27 December 2024, Friday
KSFE Galaxy Chits Banner 2

വീണ്ടും മണിപ്പൂരിനെക്കുറിച്ച് തന്നെ

അ‍ഡ്വ. പി സന്തോഷ് കുമാര്‍
(രാജ്യസഭാംഗം)
August 8, 2023 4:30 am

നിയമവാഴ്ചയുടെയും, ജനാധിപത്യമര്യാദയുടെയും, നീതിബോധത്തിന്റെയും, അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും സമ്പൂർണമായ ലംഘനമാണ് മണിപ്പൂരിൽ നടക്കുന്നത്. ഇക്കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ മൂന്ന് തവണ മണിപ്പൂർ സന്ദർശിച്ചു. ആദ്യതവണ ഇടതുപക്ഷപാർട്ടികളുടെ പ്രതിനിധി സംഘത്തില്‍ അംഗമായി കലാപബാധിത പ്രദേശങ്ങളിലെത്തുകയും വംശീയകലാപത്തിന്റെ ഇരകളെ നേരിൽ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പ്രതിപക്ഷമുന്നണിയായ ‘ഇന്ത്യ’യുടെ പ്രതിനിധിസംഘത്തിന്റെ ഭാഗമായി വീണ്ടും ഇതേ പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചപ്പോൾ, നേരത്തെ കണ്ടതിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല, സംസ്ഥാനസർക്കാർ വംശീയകലാപത്തിന്റെ മുറിവുകൾ ഉണക്കുന്നതിന് ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഉറ്റവരും വീടും സ്വത്തും നഷ്ടപ്പെട്ട നിരവധി മനുഷ്യർ അനിശ്ചിതമായ ഭാവിയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ആശങ്കാകുലരായിരുന്നു. മടങ്ങിയെത്തിയ ഞങ്ങൾ രാഷ്ട്രപതിയെ നേരിൽ കണ്ട് സംസാരിക്കുകയും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മൂന്നാം തവണയും മണിപ്പൂരിൽ പോയി. കഴിഞ്ഞ യാത്രകളിൽ നിന്നും വ്യത്യസ്തമായി സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് മൂന്നാമത്തെ സന്ദർശനത്തിൽ കണ്ടത്. ഇംഫാൽ നഗരത്തിൽ പൂർണമായ കർഫ്യൂ പ്രഖ്യാപിച്ചിട്ടും സ്ത്രീകൾ അടക്കമുള്ളവർ സംഘടിതരായി എത്തി വാഹനങ്ങൾ പരിശോധിക്കുന്ന കാഴ്ച ഞെട്ടലുണ്ടാക്കുന്നതാണ്. കഴിഞ്ഞ രണ്ടു സന്ദർഭങ്ങളിലും, കലാപബാധിതമായ ഗ്രാമങ്ങളിൽ സംഘടിതരായ സ്ത്രീകളെ കണ്ടിരുന്നെങ്കിലും ഇംഫാൽ നഗരത്തില്‍ ഇത്തരം സാഹചര്യം ഉണ്ടായിരുന്നില്ല. ആ ദിവസവും സംഘർഷത്തിൽ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനെത്തുടർന്നുള്ള പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് രോഷാകുലരായ സ്ത്രീകൾ നഗരത്തിലെ പ്രധാനറോഡുകളിൽപ്പോലും വാഹനം തടയാൻ തുടങ്ങിയത്.

 


ഇതുകൂടി വായിക്കൂ;ഹരിയാന മറ്റൊരു മണിപ്പൂര്‍ ആകരുത്


 

