18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 1, 2024
September 20, 2024
June 9, 2024
March 23, 2024
February 7, 2024
August 2, 2023
February 15, 2023
January 22, 2023
January 17, 2023
December 12, 2022

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുമാറ്റത്തിന്റെ കാലം

Janayugom Webdesk
ഷില്ലോങ്
January 22, 2023 11:11 pm

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുമാറ്റത്തിന്റെ കാലം. ത്രിപുരയ്ക്കും മേഘാലയയ്ക്കും പിന്നാലെ നാഗാലാൻഡിലും പ്രമുഖനേതാക്കള്‍ മറുകണ്ടം ചാടി. മുൻ നാഗാലാൻഡ് മന്ത്രി ഇംകോങ് എൽ ഇംചെൻ എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (എൻഡിപിപി) ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് രാജി. സീറ്റ് നിഷേധിക്കപ്പെടുമെന്ന ആശങ്കയാണ് പാര്‍ട്ടിമാറ്റത്തിലേക്ക് വഴിയൊരുക്കിയതെന്നാണ് സൂചന.

2003 മുതൽ കൊരിദാങ് അസംബ്ലി മണ്ഡലത്തില്‍ നിന്നും നാല് തവണ വിജയിച്ച നേതാവാണ് ഇംചെൻ. 2022 ഏപ്രിലിൽ എൻഡിപിപിയിൽ ലയിച്ച 21 എൻപിഎഫ് നിയമസഭാംഗങ്ങളിൽ അദ്ദേഹവും ഉൾപ്പെടുന്നു. എൻപിഎഫിന് നിലവില്‍ മൂന്ന് എംഎൽഎമാര്‍ മാത്രമാണ് സഭയിലുള്ളത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും എം‌എൽ‌എമാരുടെ കൂറുമാറ്റം മൂന്ന് സംസ്ഥാനങ്ങളിലും പുതിയകാര്യമല്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മേഘാലയയിലെ അഞ്ച് എംഎല്‍എമാര്‍ രാജിവച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനും എച്ച്‌എസ്‌പിഡിപിക്കും ഔദ്യോഗികമായി എംഎല്‍എമാരില്ലാത്ത അവസ്ഥയെത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ജയിപ്പിച്ചെടുത്ത 17 എംഎല്‍എമാരെയും നഷ്ടമായി. 

ക്യാബിനറ്റ് മന്ത്രിയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എംഎല്‍എയുമായ റെനിക്ടണ്‍ ലിങ്ദോ ടോങ്ഖര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഷിറ്റ്ലാങ് പാലെ, സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ മെയ്റല്‍ബോണ്‍ സയീം, പിടി സോക്മി, സ്വതന്ത്ര എംഎല്‍എ ലംബര്‍ മലന്‍ജിയാങ് എന്നിവരാണ് ഏറ്റവുമൊടുവില്‍ രാജിവച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

മേഘാലയയില്‍ ഭരണകക്ഷിയായ എന്‍പിപി 60ല്‍ 58 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഒരുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയിലെത്തിയിട്ടുള്ളവരാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാരായിരുന്ന അംപാരന്‍ ലിങ്ഡോയ്ക്കും അദ്ദേഹത്തോടൊപ്പം പാര്‍ട്ടിയിലെത്തിയവര്‍ക്കും എന്‍പിപി സീറ്റ് നല്‍കിയിട്ടുണ്ട്. ഇതുപോലെ കഴിഞ്ഞമാസം പാര്‍ട്ടിയിലെത്തിയ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എംഎല്‍എമാരായ ജാസണ്‍ സാക്മി മൗലോങ്ങിനും ഹാമില്‍ട്ടണ്‍ ഡോലിങ്ങിനും അവരുടെ സിറ്റിങ് സീറ്റുകള്‍ പാര്‍ട്ടി വിട്ടുനല്‍കിയിട്ടുണ്ട്.
ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്‌ടിയില്‍ നിന്നും എട്ട് എംഎല്‍എമാര്‍ പ്രദ്യോത് ദേബ്‌വര്‍മന്‍ നയിക്കുന്ന ടിപ്രമോത പാര്‍ട്ടിയിലേക്ക് ചേര്‍ന്നിരുന്നു. ഒരു ബിജെപി എംഎല്‍എയും ഇവര്‍ക്കൊപ്പം ടിപ്രമോതയിലെത്തി. സുദീപ് റോയ്‌വര്‍മന്‍, ആശിഷ സാഹ എന്നിവര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലും ചേര്‍ന്നിട്ടുണ്ട്. ബിജെപി നേരിടുന്ന ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും മൂന്നാം കക്ഷിയായി ടിപ്രമോതയുടെ സാന്നിധ്യവും സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: A time of tran­si­tion in the north­east­ern states

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.