6 January 2026, Tuesday

Related news

December 30, 2025
December 23, 2025
December 23, 2025
December 18, 2025
December 18, 2025
December 13, 2025
December 12, 2025
December 8, 2025
December 8, 2025
December 7, 2025

എ320 വിമാനങ്ങളിലെ തകരാർ; ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകൾ തടസപ്പെടും

Janayugom Webdesk
ന്യൂഡൽഹി
November 29, 2025 8:22 am

എയർബസ് എ320 ഫാമിലി വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിലെ കാലതാമസം കാരണം രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനക്കമ്പനികളുടെ ഏകദേശം 200 മുതൽ 250 വരെ വിമാനങ്ങളുടെ പ്രവർത്തനത്തെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അതീവ്രമായ സൗരവികിരണം ഡാറ്റയിൽ തകരാറുണ്ടാക്കുന്നത് തടയുന്നതിനായി എ320 വിമാനങ്ങളിൽ അടിയന്തരമായി സോഫ്റ്റ്‌വെയർ അപ്ഡേഷൻ ആവശ്യമാണെന്ന് എയർബസ് വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനങ്ങൾ സോഫ്റ്റ്‌വെയർ മാറ്റങ്ങൾക്കും ചില സന്ദർഭങ്ങളിൽ അറ്റകുറ്റപ്പണികൾക്കും വിധേയമാക്കേണ്ടി വരുന്നതിനാൽ സർവീസുകൾക്ക് തടസ്സം നേരിടും. നിലവിൽ രാജ്യത്തെ വിമാന ഓപ്പറേറ്റർമാർക്ക് കീഴിൽ 560-ഓളം എ320 വിമാനങ്ങളാണുള്ളത്. ഇതിൽ 200 മുതൽ 250 വരെ വിമാനങ്ങൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേഷനോ ഹാർഡ്‌വെയർ പുനഃക്രമീകരണമോ ആവശ്യമായി വരുമെന്നാണ് കണക്ക്.

അപകട സാധ്യതയുള്ള വിമാനങ്ങളിൽ അടിയന്തരമായി ഉപയോഗിക്കാവുന്ന ഒരു എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടർ സ്ഥാപിക്കാൻ എയർബസ് എയർലൈൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന നിയന്ത്രണത്തിനുള്ള പ്രധാന ഉപാധിയാണ് ഇത്. സാങ്കേതിക തകരാർ നേരിടുന്ന വിമാനങ്ങൾ അടുത്ത തവണ സർവീസ് നടത്തുന്നതിന് മുമ്പ് തന്നെ കേടായ എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടർ മാറ്റി സ്ഥാപിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. എയർബസിന്റെ വിജ്ഞാപനത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും, നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ഉറപ്പാക്കാൻ എയർബസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു. പരിശോധനകൾക്കിടയിൽ സർവീസിൽ നേരിടുന്ന തടസ്സങ്ങൾ കുറയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിക്കണമെന്ന മുന്നറിയിപ്പിനെ തുടർന്ന് അടിയന്തര മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇത് ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാർക്ക് ബാധകമായതിനാൽ വിമാന സർവീസുകളിൽ കാലതാമസമോ, റദ്ദാക്കലോ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വന്നേക്കാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ 31 എ320 വിമാന സർവീസുകളെ ഇത് ബാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ/ഹാർഡ്‌വെയർ പുനഃക്രമീകരണം വേണ്ടിവരുന്നതിനാൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. പുനഃക്രമീകരണം പൂർത്തിയാകുന്നത് വരെ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു. തകരാറിലായ വിമാനങ്ങളുടെ കൃത്യമായ എണ്ണം മൂന്ന് വിമാനക്കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. എ320 വിഭാഗം വിമാനങ്ങളിൽ A319s, A320 ceos, neos, A321 ceos, neos എന്നിവ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.