5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024
October 17, 2024
October 17, 2024
October 16, 2024

ജനാധിപത്യ സര്‍ക്കാരുകള്‍ ഇല്ലാതാകുന്ന നവലോകം

സി ആര്‍ ജോസ്‍പ്രകാശ്
January 20, 2023 4:45 am

ലോകമാകെ രാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മൂലധനം പരന്നൊഴുകുകയാണ്. പ്രകൃതി വിഭവങ്ങള്‍ വേരോടെ പിഴുതെടുത്തു് കോര്‍പറേറ്റുകള്‍ കൊള്ളലാഭമുണ്ടാക്കുന്നു. വ്യാവസായിക മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ചെറിയതോതില്‍ ആരംഭിച്ച മൂലധനത്തിന്റെ ഒഴുക്ക്, ആഗോളീകൃത കാലഘട്ടത്തില്‍ ഒന്നും ബാക്കിവയ്ക്കാത്ത കുത്തൊഴുക്കായി മാറി. ജനസംഖ്യയുടെ അഞ്ചുശതമാനത്തില്‍ താഴെവരുന്ന അതിസമ്പന്നര്‍, ഭൂരിപക്ഷം സമ്പത്ത് കയ്യടക്കുന്നു. ഈ അവസ്ഥ സംജാതമാകുന്നതില്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വലിയ പങ്കുണ്ടെന്ന് മൂന്നു ദശാബ്ദത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ വ്യക്തമായി കാണാന്‍ കഴിയും. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ചേരി ശക്തമായിരുന്ന കാലഘട്ടത്തില്‍, അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്തരാജ്യങ്ങള്‍ വലിയ ആശങ്കയിലായിരുന്നു. കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങള്‍ തങ്ങളുടെ രാജ്യത്ത് കടന്നുവരുമോ, ജനങ്ങളെ വലിയതോതില്‍ സ്വാധീനിക്കുമോ, തെരഞ്ഞെടുപ്പില്‍ അവര്‍ ശക്തി തെളിയിക്കുമോ മുതലായവയായിരുന്നു ആശങ്കയുടെ കാതല്‍. ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ എന്തുവേണമെന്ന് ഭരണകൂടങ്ങളും കോര്‍പറേറ്റുകളും തല പുകഞ്ഞാലോചിച്ചു. ആയുധശക്തികൊണ്ട് മാത്രം കാര്യമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. പട്ടിണികിടക്കുന്നവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ മുതലായ വിഭാഗങ്ങള്‍ സര്‍ക്കാരിനെതിരെ സംഘടിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ ന‍ടപടി വേണമെന്ന് ബുദ്ധികേന്ദ്രങ്ങള്‍ മുതലാളിത്ത ഭരണകൂടങ്ങളെ ഉപദേശിച്ചു. അതിന്റെ ഭാഗമായിട്ടാണ് ഈ രാജ്യങ്ങള്‍ ജനക്ഷേമപരമായ നടപടികള്‍ ശക്തിപ്പെടുത്താന്‍ തുടങ്ങിയത്. കോര്‍പറേറ്റ് നികുതിയിലൂടെയും വന്‍തോതിലുള്ള കയറ്റുമതിയിലൂടെയും മറ്റു നികുതികളിലൂടെയും ഖജനാവില്‍ എത്തുന്ന വരുമാനത്തിന്റെ ഒരു ഭാഗം, പൊതു വിദ്യാഭ്യാസം, ആരോഗ്യ സേവനം, സബ്സിഡി, പൊതുവിതരണം ശക്തിപ്പെടുത്തല്‍, ക്ഷേമപെൻഷനുകള്‍, ഭവന നിർമ്മാണ പദ്ധതികൾ, പലിശയ്ക്ക് ‍ സബ്സിഡി‍, പരിസ്ഥിതി സംരക്ഷണം‍ മുതലായ കാര്യങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചു. ഈ നടപടി ഭരണകൂടങ്ങള്‍ക്ക് ഒരു പരിധിവരെ ഗുണം ചെയ്തു എന്ന് കാലം തെളിയിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയന്റെയും സഖ്യരാഷ്ട്രങ്ങളുടെയും തകര്‍ച്ച, ഒറ്റയടിക്ക് മുതലാളിത്തരാജ്യങ്ങളുടെയും കോര്‍പറേറ്റുകളുടെയും ആശങ്ക ഇല്ലാതാക്കി. തുടര്‍ന്നുള്ള ഒരു ദശാബ്ദത്തിനുള്ളില്‍, പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളും സര്‍ക്കാര്‍ സേവനങ്ങളും പടിപടിയായി ഇല്ലാതാക്കി. സിവില്‍ സര്‍വീസും പൊതുമേഖലയും ചെറുതാക്കാൻ നടപടി സ്വീകരിച്ചു. സേവനങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ടതാണെന്ന ചിന്ത പരസ്യമായി പങ്കിട്ടു. ലോകത്ത് ഇനി ആരെയും പേടിക്കാനില്ല എന്ന അവസ്ഥ, മുതലാളിത്ത ശക്തികളുടെ അഹങ്കാരത്തെ മത്തുപിടിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളില്‍, സോവിയറ്റ് യൂണിയന്റെ പതനം സാധാരണക്കാര്‍ക്ക് ദുരന്തമായി മാറി എന്ന കാര്യം ഉറപ്പാണ്. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ലഭിച്ചിരുന്ന സബ് സിഡി വളരെ വേഗത്തില്‍ ഇല്ലാതായി. പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കും സാമൂഹ്യക്ഷേമത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനും മാറ്റിവച്ചിരുന്ന തുകയില്‍ വെട്ടിക്കുറവുണ്ടായി. പണപ്പെരുപ്പവും വിലക്കയറ്റവും ജീവിതത്തിന്റെ ഭാഗമായി. കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം താളംതെറ്റി. ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുന്നതിനു മുന്‍പ്, രാജ്യത്തെ മൊത്തം സമ്പത്തിന്റെ 18 ശതമാനം മേല്‍ത്തട്ടിലെ ഒരു ശതമാനത്തിന്റെ കൈവശമായിരുന്നു. ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ആദ്യകാലകോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സാമ്പത്തിക നടപടികള്‍ മുതലാളിത്ത സ്വാധീനം വളര്‍ത്തുന്നതായിരുന്നില്ല. ഇതിന്റെ ഫലമായി 1970കളില്‍ മേല്‍ത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ കൈവശമുള്ള സമ്പത്ത് ആറ് ശതമാനമായി കുറഞ്ഞു. എന്നാല്‍ 1991ല്‍ കോൺഗ്രസ് സര്‍ക്കാര്‍ തന്നെ പുത്തന്‍ ‍സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. കോര്‍പറേറ്റ്‍വല്‍ക്കരണത്തിന് തുടക്കമായി. പിന്നീട് ബിജെപി സര്‍ക്കാരിന്റെ വരവോടെ ഈ നയം നടപ്പിലാക്കുന്നതിലെ തീവ്രത വല്ലാതെ ശക്തിപ്പെട്ടു.


