16 March 2025, Sunday
KSFE Galaxy Chits Banner 2

പ്രതിഷേധത്തിന്റെ കടലിരമ്പം തുടങ്ങി

Janayugom Webdesk
കൊച്ചി
February 27, 2025 6:30 am

കടൽ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനത്ത് തീരദേശ ഹർത്താല്‍ തുടങ്ങി. മാർച്ച് 12ന് ചരിത്ര സംഭവമാകുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി ഇന്നലെ അര്‍ധരാത്രി ആരംഭിച്ച ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രി വരെ തുടരും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളുടെയും 600 കിലോമീറ്ററിലധികം വരുന്ന കടലോരത്ത് കക്ഷിരാഷ്ട്രീയത്തിനും മത‑സാമുദായിക പരിഗണനകൾക്കും അപ്പുറത്ത് മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമായി ബന്ധപ്പെട്ട ജനലക്ഷങ്ങൾ കേന്ദ്രത്തിന്റെ കടൽ മണൽ ഖനന നീക്കത്തിനെതിരെ പ്രതിരാേധം തീർക്കുകയാണെന്ന് ഓൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജനറല്‍ സെക്രട്ടറി പി രാജു പറഞ്ഞു.

കടലിന്റെ നെഞ്ച് കുഴിച്ച് വാരിയെടുക്കുന്ന കോടിക്കണക്കിന് ടൺ വരുന്ന മണൽ ഉൾക്കൊള്ളാൻ കടലോരത്തിനാവുമോ എന്ന കാര്യത്തിൽ വേണ്ടത്ര ആലോചന പോലുമില്ലാതെയാണ്, കോർപറേറ്റുകളുടെ കീശയിലെ പണം മാത്രം ലക്ഷ്യമിട്ട് കടൽക്കച്ചവടത്തിന് കേന്ദ്രം എടുത്തു ചാടുന്നതെന്ന് രാജു പറഞ്ഞു.
ഇന്ന് ഒരു വള്ളംപോലും കടൽ കാണാത്ത ചരിത്ര ദിവസമായിരിക്കുമെന്ന് കേരളാ സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജനറല്‍ സെക്രട്ടറി ടി രഘുവരൻ ചൂണ്ടിക്കാട്ടി. തീരദേശ ഹർത്താലും മാർച്ച് 12ലെ പാർലമെന്റ് മാർച്ചും, കേരളത്തിന്റെ തീരമേഖലയിലേക്ക് വൻകിട കുത്തകകളെ ആനയിക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെ പുനർചിന്തനത്തിന് നിർബന്ധിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 22 മത്സ്യ സങ്കേതങ്ങളിൽ ഏറ്റവും ഉല്പാദന ക്ഷമതയുള്ളതെന്ന് പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ വർക്കല മുതൽ അമ്പലപ്പുഴ വരെയുള്ള കൊല്ലം പരപ്പ് എന്ന ക്വയിലോൺ ബാങ്ക് കേന്ദ്ര സർക്കാരിന്റെ ധനക്കൊതി മൂലം നാമാവശേഷമാകുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുഐസി) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ചൂണ്ടിക്കാണിച്ചു. മത്സ്യസമ്പത്ത്, ആവാസ വ്യവസ്ഥ, പരിസ്ഥിതി എന്നിവയെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ സമുദ്ര — മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ യോഗം വിളിച്ച് ആശങ്കകൾ ദൂരീകരിക്കണമെന്ന ആവശ്യം ബിഎംഎസ് ദേശീയ സെക്രട്ടറിയിൽ നിന്നുണ്ടായിട്ട് പോലും കേരളത്തിലെ സംഘ്പരിവാർ സംഘടനകളൊന്നും വിഷയത്തിൽ പ്രതികരിക്കാത്തത് കടുത്ത ആക്ഷേപത്തിനിടയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.