
രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കുറ്റകരമായ അവഗണനയും അനാസ്ഥയും വിവേചനവുമാണ് കേന്ദ്രം കാട്ടുന്നത്. ഇതിന്റെ ഉത്തരവാദിത്തം നിര്‍ണയിക്കാനും പരിഹാരം കണ്ടെത്താനുമായി ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ദുരന്തനിവാരണത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും ബിജെപി ഭരണകൂടം പരാജയമാണ്. രാജ്യത്ത് എല്ലാ ഭാഗങ്ങളിലെയും ദുരിതബാധിത സമൂഹങ്ങളോട് ഐക്യപ്പെടുന്നുവെന്നും അധികാരത്തിലിരിക്കുന്നവരിൽ നിന്ന് അടിയന്തരവും സമഗ്രവുമായ സഹായങ്ങളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമുണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ആറ് പ്രമേയങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി, പഞ്ചാബ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നിര്‍മ്മല്‍ സിങ് മാലേവാള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പലസ്തീന്‍, ക്യൂബന്‍ ജനതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയങ്ങള്‍, ജിഎസ്ടി പരിഷ്കരണം 2, സാര്‍വത്രിക ആരോഗ്യ സംരക്ഷണം, 16-ാം കേന്ദ്ര ധനകമ്മിഷനില്‍ പുതുച്ചേരിയെകൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളാണ് അംഗീകരിച്ചത്.
വിദേശ പ്രതിനിധികളെ ഇക്കുറി പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നില്ല. നവംബറില്‍ വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. 37 രാജ്യങ്ങളിലെ സഹോദര പാര്‍ട്ടികളില്‍ നിന്നും അഭിവാദ്യ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.
കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകനം, സംഘടനാ റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. കേരളത്തില്‍ നിന്ന് അജിത് കൊളാടി, ആര്‍ ലതാദേവി, ടിയു മുന്നണിയെ പ്രതിനിധീകരിച്ച് ആര്‍ പ്രസാദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ന് കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകനം, സംഘടന, ഭരണഘടനയും പാര്‍ട്ടി പരിപാടിയും എന്നിവ സംബന്ധിച്ച് പ്രതിനിധികള്‍ വിവിധ കമ്മിഷനുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തും. തുടര്‍ന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടുകളും കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍, ക്രഡന്‍ഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളും അവതരിപ്പിക്കും. നാളെ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുക്കും. പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പുകളോടെ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.