
“കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നിട്ടും ലൗ ജിഹാദ് നിയമം റദ്ദാക്കുന്നില്ല”
1991 ന് മുൻപ് ഒരു സംസ്ഥാനത്തും ഭരണത്തിൽ ഇല്ലാതിരുന്ന ബിജെപി എൽ കെ അദ്വാനിയുടെ രഥയാത്രയോടു കൂടി വർഗീയത ഇളക്കി വിട്ടാൽ ആൾക്കൂട്ടത്തെ വ്യാപകമായി സംഘടിപ്പിക്കാം എന്നും അതുവഴി അധികാരത്തിലേറാം എന്നും തിരിച്ചറിഞ്ഞതിനാൽ അവർ ഇനി ആ വഴി നിർത്താൻ പോകുന്നില്ലെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനും ആക്റ്റിവിസ്റ്റുമായ ആകാർ പട്ടേൽ അഭിപ്രായപ്പെട്ടു.
“1992 ൽ ബാബറി പള്ളി പൊളിച്ചപ്പോൾ ബിജെപി പറഞ്ഞിരുന്നത് “ഞങ്ങൾക്ക് വേണ്ടിയിരുന്നത് ചെയ്തു. ഇത് ഇതോടെ അവസാനിക്കുകയാണ്” എന്നായിരുന്നു. ആ സമയത്തും മറ്റ് രണ്ട് പള്ളികളുടെ മുകളിലും ഹിന്ദുത്വ ശക്തികൾ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ബാബരിയുടെ തകർത്തശേഷം വർഗീയത കത്തിച്ചു ആളുകളെ കൂട്ടുന്ന രീതി അവസാനിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ വർഗീയതയിലൂടെ അധികാരത്തിലേക്കുള്ള എളുപ്പവഴി തിരിച്ചറിഞ്ഞ ബിജെപി ഇനി അത് നിർത്താൻ പോകുന്നില്ല. രഥയാത്രയിൽ 3,000 ത്തിൽ അധികം പേരാണ് കൊല്ലപ്പെട്ടത് എന്നോർക്കണം “, നിയമസഭ പുസ്തകോത്സവത്തിൽ ‘ഇന്ത്യ ആഫ്റ്റർ 91; പോസ്റ്റ് ബാബ്‌റി, പോസ്റ്റ് ലിബറലൈസേഷൻ ഇറ’ എന്ന വിഷയത്തിൽ സുധീർ ദേവദാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തിൽ വന്ന സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം, ഗോവധ നിരോധനം, ലൗ ജിഹാദ് എന്നിങ്ങനെ നിയമങ്ങൾ കൊണ്ടുവന്നു. സ്വന്തം മകളുടെ കല്യാണത്തിന് ബീഫ് വിളമ്പി എന്ന കുറ്റത്തിന് ഗുജറാത്തിൽ ഒരു മുസ്ലിമിനെ കോടതി പത്തുവർഷത്തെക്കാണ് ശിക്ഷിച്ചത്. കല്യാണ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മാംസം ബീഫാണോ എന്ന് ലാബ് പരിശോധനയിൽ തെളിയാഞ്ഞിട്ടും കോടതി പറഞ്ഞത് ഇക്കാര്യം തെളിയിക്കേണ്ട ചുമതല പോലീസിനല്ല, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്കാണ് എന്നാണ്,“പട്ടേൽ ചൂണ്ടിക്കാട്ടി.
2019ന് ശേഷം ഇന്ത്യയിൽ മുസ്ലീങ്ങളുടെ മാത്രം വിവാഹമോചന കേസുകൾ ക്രിമിനൽ കോടതിയിലാണ്; ബാക്കി എല്ലാവരുടെയും വിവാഹമോചനം സിവിൽ കേസുകളും.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയിട്ടും ബിജെപി സർക്കാർ കൊണ്ടുവന്ന ലൗജിഹാദ് നിയമം റദ്ദാക്കാൻ തയ്യാറാവാത്തത് നിയമം റദ്ദാക്കിയാൽ ജനങ്ങൾ എതിരാകും എന്ന ഭയം മതനിരപേക്ഷ കക്ഷി എന്നവകാശപ്പെടുന്ന കോൺഗ്രസിനും ഉണ്ട് എന്നതിനാലാണെന്ന് പട്ടേൽ പറഞ്ഞു. “ഇതിനൊക്കെ ദിനേന യുദ്ധം ചെയ്യാൻ കോൺഗ്രസിന് താൽപ്പര്യമില്ല.”
