മതസമ്മേളനമായി പരമ്പരാഗതമായി കരുതിപ്പോന്ന കുംഭമേളയെ രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാർ നടത്തിയ ശ്രമം കുരുതിക്കളമാക്കുന്നു. 1954നു ശേഷം ഏറ്റവും രക്തരൂക്ഷിതമായ കുംഭമേളയ്ക്കാണ് 2025 സാക്ഷിയായത്. പ്രയാഗ്‌രാജിൽ കുംഭമേള ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട സൂചന പ്രകടമായിരുന്നു. രാജ്യത്തുടനീളവും പിന്നീട് വിദേശ രാജ്യങ്ങളിൽ നിന്നും ജനങ്ങളെ ക്ഷണിച്ച് ബിജെപിയും അവരുടെ സർക്കാരുകളും ആരംഭിച്ച പ്രചരണങ്ങളിൽ അമിതാവേശം കലർന്നിരുന്നു. കുംഭമേളയെ മത ടൂറിസത്തിനുള്ള അപൂർവ അവസരമായി സംഘ്പരിവാറും ബിജെപി ഭരണകൂടവും ഉയർത്തിക്കാട്ടി. മുഖ്യധാരാ മാധ്യമങ്ങൾ സംഘ്പരിവാർ വാദങ്ങളെ ഏറ്റുപിടിച്ചു; കൃത്യമായി പിന്തുടർന്നു. സർക്കാരിന്റെ ഓരോ അവകാശവാദവും ശരിയെന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു. മതസമ്മേളനത്തിന് രാഷ്ട്രീയ മുഖം നൽകാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറാകാതെ പ്രചാരകരുടെ റോളിൽ മാധ്യമങ്ങൾ അഭിരമിച്ചു. ആളുകൾ വൻതോതിൽ എത്തി. ഭരണകൂടത്തിന്റെ ശ്രദ്ധ വിഐപികളുടെ സുരക്ഷയിൽ മാത്രമായിരുന്നു. സാധാരണക്കാർ അരക്ഷിതരായിരുന്നു.
ജനുവരി 29ന് കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനം എന്ന് ഭരണകൂടം വിശേഷിപ്പിച്ച ഒരു പരിപാടിയുടെ ഗുരുതരമായ ദുരുപയോഗത്തിന്റെ സൂചനയായി ഇത്. ദുരന്തത്തില്‍ 30 പേര്‍ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ കണക്കുകൾ പറഞ്ഞു. എന്നാൽ അപകടത്തിന്റെ വ്യാപ്തി പരിഗണിക്കുമ്പോൾ സർക്കാർ പുറത്തുവിട്ട കണക്ക് സത്യത്തിൽ നിന്ന് വളരെ അകലെയെന്ന് വ്യക്തമാണ്. യഥാർത്ഥ മരണസംഖ്യ, അവകാശപ്പെടുന്നതിനേക്കാൾ എത്രയോ കൂടുതലാണെന്നും സർക്കാർ യഥാർത്ഥ മരണസംഖ്യ മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആസൂത്രണത്തിലെ മാരകമായ പിഴവാണ് കൂട്ടക്കുരുതിയിൽ കലാശിച്ചതെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു. 1954ലെ ദുരന്തവും ഫെബ്രുവരി മൂന്നിന് മൗനി അമാവാസി ദിനത്തിലായിരുന്നു. അന്ന് തിക്കിലും തിരക്കിലും പെട്ട് നൂറുകണക്കിന് തീർത്ഥാടകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. 1954 ഫെബ്രുവരി ഏഴിന്, അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കമലകാന്ത വർമ്മയുടെ അധ്യക്ഷതയിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഒരു സമിതി രൂപീകരിച്ചു. മാസങ്ങൾ നീണ്ട സമഗ്രചർച്ചകൾക്ക് ശേഷം, 1954 ഡിസംബറിൽ അന്വേഷണ പാനൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന്റെ കാരണങ്ങൾ പരിശോധിക്കുക മാത്രമല്ല, ഭാവിയിൽ സംഗമത്തിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു.
