9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 3, 2025
March 27, 2025
March 26, 2025
March 26, 2025
February 28, 2025
February 27, 2025
February 10, 2025
January 7, 2025
January 6, 2025
December 11, 2024

‘ഒരു ടെർമിനൽ പ്രണയകഥ’; പുതിയ അനുഭവ ലോകങ്ങൾ തുറന്നു തരുന്ന നാടകം

എം ജെ ശ്രീചിത്രൻ 
April 3, 2025 12:07 pm

തിരുവനന്തപുരത്ത് ഗണേശത്തിന്റെ വേദിയിൽ കഴിഞ്ഞൊരു ദിവസം ഒരു നാടകം കണ്ടിരുന്നു. എ പി ടി (എ പ്ലെയ്സ് ഫോർ തീയേറ്റർ) എന്ന ഗ്രൂപ്പിന്റെ ‘ഒരു ടെർമിനൽ പ്രണയകഥ ‘. അനീഷ് ബാബുരാജ് എന്ന യുവാവാണ് സംവിധാനം.
എസ് ആർ ലാലിന്റെ ‘കോട്ടയം കഥ പോലെ’ എന്ന കഥയെ ആധാരമാക്കി നിർമ്മിച്ച നാടകമാണ് ഒരു ടെർമിനൽ പ്രണയകഥ. താരതമ്യേന നാടകത്തിലഭിനയിച്ച മിക്കവരും പുതുമുഖങ്ങൾ. പരിശീലന സ്കിറ്റുകളിൽ നിന്ന് ഒരു നാടകത്തിലേക്ക് എത്തിച്ചേർന്നതാണ് ഈ നാടകത്തിന്റെ പിറവി എന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും കൈത്തഴക്കമുള്ള നാടകകലാകാരൻമാരുടെ ആത്മവിശ്വാസത്തോടെയാണ് നാടകത്തിൽ എല്ലാവരുടെയും പ്രകടനം അരങ്ങിൽ കണ്ടത്. വേണ്ടത്ര പരിശീലനവും സ്വന്തമായ പരിശ്രമവും ഓരോരുത്തരും എടുത്തത് നാടകാവതരണത്തിൽ വ്യക്തമായിരുന്നു. 

മറ്റൊരു സാഹിത്യരൂപത്തിൽ നിന്ന് നാടകത്തിലേക്ക് ഒരു പ്രമേയത്തെ മാറ്റുക എന്നത് ശ്രമകരമായ ജോലിയാണ്. നാടകത്തിന് വേണ്ടി എഴുതപ്പെടുന്ന സ്ക്രിപ്റ്റിന് അരങ്ങിനു വേണ്ടി എഴുതപ്പെട്ട പ്രയുക്തസങ്കൽപ്പം ഉണ്ടായിരിക്കും, എന്നാൽ മറ്റൊരു സാഹിത്യരൂപത്തിന് ആ ബാധ്യതയില്ല. ചെറുകഥയാവുമ്പോൾ എഴുത്തുകാരൻ ഓരോ അനുഭവ തലത്തെയും എഴുത്തിന്റെ പ്രകാശന രീതിശാസ്ത്രത്തിലാണ് ആവിഷ്കരിക്കുന്നത്. പ്രത്യേകിച്ചും പുതുകാല ചെറുകഥകളിൽ ദൃശ്യപരത താരതമ്യേന കുറവുമാണ്. ചെറുകഥയിൽ അതൊരു ന്യൂനതേയല്ല. കാരണം ചെറുകഥയുടെ ലക്ഷ്യം തീയറ്ററല്ല. വായനക്കാരനുമായി, വായനക്കാരന്റെ മനസിലെ അനുഭവലോകവുമായി സ്വകാര്യമായ സംവേദനമാണ് ചെറുകഥ ലക്ഷ്യമിടുന്നത്. എസ് ആർ ലാലിന്റെ ഈ ചെറുകഥ കുറച്ചു മുൻപുള്ളതാണ്, നേരത്തേ ഞാനിത് വായിച്ചിട്ടുണ്ട്. ഒരു നാടകമാക്കാൻ ആലോചിക്കുന്ന ചെറുകഥകൾ എടുത്താൽ എന്റെ കണ്ണിൽ കോട്ടയം കഥ പോലെ എന്ന ലാലിന്റെ കഥ പ്രഥമപരിഗണനയിൽ വരില്ല. എന്നാൽ ഈ നാടകത്തിന്റെ സ്ക്രിപ്റ്റിലും സംവിധാനത്തിലും സ്വീകരിച്ചിരിക്കുന്ന നിരവധി ആവിഷ്കരണ തന്ത്രങ്ങളിലൂടെ ആ വെല്ലുവിളികളെ സമർത്ഥമായി നാടക പ്രവർത്തകർ മറികടന്നിരിക്കുന്നു. ഏറ്റവും അഭിനന്ദനാർഹമായ കാര്യം അതാണ്. 

ബസിനുള്ളിൽ വച്ച് നടക്കുന്ന സംഭവങ്ങളിലൂടെ വികസിക്കുന്ന ചെറുകഥയുടെ ആഖ്യാനത്തെ ടെർമിനലിലെ കാത്തുനിൽപ്പും അനുബന്ധ സംഭവങ്ങളുമായി വികസിപ്പിക്കുകയും കഥയിലില്ലാത്ത, എന്നാൽ കഥാപ്രകൃതിയോട് പൂർണമായും ഇടഞ്ഞുനിൽക്കാത്ത ചില കഥാപാത്രങ്ങളെ പുതുതായി സൃഷ്ടിക്കുകയും ചെയ്തു കൊണ്ടാണ് നാടകം നിർവഹിച്ചിരിക്കുന്നത്. പുതുതായി നാടകത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങൾ ആകട്ടെ നാടകം കഴിഞ്ഞ ശേഷവും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നവയാണ്. ജോർജ് വടക്കൻ എന്ന പ്രേംജിത്ത് ചെയ്ത കഥയിലില്ലാത്ത പുതിയ കഥാപാത്രം നാടകത്തിൽ പ്രധാനമായി മാറുന്നു. അല്പസമയമേ ഉള്ളൂ എങ്കിലും സൂര്യ എസ് കുറുപ്പ് ചെയ്ത ലൈംഗികതൊഴിലാളിയുടെ പുതിയ കഥാപാത്രം ആവിഷ്കരണം കൊണ്ടും കഥാപാത്രസൃഷ്ടി കൊണ്ടും മികച്ചതാണ്. റൂമി മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെ നിരവധി എഴുത്തുകാരുടെ വരികളും ഗൂർണിക്ക എന്ന ചിത്രവും നാടകത്തിൽ സമർഹമായി ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു. ഗൂർണ്ണിക്ക പസിൽ രംഗപരമായി ആവിഷ്കരിച്ചുകൊണ്ട് തുടങ്ങുന്ന നാടക പ്രാരംഭം മുതൽ ചെറുകഥയുടെ ആഖ്യാനത്തിൽ നിന്ന് നാടകീയമായ രംഗത്തിലേക്ക് പരാവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ മനോഹരമായി നിര്‍വഹിച്ചിട്ടുണ്ട്.
നാടകത്തിലേക്ക് പുതിയ അനുഭവ ലോകങ്ങൾ കടന്നുവരികയാണ്, പുതിയ നാടക പ്രയോക്താക്കളും. പ്രതീക്ഷ നൽകുന്ന ഈ അവതരണത്തിന് എല്ലാ ആശംസകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.