24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

May 19, 2024
November 9, 2023
October 28, 2023
February 25, 2023
January 8, 2023
September 1, 2022
August 11, 2022
May 21, 2022
February 25, 2022
February 4, 2022

കുഞ്ഞു തെയ്യമായി നിറഞ്ഞാടി ആർദ്രവ്

അജന്യ വി പി 
കോഴിക്കോട്
February 25, 2023 9:46 pm

കുഞ്ഞ് ആർദ്രവിന്റെ അരങ്ങേറ്റമായിരുന്നു അത്. മുഖത്തെഴുതി, മെയ് ചമയങ്ങൾ ചാർത്തി ചെണ്ടയുടെ അകമ്പടിയോടെ കുട്ടിത്തെയ്യമായി ആർദ്രവിനെ കണ്ടപ്പോൾ കാഴ്ചക്കാർക്ക് വിസ്മയമായിരുന്നു. പിന്നെയത് നിർവൃതിയുടെ നിമിഷങ്ങളായി. തലശേരിയിലെ പ്രശസ്തമായ ആണ്ടല്ലൂർക്കാവ് ഉത്സവത്തിന് ആറു വയസുകാരൻ ആർദ്രവ് നിറഞ്ഞാടുകയായിരുന്നു. നൃത്തം ചെയ്യുന്ന ദൈവ സങ്കല്പങ്ങളാണ് തെയ്യം. മുറുകുന്ന ചെണ്ടമേളത്തിനൊപ്പം ഇളകിയാടി ആർദ്രവ് കാഴ്ചക്കാരെ ആസ്വാദനത്തിന്റെ പുതിയ പടവുകളേറ്റി. തെയ്യത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തതും ആർദ്രവിനെ അരങ്ങിലെത്തിച്ചതും അച്ഛൻ ശ്രീജിത്താണ്. 

കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് ഗവ. എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആർദ്രവ് നാരായണൻ. രാമായണത്തിലെ പ്രശസ്തമായ സീതയും മക്കളും എന്ന തെയ്യത്തിൽ മക്കളിൽ ഒരാളായ ലവന്റെ വേഷമാണ് ആർദ്രവ് കെട്ടിയാടിയത്. ആണ്ടല്ലൂർ മനോജ് മുന്നൂറ്റാനും അച്ഛൻ പി പി ശ്രീജിത്തുമാണ് ഇരുപത്തി ഒന്ന് ഗുരിക്കളുടെ ‘തലപ്പാലി’ ആർദ്രവിനെ അണിയിച്ചത്. മകന്റെ പ്രകടനം ആൾക്കൂട്ടത്തിലിരുന്ന് നിറഞ്ഞ മനസോടെ ശ്രീജിത്തും ആസ്വദിച്ചു. 

35 വർഷത്തിലധികമായി കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ തെയ്യം കെട്ടുന്നുണ്ട് ശ്രീജിത്ത്. താൻ കെട്ടിയാടിയ തെയ്യത്തെക്കുറിച്ചോ മറ്റ് തെയ്യങ്ങളെക്കുറിച്ചോ ആർദ്രവിന് കൃത്യമായ അറിവുകളൊന്നുമില്ല. എന്നാൽ അച്ഛൻ പഠിപ്പിച്ച പാഠങ്ങൾ ക്ഷേത്രമുറ്റത്ത് ഈ കൊച്ചുമിടുക്കൻ അസാധാരണമായി പകർന്നാടുകയായിരുന്നു. പൈതൃകമായി ലഭിച്ച കഴിവിനെ മകനിലേക്ക് പകർന്ന് നൽകാൻ കഴിഞ്ഞതിൽ വലിയ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് ശ്രീജിത്ത് പറയുന്നു. 

ചെറുപ്രായത്തിൽ തന്നെ ചായില്യത്താൽ മുഖത്തെഴുതി അരങ്ങേറ്റം നടത്തിയ ആർദ്രവിനെക്കുറിച്ച് അമ്മ നിമിഷയും അഭിമാനം കൊള്ളുന്നു. തെയ്യത്തെക്കുറിച്ച് കൂടുതലറിയാൻ ആർദ്രവിന് താല്പര്യമുണ്ട്. വർഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ലൊരു തെയ്യക്കാരനാകാൻ കഴിയുകയുള്ളുവെന്ന് ആർദ്രവിനറിയാം. അച്ഛന്റെ ശിക്ഷണത്തിൽ തെയ്യത്തിന്റെ വകഭേദങ്ങൾ അഭ്യസിച്ച് വരികയാണ് ആർദ്രവ്. തെയ്യം കലാകാരനായിരുന്ന പരേതനായ കരണ്ടോട് നാരായണന്റെ ചെറുമകൻ കൂടിയാണ് ആർദ്രവ്. 

അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ആത്മപ്രകാശനത്തിനുള്ള വേദികളിലൊന്നായിരുന്നു തെയ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേ മലബാറിന്റെ ഈ തനതു കലാരൂപത്തെ നെഞ്ചോടു ചേർക്കുകയാണ് ആർദ്രവിന്റെ പിതാവ് ശ്രീജിത്ത്. എഐവൈഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും സിപിഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗവുമാണ് ശ്രീജിത്ത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കലാകാരനെന്ന നിലയില്‍ തെയ്യത്തെ ഹൃദയത്തിലേറ്റി മുന്നോട്ട് പോകുമ്പോഴും സംഘടനാ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ‑സാംസ്കാരിക രംഗങ്ങളിലും സജീവമാണ് ഇദ്ദേഹം.

Eng­lish Summary;aardrav theyam performance
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.