
ബംഗ്ലാദേശിയെന്ന് ആരോപിച്ച് നിര്‍മ്മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശിയെ ഒരു സംഘം തല്ലിക്കൊന്നു. ഒഡിഷയിലെ സംബല്‍പൂരില്‍ ക്രിസ്മസ് രാത്രിയിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. പത്തൊമ്പത് വയസുള്ള ജോയല്‍ റാണയെയാണ് ബംഗ്ലാദേശ് കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി ആള്‍ക്കൂട്ട കൊലപാതകത്തിനിരയാക്കിയത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ റാണ ബന്ധുവിന്റെ അടുത്ത് നിര്‍മ്മാണ ജോലിക്കായി എത്തിയപ്പോഴായിരുന്നു അഞ്ച് പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. നിര്‍മ്മാണ സ്ഥലത്തെ ക്യാമ്പിലെത്തിയ സംഘം തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടശേഷം മര്‍ദനം ആരംഭിക്കുകയായിരുന്നുവെന്ന് റാണയുടെ അമ്മാവന്‍ പള്‍ട്ടു ഷെയ്ഖ് പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നതിനിടെ തന്നെ ജോയല്‍ റാണയെ സംഘം ഭീകരമായി മര്‍ദിച്ചു. അക്രമം തടയാനെത്തിയ തന്നെയും സഹതൊഴിലളികളെയും മര്‍ദിച്ചതായി പല്‍ട്ടു ഷെയ്ഖ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ റാണയെ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികൾ സാംബൽപൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് റാണയെ വകവരുത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി ഷെയ്ഖ് പറഞ്ഞു. ബംഗാള്‍ സ്വദേശിയാണെന്ന ആധാര്‍ കാര്‍ഡ് കാണിച്ചിട്ടും അക്രമികള്‍ മര്‍ദനം തുടര്‍ന്നതായും അദ്ദേഹം ആരോപിച്ചു. മൃതദേഹം ഞങ്ങളുടെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബീഡിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്താലാണെന്നും ആരെയും ലക്ഷ്യംവച്ചുള്ളതല്ല എന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹിമാൻഷു ലാല്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പശ്ചിമ ബംഗാളിലെ പരിജയ് ശ്രമിക് ഐക്യ മഞ്ച് (മൈഗ്രന്റ് വർക്കേഴ്സ് യൂണിറ്റി ഫോറം) പ്രതിഷേധവുമായി രംഗത്ത് വന്നു. ബംഗാളി കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ആക്രമണം സമീപ നാളുകളില്‍ വര്‍ധിച്ച് വരുന്നതായി സംഘടന ജനറല്‍ സെക്രട്ടറി ആസിഫ് ഫാറൂഖ് പറഞ്ഞു. ബംഗാള്‍ സ്വദേശിയായ കുടിയേറ്റ തൊഴിലാളിയെ അതിക്രൂരമായി തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ബംഗാളികൾക്കെതിരായ നിരന്തരമായ പ്രചാരണത്തിന്റെ നേരിട്ടുള്ള ഫലമാണെന്ന് എംപി സമീറുള്‍ ഇസ്ലം എക്സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.