“രാജ്യത്തെ താരതമ്യേന മെച്ചപ്പെട്ട പ്രദേശമായ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യ വലിപ്പത്തിൽ ചെറുതായതിനാൽ രാജ്യത്തിന്റെ വർഗീയ വൽക്കരണത്തിന് മറുമരുന്നായി മാറാൻ കഴിയില്ല. അധികാരം മുഴുവൻ വടക്കേ ഇന്ത്യയിൽ കേന്ദ്രീകൃതമാണ്. ദക്ഷിണേന്ത്യ ചെറുതായതിനാൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല അങ്ങനെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ നാം ദക്ഷിണേന്ത്യക്കാർ സന്തുഷ്ടരുമാണ്,” ഗുജറാത്ത് സ്വദേശിയായ, ഇപ്പോൾ ബംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ആകാർ പട്ടേൽ വിശദമാക്കി. “സൂറത്തുകാരനായ ഞാൻ ബംഗ്ലൂരിൽ താമസിക്കുന്നത് ഗുജറാത്തിൽ എനിക്ക് ജീവിക്കാൻ സാധ്യമല്ലാത്തതിനാലാണ്. ”
ജനസംഖ്യ അനുസരിച്ചു ലോക്സഭമണ്ഡല പുനർ നിർണയം നടപ്പാക്കുന്നത് സൂക്ഷിച്ചും ബുദ്ധിപൂർവ്വവും ചെയ്തില്ലെങ്കിൽ പ്രശ്മുണ്ടാകും. ” ജനസംഖ്യ നല്ലവണ്ണം നിയന്ത്രിച്ചു എന്ന നല്ല കാര്യത്തിന് ദക്ഷിണേന്ത്യ ശിക്ഷിക്കപ്പെടുന്ന നില വരും.
ചൈന വ്യത്യസ്തമായി ചെയ്യുന്നത്
രണ്ടു കാര്യങ്ങളിലാണ് ഇന്ത്യയെ അപേക്ഷിച്ച് ചൈന വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നതെന്ന് പട്ടേൽ നിരീക്ഷിച്ചു. “ഒന്ന് ചൈനയിൽ വികസനരംഗത്ത് സർക്കാറിന് കൂടുതൽ പങ്കുണ്ട്. രണ്ട്, ഇന്ത്യയെ പോലെ തന്നെ ചൈനയ്ക്കും അയൽരാഷ്ട്രങ്ങളായി പലവിധ പ്രശ്‌നങ്ങളുണ്ട്. പക്ഷേ അത് മാറ്റിവച്ച് മുന്നോട്ടേക്ക് പോവുകയാണ് ചൈന ചെയ്യുന്നത്. അതിനാലാണ് ആസിയൻ രാജ്യങ്ങളുമായി വിവിധ വ്യാപാര ബന്ധങ്ങളിലും കരാറുകളിലും അവർ ഏർപ്പെടുന്നതും സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുന്നതും.
നമുക്കതിന് കഴിഞ്ഞിട്ടില്ല.”
സാമ്പത്തികരംഗത്ത് ഇന്ത്യ പരാജയമാണ്. ചൈനയോട് നമുക്ക് മത്സരിക്കാൻ കഴിയാത്തതിനാലാണ് ബംഗ്ലാദേശിനെ ചൂണ്ടിക്കാട്ടി സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു എന്നൊക്കെ പറയുന്നത്.
നാളെയെക്കുറിച്ച് താൻ ശുഭാപ്തി വിശ്വാസിയല്ലെന്നും ആകാർ പട്ടേൽ വ്യക്തമാക്കി. 1991 ലാണ് ഇന്ത്യയിൽ ഉദാരവൽക്കരണം നടപ്പാക്കുന്നത്. അന്ന് മെച്ചപ്പെട്ട സ്കൂളിൽ പഠിച്ചതിനാൽ താൻ ഉൾപ്പെടെ മധ്യവർഗ്ഗ കുടുംബങ്ങളിൽ നിന്ന് വന്നവർക്ക് ഇംഗ്ലീഷ് ഭാഷയുടെ സഹായത്തോടെ തൊഴിൽ മേഖലകൾ പ്രാപ്യമായിരുന്നു. 2010 ഓടെ ആ സ്ഥിതി മാറി. ഇന്ന് മധ്യവർഗ്ഗ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഗിഗ് ജോലികളാണ് ലഭിക്കുന്നത്.
ഇന്ത്യയിൽ അദാനി, അംബാനി പോലെ വൻ കോർപ്പറേറ്റുകൾ ഉണ്ടെങ്കിലും ഇവരുടെ വ്യവസായങ്ങൾ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ അല്ലാത്തതിനാൽ
കയറ്റുമതി ചെയ്യപ്പെടുന്നില്ല. ഷവോമി, സാംസങ് പോലെ മറ്റ് രാജ്യങ്ങളിൽ കച്ചവടം ചെയ്യുന്ന ഉൽപ്പന്നങ്ങൾ അല്ല ഇന്ത്യൻ കോർപറേറ്റുകളുടേത്.
ഗുജറാത്തി, ഹിന്ദി മാധ്യമങ്ങൾ സർക്കാറിനെ മറ്റ് വിഷയങ്ങളിൽ വിമർശിക്കുമ്പോഴും വർഗീയവൽക്കരണത്തിൽ സർക്കാറിനൊപ്പമാണെന്ന് പട്ടേൽ പറഞ്ഞു. “20–30 വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് മാധ്യമരംഗം ഇങ്ങനെ അല്ലായിരുന്നു. ഇപ്പോൾ അവരും അങ്ങിനെയായി,” അദ്ദേഹം പറഞ്ഞു നിർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.