
ലോറി ഡ്രൈവര്‍ ആയിരുന്ന അര്‍ജുന്‍ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ പൊലിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. കേരളവും കര്‍ണാടകവും സംയുക്തമായി നടത്തിയ സമാനതകളില്ലാത്ത തിരച്ചിലില്‍ എഴുപത്തി രണ്ടാം ദിവസമാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും സമീപത്തെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്തത്. കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ അര്‍ജുന്‍ എരിഞ്ഞടങ്ങിയ ആ പകല്‍ ഒരോ മലയാളിക്കും ഇന്നും കണ്ണീരോര്‍മ്മയാണ്.
ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. 2024 ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. പിന്നീടുണ്ടായ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിലൂടെയാണ് അർജുനെ കണ്ടെത്താനായത്.
പതിവുപോലെ തടി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്നു അര്‍ജുന്‍ രാവിലെ എട്ടേകാലോടെ ഷിരൂരില്‍ വിശ്രമിക്കാനായി ഇറങ്ങി. പിന്നാലെ വന്‍തോതില്‍ മണ്ണിടിച്ചില്‍. സമീപത്തെ ചായക്കടയടക്കം ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. അര്‍ജുനും ലോറിയും മണ്ണിടിച്ചിലില്‍ അകപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ സര്‍വ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരിച്ചിലായി. ലോറി ഉടമ മനാഫിനും അര്‍ജുന്റെ സഹോദരനുമൊപ്പം വിവിധയിടങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അര്‍ജുനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. ഒടുവില്‍ സെപ്റ്റംബര്‍ 25ന് എല്ലാം പ്രതീക്ഷകളും ഇല്ലാതാക്കി ലോറിയും അര്‍ജുന്റ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.
രണ്ടുദിവസത്തിനുശേഷം മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. അര്‍ജുന്റെ ഓര്‍മകളുമായി ഭാര്യ ക്യഷ്ണപ്രിയയും മകന്‍ അയാനും മാതാപിതാക്കളും സഹോദരങ്ങളും കണ്ണാടിക്കലിലെ വീട്ടിലുണ്ട്. മണ്ണിടിച്ചിലിൽ മരിച്ച 11 പേരിൽ 9 പേരുടെയും മൃതദേഹം പലതവണയായി കണ്ടെത്തി. അപകടത്തിൽപ്പെട്ട ജഗന്നാഥ നായിക്കിന്റെയും ലോകേഷ് നായിക്കിന്റെയും മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു വർഷം പിന്നിടുമ്പോഴും ഇവരുടെ മരണ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സഹായം ഇവരുടെ കുടുംബങ്ങൾക്ക് ലഭ്യമായിട്ടില്ല. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയപാത അതോറിട്ടിക്കെതിരെ നിലവിൽ കോടതിയിൽ കേസ് ഉണ്ട്. ഇക്കാര്യത്തിലും സമവായമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.