ഇതുകൂടി വായിക്കൂ: ജനജീവിതം ദുരിതത്തിലാക്കുന്ന പരിഷ്കാരം


2014ല്‍ രാജ്യസമ്പത്തിന്റെ 22 ശതമാനം, ഒരു ശതമാനത്തിന്റെ കൈകളില്‍ ആയിരുന്നത് എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, 42 ശതമാനമായി മാറി. ഇന്ന് രാജ്യത്തെ 10 ശതമാനത്തിന്റെ കൈകളിലാണ് സമ്പത്തിന്റെ 78 ശതമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിക്കൊണ്ടിരിക്കുന്ന അഡാനിയുടെ പ്രതിദിന വരുമാനവര്‍ധനവ് 1612 കോടി രൂപയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടുള്ള സമ്പത്തിന്റെ വര്‍ധനവ് 1446 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ പുതുതായി സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ 72 ശതമാനം എത്തുന്നത് അതിസമ്പന്നരുടെ കൈവശമാണ്. 35കോടി ജനങ്ങള്‍ക്ക് പ്രാഥമിക ഭക്ഷണം ലഭിക്കാത്ത ഒരു രാജ്യത്താണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ ലോകമാകെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന നിലയിൽ കോർപറേറ്റ് ശക്തികൾ വളർന്നിരിക്കുന്നു. ഭരണകൂടങ്ങൾ സാവകാശം അപ്രസക്തമാകാൻ തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളിലെ പണത്തിന്റെ ഒഴുക്ക് നാൾക്കുനാൾ ശക്തിപ്പെടുകയാണ്. ഈ രംഗത്ത് ഇന്ത്യയുടെ സ്ഥിതി കൂടുതൽ മോശമാണ്. ഒരു നിയന്ത്രണവുമില്ലാതെ കോർപറേറ്റുകൾക്ക്, അവർ ആഗ്രഹിക്കുന്ന പാർട്ടിക്ക്, എത്ര കോടി വേണമെങ്കിലും സംഭാവനയായി കൈമാറാം എന്ന സ്ഥിതി വന്നിരിക്കുന്നു. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ സിംഹഭാഗവും ഒരു ന്യൂനപക്ഷത്തിന്റെ കൈവശം എത്തിയതുപോലെ, ഭൂരിപക്ഷം എംപി, എംഎൽഎ സ്ഥാനങ്ങളും കോടീശ്വരന്മാരുടെ നിയന്ത്രണത്തിൽ ആയിരിക്കുന്നു. സമ്പത്തില്ലാത്ത പാർട്ടികൾക്കും പൊതുപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് യുദ്ധത്തിൽ വിജയത്തിനടുത്തെത്താൻ കഴിയാതെ വന്നിരിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചുവരുന്നവരെ തന്നെ വിലകൊടുത്തു വാങ്ങുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. 100 മുതൽ 1000 കോടി വരെ ചെലവഴിക്കാൻ കഴിഞ്ഞാൽ, ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയ നിരവധി സംസ്ഥാനങ്ങളിൽ ഇപ്പോൾ ഭരണം നടത്തുന്നത് ബിജെപിയാണ്. കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഈ പ്രവണത വ്യാപകമാകുന്നു. മറ്റൊരു അപകടകരമായ പ്രവണതയും രാജ്യത്ത് വളരുകയാണ്. തെരഞ്ഞെടുപ്പുകളിൽ ഒഴുകുന്ന പണത്തിന്റെ സ്രോതസിനെക്കുറിച്ചോ, ജനപ്രതിനിധികളെ വിലയ്ക്കെടുക്കാൻ ഒഴുക്കുന്ന പണത്തിന്റെ വഴികളെക്കുറിച്ചോ, ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛവിലയ്ക്ക് കൈമാറുന്നതിലെ അഴിമതിയെക്കുറിച്ചോ, കോർപറേറ്റ് നികുതി വെട്ടിക്കുറയ്ക്കുകയും അവരുടെ കോടിക്കണക്കായ കുടിശികയും ബാങ്ക് വായ്പയും എഴുതിത്തള്ളുന്നതിനെക്കുറിച്ചോ ഒരു ചർച്ചയും രാജ്യത്ത് ഉയർന്നു വരുന്നതേയില്ല. കാരണം ഇന്ത്യയിലെ പത്രമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും 80 ശതമാനത്തിൽ അധികം കോർപറേറ്റുകളുടെ നിയന്ത്രണത്തിലായിരിക്കുന്നു. ഇക്കാര്യങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നത് ഇടത്തരം ചെറുകിട പത്രങ്ങളിലായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ അതിവേഗം പൂട്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പത്രങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ നിര്‍ത്തലാക്കി. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലെയും സ്ഥിതി ഇതാണ്. കോര്‍പറേറ്റുകളെ വെറുപ്പിച്ച് സര്‍ക്കാരുകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഭക്ഷ്യസാധനങ്ങളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുക, വില നിശ്ചയിക്കുക, വിലക്കയറ്റം സൃഷ്ടിക്കുക, വര്‍ഗീയത വളര്‍ത്തുക, ആഭ്യന്തര കലാപം സൃഷ്ടിക്കുക, രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമാക്കുക, സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെല്ലാം ആധുനിക യുദ്ധ ഉപകരണങ്ങള്‍ വന്‍വിലയ്ക്ക് നല്‍കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളിലും ആധുനിക മുതലാളിത്തം സജീവമാണ്.


ഇതുകൂടി വായിക്കൂ: മോഡി സർക്കാരിന്റെ എട്ട് വർഷം; അപ്രത്യക്ഷമായത് 12 ലക്ഷം കോടി


അമേരിക്കന്‍ മുതലാളിത്തത്തിന്റെ ശക്തിയും അവരുടെ ആയുധ നിര്‍മ്മാണ കമ്പനിയായ ‘പെന്റഗണിന്റെ’ സ്വാധീനവും സര്‍ക്കാരിന്റെ ചാരസംഘടനയായ ‘സിഐഎ’യുടെ കുടില തന്ത്രങ്ങളും അതോടൊപ്പം ലോകമാകെ പരന്നൊഴുകുന്ന മൂലധനവും എല്ലാം ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പല ജനാധിപത്യ സര്‍ക്കാരുകളെയും അട്ടിമറിക്കാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് ലോകത്തെ നിരവധി രാജ്യങ്ങള്‍ ഇവരുടെ വിശ്വസ്തവിധേയരായി മാറിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കായ ജനങ്ങളുടെ മനഃസാക്ഷിയുടെ അംഗീകാരം നേടിയെടുക്കുന്ന സര്‍ക്കാരുകളെപ്പോലും ശിഥിലമാക്കുവാന്‍ കോര്‍പറേറ്റ് ശക്തികള്‍ക്ക് കഴിയുന്ന സ്ഥിതി ഭയാനകമാണ്. ലോകത്തെ ജനാധിപത്യ വിശ്വാസികള്‍ നിതാന്ത ജാഗ്രതയോടും ദീര്‍ഘ വീക്ഷണത്തോടെയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഭാവിതന്നെ അപകടത്തിലാകും.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.