

ലക്ഷദ്വീപ്, അറബിക്കടലിൽ, കേരള തീരത്തിന് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ്. കവരത്തിയാണ് തലസ്ഥാനം. മനോഹരമായ പവിഴപ്പുറ്റുകൾ, പ്രകൃതിഭംഗി നിറഞ്ഞ ബീച്ചുകൾ, പച്ചപ്പ് നിറഞ്ഞ പ്രകൃതി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കൊച്ചി യിൽ നിന്ന് വിമാനമാർഗ്ഗം എളുപ്പത്തിൽ ഇവിടെയെത്താം. കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് വിമാനയാത്ര ഏതാണ്ട് 1.5 മണിക്കൂറാണ്. കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് 459 കി. മീ. ദൂരം ഉണ്ട്. പ്രധാനമായും മത്സ്യബന്ധനം, തെങ്ങ് കൃഷി, കയർ നിർമ്മാണം എന്നിവയാണ് ഇവിടുത്തെ തൊഴിലുകൾ. ഇപ്പോൾ ടൂറിസവും. മലയാളവും, മഹൽ ഭാഷയും, പിന്നെ ദീപ് ഭാഷയായ ജസരിയും സംസാരിക്കുന്ന പ്രദേശം. വിസ്തീർണ്ണം 32 ചതുരശ്ര കിലോമീറ്റർ മാത്രമായ ഇത് ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്ന്. 36 ദ്വീപുകളിൽ 10 ദ്വീപുകളിൽ ജനവാസമുണ്ട്. ലക്ഷദ്വീപ് എന്ന പേരിന്റെ അർത്ഥം ഒരു ലക്ഷം ദ്വീപുകൾ എന്നതാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് സന്ദർശനത്തിന് പറ്റിയ സമയം. അതിൽ തന്നെ ഏറ്റവും നല്ല സമയം എന്ന് പറയുന്നത് ജനുവരി ആണ്.
ലക്ഷദ്വീപിലേക്കുള്ള യാത്രക്ക് നിയന്ത്രണങ്ങൾ ഉണ്ട്. ലക്ഷദ്വീപ് ഭരണ കൂടത്തിന്റെ എൻട്രി പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ അവിടെ പ്രവേശിക്കാൻ കഴിയുകയുള്ളൂ. കൂടാതെ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണം.
ശാന്തമായ ബീച്ചുകൾക്കും വൈവിധ്യമാർന്ന ടൂറിസം ഓഫറുകൾക്കും പേരുകേട്ട ഈ സ്ഥലം, ശാന്തതയും സാഹസികതയും ആഗ്രഹിക്കുന്ന സഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്നു. ലക്ഷദ്വീപ് വളരെ സവിശേഷവും വളരെ ഒറ്റപ്പെട്ടതുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ദ്വീപിലെ വിവിധ ടൂറിസം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്കൂബ ഡൈവിംഗ് കേന്ദ്രങ്ങളിലൊന്നാണ് ലക്ഷദ്വീപ്. കൂടാതെ സ്‌നോർ കെല്ലിങ്ങും കയാക്കിങ്ങും. ഗൂഗിളിൽ സെർച്ച് ചെയ്ത് ആ സ്ഥലത്തെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസിലാക്കി യാത്ര ചെയ്യുന്നത് നല്ലതാണ്.
ലക്ഷദ്വീപ് യാത്രാ വിവരണം എഴുതുന്നതിന് മുമ്പ് ആ സ്ഥലത്തെ ചില പൊതുവായ കാര്യങ്ങൾ കൂടി എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്താം എന്ന് കരുതുകയാണ്. എല്ലാ ഇന്ത്യക്കാർക്കും ലക്ഷദ്വീപിൽ സ്ഥലം വാങ്ങാവുന്നതാണ്. പക്ഷെ വളരെ സങ്കീർണ്ണമായ നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ ആരും അതിനുവേണ്ടി കാര്യമായി മെനെക്കെടാറില്ല. ജനസംഖ്യ ഏതാണ്ട് 64,000 മാത്രമാണ്. ലക്ഷദ്വീപിൽ മദ്യം ഉപയോഗം പൂർണ്ണമായി വിലക്കിയിട്ടുണ്ട്. വിമാന യാത്ര പരിശോധനയിൽ മദ്യം കണ്ടാൽ അത് പിടിച്ചെടുക്കും. എങ്കിലും ബങ്കാരം ദ്വീപിൽ മാത്രം നിയന്ത്രണ വിധേയമായി മദ്യം അനുവദനീയമാണ്. ആന്ദ്രോത്തും, അഗത്തിയുമാണ് ലക്ഷദ്വീപിലെ വലിയ ദ്വീപുകൾ. ലക്ഷദ്വീപിൽ ഏതാണ്ട് 96.5% മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. 3% ഹിന്ദുക്കളാണ്, 0.5 % ക്രൈസ്തവരും. ലക്ഷദ്വീപിൽ 4 പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ ഉണ്ട്. എന്നാൽ ക്രിസ്ത്യൻ പള്ളികൾ ഉള്ളതായി കേട്ടില്ല. അഗത്തി ദ്വീപിന്റെ നീളം 7.6 കിലോമീറ്ററും, വീതി വീതി 0.9 കിലോമീറ്ററുമാണ്. അഗത്തിയാണ് ഏറ്റവും മനോഹര ദ്വീപ്. അവിടെ മാത്രമാണ് എയർ പോർട്ട് ഉള്ളത്. അവിടെയാണ് ഞങ്ങൾ ചെന്ന് ഇറങ്ങിയത്. ആ ദ്വീപ് ആയിരുന്നു ഞങ്ങളുടെ പ്രധാന സന്ദർശന കേന്ദ്രം. ഇനി യാത്രയുടെ വിവരണം ആരംഭിക്കാം.
