
വോട്ടർപട്ടിക പുതുക്കലിനുള്ള മുന്നൊരുക്കം ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി ആകെ 26,50,163 വോട്ടർമാരാണുള്ളത്. ഇതിൽ 12,64,500 പുരുഷന്മാരും 13,85,628 സ്ത്രീകളും 35 ട്രാൻസ്ജെൻഡറുകളുമുണ്ട്. ജില്ലയിൽ ആകെ 2338 ബൂത്തുകളുണ്ടെന്ന് കലക്ടർ അറിയിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമവും വിശദാംശങ്ങളും അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി പങ്കുവയ്ക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. എല്ലാ ബൂത്തിലും ഒരു ബൂത്ത് ലെവൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. പത്ത് ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്താൻ ഒരു ബിഎൽഒ സൂപ്പർവൈസറെയും നിയമിച്ചിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർക്കും ബിഎൽഒ സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം പൂർത്തിയാക്കി. നിലവിൽ വോട്ടർമാരായ എല്ലാവർക്കും ബിഎൽഒ പ്രിന്റ് ചെയ്ത എന്യൂമറേഷൻ ഫോം രണ്ട് കോപ്പി വീതം വീട്ടിൽ എത്തിച്ച് നൽകും. ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരും ഫോൺ നമ്പറും എന്യൂമറേഷൻ ഫോമിലുണ്ടാകും.
നിലവിൽ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്ക് ഫോറം ആറും ഡിക്ലറേഷൻ ഫോമും നൽകും. വോട്ടർമാർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ഒരു കോപ്പി ബിഎൽഒയ്ക്ക് തിരികെ നൽകണം. വോട്ടർമാർക്ക് voters.eci.gov.in എന്ന വെബ്സൈറ്റ് മുഖനേയോ ECINET എന്ന ആപ്പ് മുഖനേയോ ഓൺലൈനായി ഫോമുകൾ സമർപ്പിക്കാനുളള സൗകര്യമുണ്ട്. വോട്ടർമാർ നിലവിൽ സ്ഥലത്തിലെങ്കിലും അടുത്ത ബന്ധുക്കൾക്ക് എന്യൂമറേഷൻ ഫോം ഒപ്പ് വച്ച് നൽകാം. എന്യൂമറേഷൻ ഫോമിനൊപ്പം വോട്ടർ ഒരു ഡോക്യുമെന്റും നൽകേണ്ടതില്ല. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് ഫോറം വിതരണത്തിനും സ്വീകരണത്തിനുമായി കമ്മീഷൻ അനുവദിച്ചിട്ടുള്ള സമയം. എന്യൂമറേഷൻ ഫോം പൂർത്തിയാക്കി നൽകുന്ന എല്ലാവരേയും ഉൾപ്പെടുത്തി ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാരെയാണ് ഉൾപ്പെടുത്തുക. കരട് പ്രസിദ്ധീകരിച്ച ശേഷം ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ട് വരെ ഒരു മാസം ആക്ഷേപങ്ങള്‍ സമർപ്പിക്കാം. 2002 ൽ അവസാനം തീവ്ര പുതുക്കൽ നടത്തി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംഈ വിവരം എന്യൂമറേഷൻ ഫോമിൽ രേഖപ്പെടുത്താം. അവർ പുതിയതായി ഒരു രേഖയും നൽകേണ്ടതില്ല. പൊതു ജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സഹായത്തിനായി ജില്ലാ തലത്തിൽ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.
ഹെൽപ്ഡെസ്ക് നമ്പർ : 0487 2631036.
യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കൃഷ്ണകുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോൺസൺ കാഞ്ഞിരത്തിങ്കൽ, വി സുൽത്താൻ ബാബു, കെ വി ദാസൻ, എം എസ് ശിവരാമകൃഷ്ണൻ, പ്രകാശ് മാസ്റ്റർ തുണ്ടത്തിൽ, ബി ശശിധരൻ, മുരളി കോളങ്ങാട്ട്, ഇ എം സതീശൻ, ടി പ്രദീപ്കുമാർ, റാണി ആന്റോ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.