
ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്ത്രീയോ പങ്കാളിയാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് യുഎന്‍. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായാണ് ഡ്രഗ്സ് ആന്റ് ക്രൈം (യുഎന്‍ഒഡിസി), യുഎന്‍ വിമണ്‍ വിഭാഗങ്ങള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഓരോ ദിവസം ശരിശരി 137 പെണ്‍ഹത്യകളുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 83,000 സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇതിന്റെ 60 ശതമാനത്തോളം വരുന്ന 50,000 പേരെ കൊലപ്പെടുത്തിയത് പങ്കാളിയോ കുടുംബത്തിലെ അടുത്തബന്ധുവോ ആണ്. എന്നാല്‍ ഇതേകാലയളവില്‍ പുരുഷന്മാരെ പങ്കാളികളോ ബന്ധുക്കളോ കൊലപ്പെടുത്തുന്ന സംഭവം 11 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീട് അപകടകരവും മാരകവുമായ സ്ഥലമായി തുടരുകയാണെന്ന് യുഎന്‍ഒഡിസി ആക്ടിങ് എക്സിക്യൂട്ട് ഡയറക്ടര്‍ ജോണ്‍ ബ്രാന്‍ഡോലിനോ പറഞ്ഞു. പെണ്‍ഹത്യകള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനൊപ്പം ഇത്തരം കൊലപാതകങ്ങള്‍ക്കെതിരായ നിയമനടപടികള്‍ ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ വഴിയുള്ള സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് യുഎന്‍ വിമണ്‍സ് പോളിസി ഡിവിഷന്‍ ഡയറക്ടര്‍ സാറ ഹെന്‍ഡ്രിക്സ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് നേരിട്ടുള്ള ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും കടക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്കെതിരായ അതിക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പങ്കാളികളോ അടുത്ത ബന്ധുക്കളോ ഏറ്റവും കൂടുതല്‍ സ്ത്രീകളെ കൊലപ്പെടുത്തുന്നത് ആഫ്രിക്കയിലാണ് (ഒരു ലക്ഷം പേരില്‍ മൂന്ന് പേര്‍ വീതം കൊല്ലപ്പെടുന്നു), രണ്ടാമത് അമേരിക്ക(1.5), ഓഷ്യാനിയ (1.4), ഏഷ്യ (0.7), യൂറോപ്പ് (0.5) എന്നിങ്ങനെയാണ് മറ്റ് മേഖലയിലെ കണക്കുകള്‍. വീടിന് പുറത്ത് സ്ത്രീഹത്യകൾ നടക്കുന്നുണ്ടെങ്കിലും, വിവരങ്ങള്‍ പരിമിതമാണ്. 2023 ലെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ആശ്വാസകരമായ കുറവല്ലെന്നും രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതിന്റെ ഏറ്റക്കുറച്ചിലുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ യാതൊരു മാറ്റവുമുണ്ടായെന്ന് കരുതാനാകില്ല.
പെണ്‍ഹത്യകള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഓണ്‍ലൈനൂടെ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍, ഭീഷണി, അതിക്രമങ്ങള്‍ എന്നിവയ്ക്കെല്ലാം സ്ത്രീകള്‍ ഇരയായിക്കൊണ്ടിരിക്കുന്നു. സാങ്കേതികമായുള്ള വളര്‍ച്ചയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുക, ഡീപ് ഫെയ്ക് വീഡിയോ നിര്‍മ്മാണം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.