
വികസനപ്രര്‍ത്തനങ്ങല്‍ വിലയിരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് അവരുടെ ഭര്‍ത്താവ് മനീഷ് ഗുപ്തയും. സര്‍ക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി യോഗത്തില്‍ പങ്കെടുത്തിനെ രൂക്ഷമായി വിമര്‍ശിച്ച് എഎപിയും കോൺഗ്രസും രംഗത്തെത്തി. രേഖാ ഗുപ്തയ്‌ക്കൊപ്പം മനീഷും യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ബിസിനസുകാരനും സാമൂഹികപ്രവര്‍ത്തകനുമാണ് മനീഷ് ഗുപ്ത. രേഖാ ഗുപ്ത ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മനീഷ് ഗുപ്ത പങ്കെടുത്തത്.
ഷാലിമാര്‍ബാഗ് നിയമസഭാ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു യോഗം. രേഖയുടെ തൊട്ടടുത്ത് ഇടതുവശത്തായിരുന്നു മനീഷ് ഇരുന്നിരുന്നത്. സര്‍ക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി, ഔദ്യോഗികയോഗത്തില്‍ പങ്കെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന് എഎപിയുടെ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഹിന്ദി വെബ്‌സീരീസ് ആയ പഞ്ചായത്തിലെ ഫുലേരാ ഗ്രാമം പോലെയായി ഡല്‍ഹി സര്‍ക്കാരെന്നും അദ്ദേഹം പരിഹസിച്ചു. ഫുലേരയില്‍ വനിതാ സര്‍പഞ്ചിന്റെ ഭര്‍ത്താവ് അനൗദ്യോഗികമായി അധികാരം നടപ്പാക്കുന്നുണ്ട്. ഇതിനെ സൂചിപ്പിച്ചായിരുന്നു ഭരദ്വാജിന്റെ പരിഹാസം.
എഎപി നേതാവ് സഞ്ജയ് സിങ്ങും പരിഹാസവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയില്‍ രണ്ട് മുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ടെന്നായിരുന്നു സിങ്ങിന്റെ പരിഹാസം. ഫുലേരാ പഞ്ചായത്തിലേക്ക് സ്വാഗതം. പ്രധാനമന്ത്രി മോഡി ഡല്‍ഹിയില്‍ രണ്ടുപേരെ മുഖ്യമന്ത്രിമാരാക്കി. രേഖാ ഗുപ്ത മുഖ്യമന്ത്രി. അവരുടെ ഭര്‍ത്താവ് സൂപ്പര്‍ മുഖ്യമന്ത്രി. ആറുമാസംകൊണ്ട് ബിജെപി ഡല്‍ഹിയെ നശിപ്പിച്ചു, അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസും രേഖാ ഗുപ്തയ്‌ക്കെതിരേ രംഗത്തെത്തി. ഡല്‍ഹി സര്‍ക്കാരിനെ ആരാണ് നയിക്കുന്നത്. രേഖാ ഗുപ്തയാണോ അതോ അവരുടെ ഭര്‍ത്താവോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.