
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ ഉപകരണം മറന്നുവെച്ച സംഭവം അന്വേഷിക്കാൻ നാലാംഗസംഘത്തെ നിയോഗിച്ചതായി മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഡോ ബി പത്മകുമാർ. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്‍റെ വയറ്റിൽനിന്ന് ഉപകരണം കണ്ടെത്തിയ സംഭവം വിവാദമായതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആർഎംഒ ഡോ. ലക്ഷ്മി ചെയർമാനായി നാലംസംഘം വിശദമായി അന്വേഷിക്കും. സർജറി വിഭാഗം മേധാവി ഡോ സജികുമാർ, ഗൈനക്കോളജി വിഭാഗം പ്രഫ. ഡോ അനുസൂയ, ഫോറൻസിക് വിഭാഗം അസോ. പ്രസഫർ ഡോ രാഖി എന്നിവരാണ് സംഘത്തിലുള്ളത്. ഇവരുടെ അന്വേഷണറിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടിയുണ്ടാകും. വിഷയത്തിൽ പ്രാഥമികഅന്വേഷണം നടത്തി വിവരം സർക്കാറിനെ ധരിപ്പിച്ചു.
അന്നത്തെ ഗൈനക്കോളജി വിഭാഗത്തിലെ അസി പ്രഫസർ ഡോ ഷാഹിദയുടെ നേതൃത്വത്തിലാണ് ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയത്. ഇപ്പോൾ സർവിസിലുള്ളവരും വിരമിച്ചവരും ഉൾപ്പെടുന്നവർ സംഘത്തിലുണ്ട്. കോവിഡുകാലത്താണ് ശസ്തക്രിയ നടന്നത്. അതിനാൽ ഫ്ലോര്‍ നഴ്സ് അടക്കമുളള സ്റ്റാഫിന്റെ കുറവുണ്ടായെങ്കിലും ഉപകരണങ്ങൾ എഴുതി സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല. രേഖകൾ പരിശോധിച്ചപ്പോൾ ഇക്കാര്യം ബോധ്യപ്പെട്ടു. 20വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയതെങ്കിൽ അത് രണ്ടാമത്തെ ശസ്ത്രക്രിയയിൽ കണ്ടെത്തുമായിരുന്നു. 3.5 കിലോ മുഴനീക്കിയ വലിയ ശസ്ത്രക്രിയയാണ് നടന്നത്. 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് മെഡിക്കൽകോളജിൽ ചികിത്സക്കെത്തിയത്.
പരിശോധനയിൽ ഗർഭ പാത്രത്തിലെ മുഴയാണെന്ന് തിരിച്ചറിഞ്ഞു. മേയ് 12നായിരുന്നു ശസ്ത്രക്രിയ. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജായി. പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ മെഡിക്കൽകോളിൽ തുടർചികിത്സക്ക് എത്തിയില്ല. കഴിഞ്ഞദിവസം ന്യുറോജിസ്റ്റിന് കാണിച്ച് എക്സ്റേ എടുത്തപ്പോഴാണ് ഉപകരണം വയറ്റിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഗൈനക്കോളജിവിഭാഗത്തിൽ വന്ന് ഡോക്ടറെ കണ്ടു. ആവശ്യമായ രക്തപരിശോധന നടത്തി അഡ്മിറ്റാകാൻ നിർദേശിച്ചെങ്കിലും അതിന് തയാറാകാതെ മടങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.