കഴിഞ്ഞ മൂന്നു മാസമായി മണിപ്പൂരിൽ നിയമവാഴ്ച സമ്പൂർണ പരാജയമാണ്. മുന്നൂറിലധികം പള്ളികൾ തകർക്കപ്പെട്ടതും, ഇംഫാൽ നഗരത്തിലടക്കം മിഷണറികൾ നടത്തുന്ന സ്കൂളുകൾ ആക്രമിക്കപ്പെട്ടതും, സ്ത്രീകളോടും കുട്ടികളോടും അതിക്രൂരമായി പെരുമാറിയതുമെല്ലാം ഇതിനകം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കലാപത്തിന്റെ ഭാഗമായി 6500ലേറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഗുരുതരമായ ക്രിമിനൽക്കുറ്റങ്ങൾ ചുമത്തിയുള്ള കേസുകളാണ് ഇതിൽ ബഹുഭൂരിപക്ഷവും. എന്നാൽ, ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം, കേവലം നൂറിൽത്താഴെ ആളുകള്‍ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്. ജയിലിൽ അടയ്ക്കപ്പെട്ടവരുടെ എണ്ണവും വളരെ കുറവാണ്. വംശീയകലാപത്തിൽ അക്രമിക്കപ്പെട്ടവരുടെ പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നതിലും മണിപ്പൂരിലെ നിയമനിർവഹണ സംവിധാനങ്ങൾ കാണിക്കുന്ന സമാനതകളില്ലാത്ത അനാസ്ഥയും അലസതയുമാണ് കലാപം ഇത്രയേറെ രൂക്ഷമാകുന്നതിലേക്ക് നയിച്ചത്. കേന്ദ്ര‑സംസ്ഥാനസർക്കാരുകളാണ് ഇതിനുത്തരവാദികൾ.
മണിപ്പൂരിലെ പ്രതിസന്ധി കേവലം ഒരു ക്രമസമാധാനപ്രശ്നമാണെന്ന് സിപിഐ ഒരിക്കലും കരുതിയിട്ടില്ല. എന്നാല്‍ നീണ്ടനാളത്തെ മൗനത്തിനു ശേഷം, പ്രധാനമന്ത്രി ഈ വിഷയത്തിൽ സംസാരിക്കാൻ നിർബന്ധിതനായത് മനുഷ്യവിരുദ്ധമായ ഒരു വീഡിയോ വൈറലാവുകയും ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ തലകുനിയുകയും ചെയ്തപ്പോൾ മാത്രമാണ്. അപ്പോഴും, അതീവഗുരുതരമായ ഈ വംശീയകലാപത്തെ മറ്റ് സംസ്ഥാനങ്ങളിലെ ക്രമസമാധാനപ്രശ്നങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇതുവരെ പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ അദ്ദേഹം തയ്യാറായിട്ടുമില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന അതിസങ്കീർണമായ ഒരു ആഭ്യന്തരകലാപത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി ലാഘവത്തോടെ കാണുന്ന ഒരു സാഹചര്യത്തിൽ, അതേപാർട്ടി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയിൽ നിന്നും പാെലീസിൽ നിന്നും നീതിയും നിയമവാഴ്ചയും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. സംഘടിതരായ പൗരന്മാർ നിയമം കൈയ്യിലെടുക്കുന്നത് ജനാധിപത്യവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും ദയനീയപരാജയമാണ് പ്രതിഫലിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കൂ;മണിപ്പൂരിനൊപ്പം


 

 

ഈ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി വിശദീകരിക്കാൻ തയ്യാറാണല്ലോ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. പാർലമെന്ററി ജനായത്തസംവിധാനത്തിൽ നിരവധി പാർട്ടികളുള്ള പ്രതിപക്ഷം ഒറ്റക്കെട്ടായി ഒരു വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെടുമ്പോൾ അതിനോടു മുഖംതിരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും അധികാര സ്രോതസ് ജനങ്ങളാണ്. അതുകൊണ്ടുതന്നെ അത്യന്തം ഗുരുതരമായ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ സമീപനം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ലളിതമായ ജനാധിപത്യമര്യാദയാണത്. യൂറോപ്യൻ യൂണിയൻ പ്രമേയം പാസാക്കിയ, ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ആവശ്യമുയര്‍ന്ന, ലോകം മുഴുവൻ ചർച്ചചെയ്യപ്പെട്ട ഒരു വംശീയകലാപം പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ചർച്ച ചെയ്യാൻ ഇന്ത്യയുടെ പ്രധാനമന്ത്രി തയ്യാറാവുന്നില്ല എന്നത് തുറന്നുകാണിക്കുന്നത് ബിജെപിയുടെ ജനാധിപത്യബോധമില്ലായ്മയാണ്. ഇത് ഇന്ത്യക്കുവേണ്ടിയുള്ള ചർച്ചയാണ്; രാഷ്ട്രീയനേട്ടത്തിന് വേണ്ടിയുള്ള ചർച്ചയല്ല. ചോദ്യങ്ങൾക്ക് ഉത്തരം പറയാത്ത ഭരണസംവിധാനത്തെ വിളിക്കേണ്ടത് ഫാസിസം എന്നാണ്. ഈ ഫാസിസത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. സിപിഐ തുടക്കം മുതൽ പാർലമെന്റിൽ ആവശ്യപ്പെട്ടത് മറ്റെല്ലാ നടപടിക്രമങ്ങളും മാറ്റിവച്ചുകൊണ്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയം ചർച്ച ചെയ്യണമെന്നായിരുന്നു. സിപിഐ അംഗങ്ങള്‍ എല്ലാ ദിവസവും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനിടയിൽ പ്രതിപക്ഷത്തെ ചിലര്‍ മണിപ്പൂർ വിഷയത്തിൽ ഹ്രസ്വചർച്ചക്ക് അനുമതി തേടിയതിനോട് ഞങ്ങൾ വിയോജിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയത്തിൽ കേവലം രണ്ടു മണിക്കൂർ മാത്രമുള്ള ഹ്രസ്വചർച്ചക്ക് അനുമതി തേടുന്നത് വിഷയത്തിന്റെ സങ്കീർണതയും ഗൗരവവും കുറയ്ക്കാൻ ഇടയാക്കും. വിഷയത്തെ നിസാരവൽക്കരിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. അതുകൊണ്ടാണ് ഹ്രസ്വചർച്ചക്ക് അനുമതി നല്‍കാൻ അവർ തയ്യാറായത്. പക്ഷേ, പ്രതിപക്ഷമുന്നണിയിലെ ഭൂരിപക്ഷം അംഗങ്ങളും അടിയന്തരപ്രമേയം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.

