
വിവാഹമോചനത്തിന് നോട്ടീസയച്ചതിൽ പ്രകോപിതനായി ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബസവേശ്വരനഗർ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായ ഭുവനേശ്വരി (39) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ (40) തോക്കുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ ഭുവനേശ്വരി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാജാജിനഗറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചാണ് സംഭവം. വഴിയിൽ കാത്തുനിന്ന ബാലമുരുകൻ ഭുവനേശ്വരിക്ക് നേരെ അഞ്ച് തവണ വെടിയുതിർത്തു. തലയ്ക്കും കൈയ്ക്കും വെടിയേറ്റ ഭുവനേശ്വരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സേലം സ്വദേശികളായ ഇവർ 2011ലാണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ കാരണം പിരിഞ്ഞു താമസിക്കുകയായിരുന്നു. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമായിരുന്നു ബാലമുരുകനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മക്കളോടൊപ്പം രഹസ്യമായി മാറിത്താമസിക്കുകയായിരുന്ന ഭുവനേശ്വരിയുടെ വിലാസം കണ്ടെത്തിയ ബാലമുരുകൻ, അവരുടെ വീടിന് സമീപത്തേക്ക് താമസം മാറ്റി നിരീക്ഷിച്ചു വരികയായിരുന്നു. ഒരാഴ്ച മുൻപ് ഭുവനേശ്വരി വിവാഹമോചന നോട്ടീസ് അയച്ചതോടെ ബാലമുരുകൻ പ്രകോപിതനാകുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. ഇയാൾക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പന്ത്രണ്ടും എട്ടും വയസ്സുള്ള രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.