
സംസ്ഥാന സ്കൂൾ കായിക മേളയുടെ നീന്തൽ മത്സരങ്ങൾക്ക് തിരശീല വീഴുമ്പോൾ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. നിലവിലെ ചാമ്പ്യൻമാരായ തിരുവനന്തപുരം 73 സ്വർണവും 63 വെള്ളിയും 46 വെങ്കലവുമായി 649 പോയിന്റോടെയാണ് ഒന്നാംസ്ഥാനത്ത് മുത്തമിട്ടത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് കയറിവരാൻ ഒരു അവസരവും നൽകാതെയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. തൃശൂർ 16 സ്വർണവും 10 വെള്ളിയും 17 വെങ്കലവുമായി 149 പോയിന്റുമായാണ് രണ്ടാമതെത്തിയത്. മൂന്നാംസ്ഥാനത്ത് എട്ട് സ്വർണ്ണവും 18 വെള്ളിയും 16 വെങ്കലവുമായി 133 പോയിന്റോടെ എറണാകുളമാണ്.
തലസ്ഥാനത്തെ സ്കൂളുകൾ തന്നെയാണ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മികച്ച സ്കൂളുകളിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. എംവിഎച്ച് എസ്എസ് തുണ്ടത്തിൽ 16 സ്വർണവും 12 വെള്ളിയും രണ്ട് വെങ്കലവുമായി 118 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ഗവൺമെന്റ് വിഎച്ച്എസ്എസ് പിരപ്പൻകോട് എട്ട് സ്വർണവും ആറ് വെള്ളിയും ആറ് വെങ്കലവുമായി 64 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി. ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് കന്യാകുളങ്ങര അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും ആറു വെങ്കലവുമായി 58 പോയിന്റുകളോടെ മൂന്നാം സ്ഥാനത്ത് എത്തി.
വ്യക്തിഗത ചാമ്പ്യന്മാരിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്ട്രോക്ക്, 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയത് സായി തൃശൂരിലെ അജീത് യാദവാണ്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച തൃശൂരിന്റെ നിവേദ്യ വി എന്നും 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ഫ്രീ സ്റ്റൈൽ എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരത്തിന്റെ അജൂഷി അവന്തിക എസ് എയും പുരസ്കാരത്തിന് അർഹരായി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ, 400 മീറ്റർ ഫ്രീ സ്റ്റൈൽ, 200 മീറ്റർ ബട്ടർഫ്ലൈ എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരത്തിന്റെ മോങ്ങം യഗ്ന സായി അർഹനായി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് പേർക്കാണ് വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത്. തിരുവനന്തപുരം ഗവൺമെന്റ് എച്ച്എസ്എസ് വെഞ്ഞാറമൂടിലെ ഭാഗ്യ കൃഷ്ണ, ശ്രീകാര്യം ലയോള സ്കൂളിലെ എബ്ബ ആദില, ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കലിലെ വൃന്ദ ആർഎസ്എസുമാണ് പുരസ്കാരത്തിന് അർഹരായത്.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും തിരുവനന്തപുരത്തിന്റെ നീന്തൽ മികവാണ് പ്രകടമായത്. സീനിയർ ആൺകുട്ടികളിൽ ഗവൺമെന്റ് വിഎച്ച്എസ്എസ് പിരപ്പൻകോടിന്റെ ശ്രീഹരി ബി, എം വി എച്ച്എസ്എസ് തുണ്ടത്തിലിലെ മോങ്ങം യഗ്ന സായി, കൗസ്തുഭനാഥ് എന്നിവർ ചാമ്പ്യന്മാരായി. സീനിയർ പെൺകുട്ടികളിൽ എം വി എച്ച്എസ്എസ് തുണ്ടത്തിലിലെ പവനി സരയു, ഗവൺമെന്റ് വിഎച്ച്എസ്എസ് പിരപ്പൻകോടിന്റെ ദക്ഷിണ ബിജോ, ഗവൺമെന്റ് എച്ച്എസ്എസ് വെഞ്ഞാറമൂടിലെ വിദ്യാലക്ഷ്മി എന്നിവർ വിജയികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.