 


ഇതുകൂടി വായിക്കൂ;വിവസ്ത്രമാക്കപ്പെടുന്ന ജനാധിപത്യം; നഗ്നബലാത്സംഗങ്ങളുടെ ഇന്ത്യ


 

ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന നിലയിൽ മണിപ്പൂരില്‍ ഇരു വിഭാഗങ്ങളും സമാധാനപരമായി സൗഹാർദത്തോടെ ജീവിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. വംശീയവും രാഷ്ട്രീയവുമായ വിഭജനത്തിന് പാർട്ടി എതിരാണ്. വംശീയമായ വൈജാത്യങ്ങൾക്കിടയിലും മണിപ്പൂർ ജനത വർഷങ്ങളായി സമാധാനത്തോടെയും സൗഹൃദത്തോടെയും ജീവിക്കുന്നുണ്ട്. ആ സാഹചര്യം തുടരണം. മണിപ്പൂരിലെ അതുല്യനായ ജനകീയ കമ്മ്യൂണിസ്റ്റ് നേതാവ് ഹിജാം ഇറബോട്ട് സിങ് ജനങ്ങൾക്കിടയിൽ വംശീയതക്ക് അതീതവും മാനവികവുമായ സ്നേഹബന്ധം ഉണ്ടാകേണ്ടതിനെക്കുറിച്ച് പറയാറുണ്ടായിരുന്നു. വർത്തമാനകാല സാഹചര്യം ഈ സാധ്യതകളെയൊക്കെ നിഷ്ഫലമാക്കുകയാണ്. വംശീയതയോടൊപ്പം, വനഭൂമി കൊള്ളയടിക്കാനുള്ള കോർപറേറ്റ് താല്പര്യം, അതിർത്തി കടന്നുള്ള വിഭജനതീവ്രവാദം, ആയുധക്കടത്ത്, ആദിവാസികൾക്ക് തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന സാഹചര്യം തുടങ്ങിയ പല വിഷയങ്ങളും വംശീയകലാപത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങൾക്കും അവകാശനിഷേധത്തിന്റെയും, പീഡനത്തിന്റെയും, വേദനയുടെയും നേരനുഭവങ്ങൾ പറയാനുണ്ട്. ഇതിലെല്ലാം ബിജെപിയുടെ സ്ഥാപിതതാല്പര്യങ്ങളും, രാഷ്ട്രീയവൽക്കരണവും, വിഭജിച്ച് ഭരിക്കൽ നയവും കൂടിപ്പിണഞ്ഞു കിടക്കുന്നതുകൊണ്ടാണ് പ്രശ്നം ഇത്രയേറെ വഷളായത്. ആദിവാസിഭൂമി അഡാനിക്ക് കൈമാറാനുള്ള നീക്കങ്ങളും പിൻവാതിലിലൂടെ നടക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, സാമ്പത്തികനേട്ടത്തിന് വേണ്ടിയും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയും ഇരു വിഭാഗങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ ബിജെപി ആളിക്കത്തിക്കുകയും ഒടുവിൽ തുറന്ന കലാപത്തിലേക്ക് എത്തിയപ്പോൾ നിസംഗത പാലിക്കുന്നതുമാണ് മണിപ്പൂർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കൂക്കി-മെയ്തി വിഭാഗങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനകളുണ്ട്. പരിശീലനം ലഭിച്ച ഈ തീവ്രവാദികളുടെ ആയുധമേന്തിയ സാന്നിധ്യം കലാപത്തിലുടനീളം കാണാൻ കഴിയും. കലാപകാരികൾക്ക് എങ്ങനെയാണ് എളുപ്പത്തിൽ ആയുധങ്ങളും, പണവും കിട്ടുന്നത് എന്നത് അതീവഗൗരവത്തോടെ പരിശോധിക്കേണ്ട വസ്തുതയാണ്. മണിപ്പൂര്‍ അസാധാരണമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ, ചരിത്രപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം നിറവേറ്റാനുള്ള ശ്രമങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ നടത്തുന്നത്. ജനങ്ങൾക്കിടയിൽ സമവായവും സൗഹൃദവും വീണ്ടെടുക്കാനുള്ള ജനകീയമായ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം; വംശീയകലാപത്തിന് പിന്നിലുള്ള ആയുധ‑മയക്കുമരുന്ന്-തീവ്രവാദ‑കോർപറേറ്റ്-വിഘടന താല്പര്യങ്ങളെ തുറന്നു കാണിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
21-ാം തീയതി മണിപ്പൂർ നിയമസഭയിലേക്ക് പ്രകടനം നടത്താനും, ഇറബോട്ട് സിങ്ങിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് അതിവിപുലമായ പ്രചാരണപരിപാടികൾ നടത്താനും, വീടുകളില്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ജനസമ്പർക്ക പരിപാടികൾ നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.