
വി എസിന്റെ നിര്യാണത്തോടെ അസ്തമിച്ചത് മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിധ്യമെന്ന് മന്ത്രിസഭാ യോഗം അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ അദ്ദേഹം വര്‍ത്തമാനകാല രാഷ്ട്രീയവുമായി ഇണക്കി നിർത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് അനുശോചന കുറിപ്പിൽ പറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നു.
വി എസിന്റെ വിയോഗത്തോടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് അദ്ദേഹത്തിന്റെ ജീവിതം. തൊഴിലാളി-കർഷക മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു വളർന്ന വി എസിന്റെ രാഷ്ട്രീയജീവിതം ഒരു ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെയാണ് വളർന്നത്. നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലും വി എസ് നല്‍കിയ സംഭാവനകള്‍ മറക്കാനാവാത്തതാണ്. 1967, 7 വര്‍ഷങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്നും 1991 ല്‍ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതല്‍ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016 മുതല്‍ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ മുമ്പോട്ടു കൊണ്ടുപോകാൻ അനവരതം യത്നിച്ചുകൊണ്ടുമാണ് വി എസ് അച്യുതാനന്ദൻ മന്ത്രിസഭ മുമ്പോട്ടുപോയതെന്നും മന്ത്രിസഭ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.