
സംസ്ഥാനത്തിനുള്ളിൽ കന്നുകാലികളെ കൊണ്ടുപോകുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി. ഗോവധ നിയമം ദുരുപയോഗം ചെയ്ത് നിരപരാധികളായ ആളുകളെ കെണിയിലാക്കുന്ന നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ രൂക്ഷ വിമർശനം. ഗോവധ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടും പൊലീസ് ഡയറക്ടർ ജനറലിനോടും കോടതി നിർദ്ദേശിച്ചു. പശു സംരക്ഷണത്തിൻ്റെ പേരിൽ ചില വ്യക്തികളും സംഘടനകളും നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതി വിശദീകരണം തേടി. നവംബർ 7നകം സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി മറുപടി നൽകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഇത്തരം കേസുകളിൽ സർക്കാരിന് മേൽ എന്തുകൊണ്ട് കനത്ത പിഴ ചുമത്തിക്കൂടാ എന്നും കോടതി ചോദിച്ചു. പ്രതാപ്ഗഢ് നിവാസിയായ രാഹുൽ യാദവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കന്നുകാലികളെ കടത്തിയ വാഹനം തൻ്റെ പേരിലുള്ളതിൻ്റെ പേരിൽ മാത്രമാണ് പോലീസ് തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. വാഹനം ഓടിച്ചിരുന്നത് തൻ്റെ ഡ്രൈവറായിരുന്നുവെന്നും കശാപ്പ് ചെയ്യാനായിരുന്നില്ല കന്നുകാലികളെ കൊണ്ടുപോയതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതിനാൽ ഗോവധ നിയമപ്രകാരം തന്നെ പ്രതിചേർത്തത് തെറ്റാണെന്നും അദ്ദേഹം വാദിച്ചു. ഹർജിക്കാരനെതിരെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി. കേസിൽ, ഒൻപത് കന്നുകാലികളെ അമേഠിയിൽ നിന്ന് പ്രതാപ്ഗഢിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ ഗോവധമെന്ന പരാതിയെ ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കോടതി അന്വേഷണം സ്റ്റേ ചെയ്തിട്ടില്ലെന്നും പൊലീസുമായി സഹകരിക്കാൻ ഹർജിക്കാരനോട് നിർദ്ദേശിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.