
2025 ‑26 വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം രാഷ്ട്രീയപ്രേരിതമാണെന്ന് അധ്യാപക സംഘടനകൾ. കോടതിയുടെ ഇടപെടലിനെ തുടർന്ന് നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഠന ദിവസങ്ങളും സമയക്രമവും തീരുമാനിച്ചത്. കേരളത്തിലെ മുഴുവൻ അധ്യാപക സംഘടനകളുടേയും ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലാണ് വിദ്യാഭ്യാസ കലണ്ടർ പ്രകാശനം ചെയ്തത്. ഇപ്പോഴത്തെ തീരുമാനത്തിന് ബദലായി മറ്റൊരു നിർദേശവും ഒരു സംഘടനയ്ക്കും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ലബ്ബ കമ്മിറ്റി നിർദേശപ്രകാരം യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹയർ സെക്കന്‍ഡറി സ്കൂളുകളുടെ പ്രവർത്തനസമയം രാവിലെയും വൈകുന്നേരവും അരമണിക്കൂർ വീതം വർധിപ്പിച്ചപ്പോൾ യാതൊരു പ്രതിഷേധവും പറയാത്തവർ ഇപ്പോൾ ഹൈസ്കൂൾ ക്ലാസുകളിൽ മാത്രം 15 മിനിറ്റ് അധികമെടുക്കുന്ന തീരുമാനത്തിനെതിരെ കോലാഹലങ്ങൾ ഉണ്ടാക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്.
രാജ്യത്തൊട്ടാകെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുമ്പോൾ കേരളത്തിൽ 5000 കോടിയിലധികം രൂപ ചെലവഴിച്ച് പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനമാണ് സർക്കാർ തുടരുന്നത്. അക്കാദമിക നിലവാരം ഉയർത്തുന്നതിനായി അധ്യാപക രക്ഷാകർതൃ സമൂഹത്തിന്റെ പിന്തുണയോടെ വിപുലമായ പരിപാടികളാണ് സമഗ്ര ഗുണമേന്മാ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ദേശീയ തലത്തിലുള്ള പഠന നിലവാര സർവേയിൽ രണ്ടാം സ്ഥാനത്തെത്തിയതും ഇതിന്റെ തുടർച്ചയാണ്. പൊതുവിദ്യാലയങ്ങളുടെ വളർച്ചയെ പിന്നോട്ടടിപ്പിക്കുന്ന ഗൂഢ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ വിവാദമെന്ന് സംശയിക്കുന്നു. ഈ ദുഷ്പ്രചരണത്തിനെതിരെ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി, എകെഎസ്‌ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, പി എം രാജീവ് (പ്രസിഡന്റ് കെപിടിഎ), എം കെ ബിജു (പ്രസിഡന്റ്, കെഎസ്ടിഎഫ്), ഡോ. റോയ് ബി ജോൺ (പ്രസിഡന്റ്, കെഎസ്ടിസി), ടോബിൻ കെ അലക്സ് (പ്രസിഡന്റ്, കെഎസ്എസ്ടിഎഫ്) എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.