ഞങ്ങൾ ജനുവരി 7 ന് ആണ് യാത്ര ആരംഭിച്ചത്. അന്ന് രാവിലെ 11:45 നുള്ള അലയൻസ് എയറിന്റെ വിമാനത്തിലാണ് യാത്ര ചെയ്തതു്. അലയൻസ് എയർ, കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു പ്രാദേശീക എയർലൈൻ ആണ്. 70 പേർക്ക് മാത്രമാണ് യാത്ര ചെയ്യാവുന്നത്. വളരെ ചെറിയ വിമാനം. കാണുമ്പോൾ പേടി തോന്നും. വലിയ കാറ്റിൽ പറന്നുപോകുമോ എന്ന് വിചാരിച്ചു പോകും. ഞങ്ങളുടെ വിമാനത്തിൽ ഒരു വിഐപി ഉണ്ടെന്നു പറഞ്ഞിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ കുറെ ആളുകൾ പൂവും മറ്റുമായി സ്വീകരിക്കാൻ എത്തിയിരുന്നു. അന്വേഷിച്ചപ്പോൾ മനസിലായി ഏതോ സംസ്ഥാനത്തെ ഒരു എംപി യാണ്. ഏതോ യോഗത്തിൽ പങ്കെടുക്കാൻ വന്നതാണ്. വിമാനത്തിൽ അര ലിറ്ററിന്റെ ഒരു കുപ്പി വെള്ളം മാത്രമാണ് ലഭിച്ചത്. ഒരു ചായ കിട്ടിയാൽ കൊള്ളാം എന്ന് ആഗ്രഹിച്ചുപോയി. രണ്ടു എയർഹോസ്റ്റസുമാരും ഉണ്ടായിരുന്നു. അവർക്ക് കാര്യമായി ജോലി ഒന്നും കണ്ടില്ല. എന്തായാലും ഞങ്ങൾ ഒന്നര മണിക്കൂറിൽ ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ ഇറങ്ങി. ചെറിയ വിമാനത്താവളം ആയിരുന്നു. വേഗത്തിൽ ലഗേജ് കിട്ടി. ഞങ്ങളയെയും കാത്ത് അവിടെ 7 സീറ്റിന്റെ വണ്ടികൾ എത്തിയിരുന്നു. ഇത്തരത്തിലുള്ള 7 സീറ്റർ ടാക്സി വണ്ടികളാണ് അവിടത്തെ പ്രധാന ടൂറിസം യാത്ര സംവിധാനം. നന്നായി പെരുമാറുന്ന ടാക്സി ഡ്രൈവർമാർ. ഇവരായിരുന്നു എല്ലാ ദിവസവും ഞങ്ങളെ ഓരോ സ്ഥലത്തും കൊണ്ടു പോയിരുന്നത് ഞങ്ങൾ താമസസ്ഥലത്തേക്ക് നീങ്ങി. മനോഹരമായ വീതി കുറഞ്ഞ കോൺക്രീറ്റ് റോഡുകളിൽ കൂടിയായിരുന്നു യാത്ര. അവിടെ ബസുകൾ ഇല്ല. റോഡ് സൈഡ് നിറയെ തെങ്ങുകൾ. രണ്ടു വശങ്ങളിലും അറബിക്കടൽ. ചെറിയ കച്ചവട സ്ഥാപനങ്ങൾ. ടൂറിസം വികസനത്തിന്റെ ഭാഗമായി ധാരാളം കെട്ടിടങ്ങളുടെ പണി നടക്കുന്നുണ്ടായിരുന്നു.
ഞങ്ങൾക്ക് താമസിക്കാൻ വളരെ സൗകര്യപ്രദമായ എസി മുറികൾ ഒരുക്കിയിട്ടുണ്ടായിരുന്നു. ഭക്ഷണത്തിനും, വിശ്രമത്തിനും ശേഷം ഞങ്ങളുടെ ലക്ഷദ്വീപ് കാഴ്ച ആരംഭിച്ചു. അഗത്തി ദ്വീപിന്റെ ചുറ്റളവ് ഏതാണ്ട് 17 കിലോമീറ്റർ മാത്രമാണ്. അതിനാൽ ദ്വീപിന് ചുറ്റും ബീച്ചുകളാണ്. അപകടമില്ലാത്ത ബീച്ചുകളായതിനാൽ എവിടെയും ഇറങ്ങി കുളിക്കാം. പക്ഷെ ജെട്ടികൾ ചില പ്രദേശങ്ങളിൽ മാത്രമേ ഉള്ളൂ.
