) തുടങ്ങിയ കർശന നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷകൾ കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും തീരുമാനമെടുക്കാൻ കൂടുതൽ സമയമെടുക്കുകയും പതിവാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി കീഴ്ക്കോടതികളോടും ഹൈക്കോടതികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ പ്രമുഖരുടെ അപ്പീലിനൊഴിച്ച് അതിവേഗ പരിഗണന പൊതുവെ കാണാറില്ല. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യർ എന്നതാണ് തത്വം. പക്ഷേ, നിരപരാധിയായ വിചാരണാത്തടവുകാർക്കും അപരാധിയായ വിചാരണത്തടവുകാർക്കും എങ്ങനെയാണ് തുല്യത കൈവരുന്നത്. അത് പൊതുതത്വമായ നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതിനെ പരിഹസിക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ് ഈ അവകാശം.
രാജ്യത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും ജനപ്രാതിനിധ്യ നിയമം 1951 അനുസരിച്ച് വ്യക്തിഗതവിവരങ്ങൾ ഉൾക്കൊള്ളുന്ന സത്യവാങ്മൂലം സമർപ്പിക്കണം. ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമായി വോട്ടർമാർക്ക് വിവരങ്ങൾ അറിയാനുള്ള അവകാശം പരമോന്നത കോടതി അംഗീകരിച്ചിട്ടുമുണ്ട്. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഒരു സത്യവാങ്മൂലത്തിൽ (ഫോം 26) പ്രത്യേക വിവരങ്ങൾ നൽകണം. സ്ഥാനാർത്ഥികളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തേണ്ട നിർണായക രേഖയാണിത്. ക്രിമിനൽ പശ്ചാത്തലം, ശിക്ഷാവിധികൾ, സ്ഥാനാർത്ഥിയുടെയും പങ്കാളിയുടെയും ആശ്രിതരായ കുട്ടികളുടെയും സ്ഥാവര, ജംഗമ സ്വത്തുക്കളുടെ വിവരം, പൊതു ധനകാര്യ സ്ഥാപനങ്ങളോടുള്ള ബാധ്യതകളുടെയും വിശദമായ വിവരങ്ങൾ തുടങ്ങിയവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
തെറ്റായ സത്യവാങ്മൂലം സമർപ്പിക്കുന്ന സ്ഥാനാർത്ഥികളെ അപലപിക്കുന്നതിൽ സുപ്രീം കോടതി ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. എങ്കിലും സ്വത്തുവിവരങ്ങളുടെയോ കടബാധ്യതകളുടേയോ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളെ അയോഗ്യരാക്കണ്ട എന്ന നിലപാടാണ് കോടതികൾ പൊതുവെ സ്വീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച സത്യവാങ്മൂലത്തിൽ, അത് തെറ്റാണെങ്കിൽ പോലും പലപ്പോഴും ഒന്നും സംഭവിക്കാറില്ല. വ്യാഖ്യാന, വിശകലന രീതികൾ നിയമ നിർമ്മാണം എങ്ങനെ അപഹാസ്യമാക്കുന്നു എന്ന് ഇത്തരം ഉദാഹരണങ്ങളിലൂടെ കാണാനാകും. ഇതനുസരിച്ച് ആടിനെ പട്ടിയാക്കി പലരെയും ഒതുക്കാൻ നിയമ ഭേദഗതി കളമൊരുക്കും. അതിനാൽ ഈ നിയമഭേദഗതിയെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
പുതിയ ബിൽ പ്രാബല്യത്തിലായാൽ, നാമനിർദ്ദേശം ചെയ്ത ഭരണകക്ഷിയുടെ യാതൊരു പങ്കും കൂടാതെ ഒരു മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ കഴിയും. കൂടാതെ, ക്രിമിനൽ നടപടി കുറ്റവിമുക്തനാക്കിയാൽ ആ വ്യക്തിയെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്ന് ഉറപ്പില്ല. കൂടാതെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പോലുള്ള ചില നിയമനിർമ്മാണങ്ങളിൽ, ഒരു വർഷത്തിനുള്ളിൽ ജാമ്യം ലഭിക്കണമെങ്കിൽ, അയാൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. ഭീമ‑കൊറേഗാവ് കേസുകൾ പോലുള്ള അനുഭവങ്ങൾ പരിഗണിച്ചാല്‍ അഞ്ച് വർഷങ്ങള്‍ കഴിഞ്ഞാലും അതായത് ഒരു പാർലമെന്റ് അംഗത്തിന്റെ കാലാവധി കഴിഞ്ഞാലും ജാമ്യം ലഭിക്കുന്നത് അസാധ്യമാകുന്ന സ്ഥിതി നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.
ഭരണകക്ഷിയുടെ നീതി സ്ഥാപനത്തിനുള്ള ഒരു മാർഗമായും പുതിയ ബിൽ പ്രചരിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്ഥാനത്തെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ് വാചാടോപം. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ അധികാരമുള്ളതിനാൽ നിലവിലെ പ്രധാനമന്ത്രിക്കെതിരെ ഏജൻസികൾ എപ്പോഴെങ്കിലും കേസ് ഫയൽ ചെയ്യുമെന്ന് പ്രതീക്ഷിക്കാനാകുമോ. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ രാഷ്ട്രപതി സ്ഥാനത്തെക്കുറിച്ചും ബില്ലിനെ അനുകൂലിക്കുന്നവര്‍ ഏറെ പറയുന്നു. നിർഭാഗ്യവശാൽ, ഒരു റബ്ബർ സ്റ്റാമ്പ് എന്ന നിലയിലാണ് രാഷ്ട്രപതി പദവി. അത്തരമൊരു സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രോസിക്യൂഷന് അനുമതി നൽകാൻ പ്രസിഡന്റിന് ഫലപ്രദമായ അധികാരമുണ്ടെന്ന് പ്രതീക്ഷിക്കുന്നതും പ്രായോഗികമല്ല. അപ്പോൾ ഈ ഭേദഗതി നിർദ്ദേശവുമായി ബന്ധപ്പെട്ട മറ്റൊരു ലക്ഷ്യം മറനീക്കുന്നു.
വളരെക്കാലമായി, ഈ ഭരണകൂടം കേശവാനന്ദ് ഭാരതിയുടെ തീരുമാനത്തിൽ കുടുങ്ങിക്കിടക്കുകയാണ് . തീരുമാനം പുനഃപരിശോധിക്കണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നതിന്റെ നിരവധി സൂചനകൾ ഉണ്ട്. ഒരുപക്ഷേ, അത്തരമൊരു ഭേദഗതി ബിൽ സുപ്രീം കോടതിയിൽ എത്തുകയാണെങ്കിൽ, പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും, ‘പാർലമെന്ററി ജനാധിപത്യം’ അടിസ്ഥാന ഘടനയുടെ ഭാഗമാണോ എന്ന ചർച്ചയിലേക്ക് നയിക്കും. ഈ അപകടകരമായ ബിൽ ഒരു ദിവസം നിയമമായി മാറിയാൽ, അതിന്റെ പിടിവാശിക്ക് ഇരയായേക്കാവുന്നവരെ ചരിത്രം വിധിക്കട്ടെ എന്നേ പ്രതീക്ഷിക്കാനാകൂ. കാരണം കോടതിക്കോ ഭരണഘടനയ്ക്കോ അത് ചെയ്യാൻ കഴിയുമോ എന്ന് ഇനി അത്ര ഉറപ്പോടെ പറയാൻ കഴിയില്ല.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.