28 September 2024, Saturday
KSFE Galaxy Chits Banner 2

കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി

Janayugom Webdesk
കോഴിക്കോട്
January 7, 2023 10:54 pm

അഞ്ചുദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവർന്ന രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും ശ്രദ്ധേയമായി. ചരിത്രത്തിൽ പുതിയ ഏടുകൾ തീർത്താണ് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങിയത്. മുഴുവൻ വേദികളിലും സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ സംഘാടകർക്ക് സാധിച്ചു. അപ്പീലുകളിലൂടെ എത്തിയ മത്സരാർത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. 21 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിയത്. പരാതികളുയരാത്ത തരത്തിൽ മികച്ച രീതിയിൽ കലോത്സവം സംഘടിപ്പിക്കാനായത് കമ്മിറ്റികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും സ്വാഗതസംഘം ചെയർമാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും പറഞ്ഞു. 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ കലാപ്രതിഭകളുടെ സുഗമമായ യാത്രയ്ക്കായി ഒരുക്കിയ കലോത്സവ വണ്ടികളുടെ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിഭിന്നമായാണ് ഇത്തരത്തിലൊരു പുത്തൻ ആശയം കൈക്കൊണ്ടത്. പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കോഴിക്കോട്ടെ ഓട്ടോറിക്ഷ തൊഴിലാളികളുമെത്തിയതോടെ സംഭവം ഹിറ്റായി.
വേദികളുടെ പൂർണ്ണ നിയന്ത്രണം അധ്യാപികമാർക്ക് നൽകി കലോത്സവത്തിൽ പുതുചരിത്രം രചിക്കാൻ കോഴിക്കോട് നടന്ന കേരള സ്കൂൾ കലോത്സവത്തിന് സാധിച്ചു. സ്റ്റേജ് മാനേജ്മെന്റ്, ആങ്കറിങ് ഉൾപ്പെടെ 24 വേദികളിലും അവർ നിറഞ്ഞുനിന്നു. ശില്പം, മണൽ ശില്പം, ഗിറ്റാർ ആകൃതിയിലുള്ള കൊടിമരം തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങളാണ് കലോത്സവം മുന്നോട്ട് വച്ചത്. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് കലോത്സവം സംഘടിപ്പിച്ചത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കുടിവെളള വിതരണത്തിനായി മൺകൂജകളാണ് ഒരുക്കിയത്. രാപ്പകലില്ലാതെ കോർപറേഷന്റെയും ഗ്രീൻ ബ്രിഗേഡിന്റെയും സേവനവും ലഭ്യമായിരുന്നു. 

കലോത്സവം ആരംഭിച്ച ജനുവരി മൂന്ന് മുതൽ ഏഴ് വരെ മുഴുവൻ വേദികളും ജനസാഗരമായ കാഴ്ചയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് ഓരോ ദിവസവും കലോത്സവം കാണാൻ ഒഴുകിയെത്തിയത്. കലോത്സവത്തെ ജനങ്ങൾ ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്നതായിരുന്നു രാവിലെ മുതൽ രാത്രി വരെ വേദികളെല്ലാം ജനനിബിഡമായ കാഴ്ച. കലാപ്രകടനങ്ങളുമായി മത്സരാർത്ഥികൾ വേദികൾ കീഴടക്കിയപ്പോൾ ഹർഷാരവത്തോടെയാണ് കാണികൾ അവ നെഞ്ചിലേറ്റിയത്. 

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. ദിനംപ്രതി 25000 ഓളം ആളുകളാണ് ഭക്ഷണത്തിനായി ചക്കരപന്തലിലെത്തിയത്. മെഡിക്കൽ സേവനങ്ങളുമായി ആരോഗ്യ വിഭാഗവും, പൊലീസ്, ഫയർഫോഴ്സ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, എൻസിസി, എസ്‌പിസി കേഡറ്റുകൾ, യുവജന ക്ഷേമ ബോർഡിന്റെ ടീം കേരള വളണ്ടിയർമാർ ഉൾപ്പെടെയുള്ളവർ കർമ്മ നിരതരായി എല്ലാ വേദികളിലുണ്ടായിരുന്നു. 

Eng­lish Sum­ma­ry; A thrilling finale to the kalol­savam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.