അഗത്തിയിലെ വെസ്റ്റ് ജെട്ടി ബീച്ചിൽ മനോഹരമായ കടൽത്തീരവും, ക്രിസ്റ്റൽ ക്ലിയർ വെള്ളവുമാണ്. പവിഴപ്പുറ്റുകളും നിറഞ്ഞ ഒരിടമാണ്. ഇവിടെ നിന്ന് ദ്വീപിന്റെ കാഴ്ചകളും വാട്ടർ സ്പോർട്സുകളും ആസ്വദിക്കാം. പ്രാദേശിക ജനങ്ങളുടെ ജീവിതം കാണാനും ഇവിടെ സാധിക്കും. ഇതൊരു മത്സ്യബന്ധന കേന്ദ്രമാണ്. ധാരാളം മത്സ്യ ബന്ധന ബോട്ടുകളും, കപ്പലുകളും ഉണ്ടായിരുന്നു. ഈ ബീച്ചുകളിൽ കൂടി നടക്കാനും വലിയ സൗകര്യമാണ്. കോർഡേലിയ, ക്രൂയിസുകാരുടെ ലക്ഷദ്വീപിലെ പോർട്ട് ഇവിടെയാണ്. യാത്രക്കാർ ഇവിടെ ഇറങ്ങിയാണ് അവരുടെ വാട്ടർ ആക്ടിവിറ്റീസ് നടത്തുന്നത്. അതിനുവേണ്ടി ബീച്ചിൽ വലിയ സംവിധാനങ്ങൾ ഒരുക്കിയിരുന്നത് കണ്ടു. ഞങ്ങൾ എല്ലാ ദിവസവും ഇവിടം വരെ രാവിലെ നടക്കാനും വന്നിരുന്നു,
അവിടെ നിന്നും അടുത്ത ബീച്ചായ ലഗൂൺ ബീച്ചിലേക്കാന് പോയത്. ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്ന്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ, അതിശയിപ്പിക്കുന്ന നീലരത്‌നം പോലുള്ള വെള്ളം, വെളുത്ത മണ്ണ്, ശാന്തമായ തടാകം. നീന്താനും മറ്റെല്ലാ ജല കേളികൾക്കും പറ്റിയ തീരം. എങ്കിലുമതൊന്നും അധികം പേര് ഉപയോഗിക്കുന്നില്ല എന്നാണു തോന്നിയത്. ഈ പ്രദേശം സ്വതന്ത്രമായി എല്ലാവർക്കും ഉപയോഗിക്കാൻ പറ്റിയാൽ അഗത്തി ലോകത്തിലെ ഏറ്റവും നല്ല വിനോദ കേന്ദ്രമായേനെ.
നമ്മെ ഏറ്റവും ആകർഷിക്കുന്ന ചില കാര്യങ്ങൾ ഇവിടെ ഉണ്ട്. ഇവിടെ നായകളും, പാമ്പും, കാക്കയും ഒന്നുമില്ല. ധൈര്യപൂർവം നടക്കാം. പത്രങ്ങൾ, ടീവി, തുടങ്ങിയ ഇവിടെ രാഷ്‌ട്രീയ സംഘടനകളും കുറവാണ്, സിനിമ തീയേറ്ററും ഇല്ല. ഇവിടെ ഇരു ചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ കണ്ടത്. കൊച്ചു പെൺകുട്ടികളും ഇവയിൽ ചീറി പാഞ്ഞു നടക്കുന്നുണ്ട്. നമുക്ക് വാടകയ്ക്ക് എടുക്കാം. ദിവസം 250 രൂപ വാടക, പെട്രോളുമടിക്കണം. പക്ഷെ ആരും ഹെൽമെറ്റ് വയ്ക്കുന്നില്ല. പ്രൈവറ്റ് ബസ് ഇല്ലാത്തതിനാലാവാം. ധാരാളം ഓട്ടോറിക്ഷകൾ കണ്ടു. മിനിമം ചാർജ് നാട്ടുകാർക്ക് 70 രൂപ, പുറത്തു ള്ളവർക്ക് 90 രൂപ. വളരെ മാന്യമായ പെരുമാറ്റം ആണ് എല്ലാവരിൽ നിന്നും ലഭിച്ചത്.
ഇന്നത്തെ അവസാന പരിപാടിയായി ആന്ദൻ ബീച്ചിലും പോയി. ഇതും അതി മനോഹരമായ മറ്റൊരു ബീച്ച്. എത്ര കണ്ടാലും മതിവരാത്തതാണ് ഇവയുടെയെല്ലാം സൗന്ദര്യം. ഇനിയുള്ള വിശേഷങ്ങൾ അടുത്തതിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.