എന്നാൽ 2025ലെ കുംഭമേളയിൽ അത്തരം ശുപാർശകളൊന്നും പാലിക്കപ്പെട്ടില്ല. ഇത് 1954ന് ശേഷം കുംഭമേള പ്രദേശത്ത് വന്‍ ദുരന്തം ആവർത്തിക്കുന്നതിലേക്ക് നയിച്ചു. ഈ വർഷം ദുരന്തം പ്രയാഗ്‌രാജിലെ കുംഭമേള പ്രദേശത്ത് മാത്രമായി ഒതുങ്ങിയില്ല. പ്രയാഗ്‌രാജിന് പുറത്തും ഭക്തർ ഉൾപ്പെടുന്ന നിരവധി അപകടങ്ങൾ സംഭവിച്ചു. ഫെബ്രുവരി 15ന് വൈകുന്നേരം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും ഉണ്ടായതാണ് ദാരുണമായ മറ്റൊരു സംഭവം. അപകടത്തില്‍ 18 പേർ മരിച്ചതായി റെയിൽവെ കണക്കുകൾ നൽകി. എന്നാൽ ഇവിടെയും മരിച്ചവരുടെ യഥാർത്ഥ എണ്ണം റെയിൽവേ നൽകിയ കണക്കുകളെക്കാൾ വളരെക്കൂടുതലാണെന്ന് അനൗദ്യോഗിക സ്രോതസുകൾ സൂചിപ്പിക്കുന്നു. സംഭവം നടക്കുമ്പോൾ ഒരു പൊലീസുകാരൻ പോലും അവിടെ ഉണ്ടായിരുന്നില്ല എന്നും ദൃക്‌സാക്ഷികൾ ചൂണ്ടിക്കാട്ടി. അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം അന്ന് വൈകുന്നേരം ആറിനും എട്ടിനും ഇടയിൽ പതിവിലും കൂടുതലായി 2,600 ടിക്കറ്റുകൾ വിറ്റതായി കാണിച്ചു. ന്യൂഡൽഹി സ്റ്റേഷനിൽ സാധാരണദിവസങ്ങളില്‍ വൈകുന്നേരം ആറിനും എട്ടിനും ഇടയിൽ ശരാശരി 7,000 ടിക്കറ്റുകളാണ് നല്‍കുന്നത്. അപകടം നടന്ന ദിവസം, 9,600 ൽ അധികം ജനറൽ ക്ലാസ് ടിക്കറ്റുകൾ നല്‍കി. ഈ രണ്ട് നിർണായക മണിക്കൂറുകൾക്കിടയിൽ അമിതമായി അൺറിസർവ്ഡ് ടിക്കറ്റ് നല്‍കുന്നതിൽ റെയിൽവേ ജാഗ്രത പാലിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു.
പ്രയാഗ്‌രാജിലെ കുംഭമേള പ്രദേശത്തും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും ഒക്കെ തിരക്ക് വർധിച്ചാൽ മുന്നറിയിപ്പിനുള്ള ആവശ്യമായ സൂചനകൾ ഉണ്ടായിരുന്നിട്ടും ഭരണകൂടം നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. അപകടത്തിന് ശേഷം മാത്രമാണ് യുപി സർക്കാരും റെയിൽവേയും ഉണർന്നത്. ഫെബ്രുവരി 16ന് മാത്രമാണ്, പ്രയാഗ്‌രാജിലെ കുംഭമേള അവസാനിക്കുന്നതുവരെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എട്ട് കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള സേനകളെയും ആർപിഎഫിൽ നിന്നും ഡൽഹി പൊലീസിൽ നിന്നുമുള്ള അധിക സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചത്. ഇത്തരം നടപടികൾ മുൻകൂട്ടി സ്വീകരിച്ചിരുന്നെങ്കിൽ കൂട്ടക്കുരുതികൾ ഒഴിവാക്കാമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.