റാന്നിയില്‍ പച്ചക്കറി വ്യാപാരിക്ക് അക്രമികളുടെ വെട്ടേറ്റു ദാരുണാന്ത്യം. ചേത്തക്കല്‍ സ്വദേശി പുത്തന്‍പുരയില്‍ അനില്‍കുമാര്‍(52) ആണ് മരിച്ചത്. കടയിലെ ജീവനക്കാരി തമിഴ്നാടു സ്വദേശി മഹാലക്ഷ്മിയെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നിന് അങ്ങാടി പേട്ട എസ്.ബി.ഐ ബാങ്കിന് സമീപത്തെ അനിലിന്റെ കടയുടെ മുന്നിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പ്രതികളായ അങ്ങാടി കരിങ്കുറ്റി സ്വദേശി പുറത്തേപറമ്പിന്‍ കാലായില്‍ ഇടത്തന്‍ എന്നു വിളിക്കുന്ന പ്രദീപ് കുമാര്‍ (42), അയല്‍വാസി കടമാന്‍കുളത്ത് രവീന്ദ്രന്‍(40) എന്നിവരെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മദ്യലഹരിയിലായിരുന്ന പ്രദീപും, രവീന്ദ്രനും പച്ചക്കറി കടയിൽ എത്തി കാരറ്റ് എടുത്തു കഴിച്ചു.
രണ്ടു തവണ എടുത്തപ്പോൾ ജീവനക്കാരി മഹാലക്ഷ്മി തടഞ്ഞു. കാരറ്റിന് വലിയ വിലയാണെന്നും വേണമെങ്കിൽ പണം തന്ന് വാങ്ങി കഴിക്കാനും പറഞ്ഞു. തുടർന്ന് പ്രതികൾ കാൽകിലോ കാരറ്റ് വാങ്ങി. എന്നാൽ, പണം നൽകാൻ തയാറായില്ല. മഹാലക്ഷ്മിയും കടയിലുണ്ടായിരുന്ന ബംഗാളി സ്വദേശിയായ ജീവനക്കാരനും പണം ആവശ്യപ്പെട്ട് ഇവരോട് തർക്കിച്ചു. ജീവനക്കാരെ ഇവര്‍ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്‌തു. തുടര്‍ന്ന് പണം നൽകാതെ ഇരുവരും വീട്ടിലേക്ക് പോവുകയും പിന്നാലെ രാത്രി വൈകി വടിവാളുമായി തിരിച്ചു വരികയുമായിരുന്നു. കടയിൽ എത്തിയ ഇവർ ആദ്യം മഹാലക്ഷ്മിയെ വെട്ടി. അവരുടെ കൈക്കാണ് വെട്ടേറ്റത്.
കടയിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയ കടയുടെ ഉടമ അനിലിനെ ഇരുവരും ചേർന്ന് കടയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി വെട്ടിക്കൊല്ലുകയായിരുന്നു. തലയുടെ പിന്നിലും മറ്റുമായി ആഴത്തില്‍ മുറിവേറ്റ അനില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ റാന്നി പൊലീസ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രാത്രി തന്നെ രണ്ടു പേരേയും പിടികൂടി. പ്രതികളില്‍ ഒരാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: പുഷ്പ. മക്കള്‍: അജ്ഞലി, അനൂപ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.