6 December 2025, Saturday

Related news

December 5, 2025
November 21, 2025
October 31, 2025
October 29, 2025
October 11, 2025
October 8, 2025
October 8, 2025
October 2, 2025
October 2, 2025
September 30, 2025

ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം ; എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 13, 2023 7:21 pm

ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.

രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവില്‍ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. മതനിരപേക്ഷതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്‍റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്‍റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലില്‍ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം. അതിനായി എംപിമാര്‍ ശബ്ദമുയര്‍ത്തണം. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങള്‍ ഇതുവരെ ജിഎസ്ടി കൗണ്‍സില്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് എംപിമാര്‍ പറഞ്ഞു.

സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം നടത്തുന്ന നിയമനിര്‍മ്മാണ നടപടികളെ പാര്‍ലമെന്‍റില്‍ ശക്തമായി എതിര്‍ക്കണം.

2023 ആഗസ്ത് 15 മുതല്‍ സെപ്തബര്‍ 15 വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയില്‍ അമിതമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രവ്യോമയാന മന്ത്രിക്ക് അയച്ച കത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
യാത്ര സുഗമമാക്കാന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള പോയിന്‍റ് ഓഫ് കോള്‍ അംഗീകാരം ലഭ്യമാക്കാനാവണം. കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള ഭൂമി ഒരു മാസത്തിനകം ഏറ്റെടുത്ത് നല്‍കും.റെയില്‍വേ ട്രാക്കിന് കുറുകെ ഇഎച്ച്ടി ലൈനുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുമതി ലഭിക്കേണ്ടതുണ്ട്.
തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍— നഞ്ചങ്കോട് റെയില്‍ പദ്ധതികളുടെ പുതുക്കിയ അലൈൻമെന്‍റില്‍ വിശദമായ സര്‍വ്വേ നടത്തി ഡിപിആര്‍ തയ്യറാക്കുന്നതിന് കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാകാനുണ്ട്. അത് വേഗത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം പാര്‍ലന്‍റെില്‍ ഉന്നയിക്കേണ്ടതുണ്ട്. അങ്കമാലി — ശബരി റെയില്‍പദ്ധതിയുടെ എസ്റ്റിമേറ്റ്, ഡിപിആര്‍ എന്നിവ അംഗീകരിക്കുന്നതിനും മതിയായ തുക അനുവദിക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്തണം. കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍ പാതയുടെ കാര്യത്തിലും ഇടപെടല്‍ ഉണ്ടാവണം.

കെഎസ്ഐഡിസിയും ശ്രിചിത്രയും ചേര്‍ന്ന് നടപ്പാക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്‍റെ നടത്തിപ്പിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിന് ശ്രീചിത്ര തിരുനാള്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളിജിക്കുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി നിലവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ കിടക്കുകയാണ്. ഇത് എത്രയും വേഗത്തില്‍ ലഭ്യമാക്കണം. എച്ച് എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുള്ള തടസ്സം നീക്കണം. പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിനെ സംസ്ഥാനസര്‍ക്കാരിന് കൈമാറാനുള്ള നടപടികളുമുണ്ടാകണം. കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ 123 ഏക്കര്‍ സ്ഥലത്താണ് കമ്പനി സ്ഥിതി ചെയ്യുന്നത്. യോഗത്തില്‍ മന്ത്രിമാര്‍, എംപിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish summary;A unan­i­mous opin­ion should be adopt­ed against a sin­gle civ­il code; Chief Min­is­ter in the meet­ing of MPs

you  may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.